മുക്കം: പുതിയ പരിഷ്കാരം മൂലം റദ്ദാക്കിയ കൊട്ടാരക്കര- ബത്തേരി സർവിസ് കെ.എസ്.ആർ.ടി.സി പുനരാരംഭിച്ചു. കൊട്ടാരക്കരയിൽനിന്ന് പെരിന്തൽമണ്ണ- താമരശ്ശേരി റൂട്ടിൽ ഓടുന്ന ബത്തേരി സൂപ്പർ ഡീലക്സ് സർവിസ് ആയിരുന്നു ഒരു മാസം മുമ്പ് റദ്ദാക്കിയത്. ഇതുസംബന്ധിച്ച് 12ന് മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് ബസ് സർവിസ് പുനരാരംഭിക്കാൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചത്. മാധ്യമം വാർത്ത കെ.എസ്.ആർ.ടി.സി പേജിൽ പങ്ക് വെക്കുകയും ചെയ്തിരുന്നു.
ബസ് റദ്ദാക്കിയത് ക്രിസ്മസ്-പുതുവത്സര അവധി അടുത്തിരിക്കെ യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. ഒരു കിലോമീറ്ററിന് 35 രൂപയെങ്കിലും വരുമാനമില്ലാത്ത സർവിസുകൾ നിർത്തലാക്കാനുള്ള തീരുമാനത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. നിരവധി യാത്രക്കാർ ആശ്രയിക്കുന്ന ജില്ലയിലെ വിവിധ സർവിസുകളെയാണ് ഇത് ബാധിച്ചത്.
യാത്രക്കാരുടെ കൂട്ടായ്മകൾ ഇടപെട്ടതിനെ തുടർന്നാണ് കോവിഡിനെ തുടർന്ന് നിർത്തിവെച്ച താമരശ്ശേരി- പെരിന്തൽമണ്ണ റൂട്ടിൽ സർവിസ് പുനരാരംഭിച്ചത്. വടകര ഡിപ്പോയിൽനിന്ന് ഒരു മാസം മുമ്പ് ആരംഭിച്ച വടകര- കൊയിലാണ്ടി- ബാലുശ്ശേരി- താമരശ്ശേരി- മുക്കം- അരീക്കോട്- മഞ്ചേരി വഴി പാലക്കാട്ടേക്കുള്ള 2.50ന്റെ വടകര -പാലക്കാട് സർവിസ്, പെരിന്തൽമണ്ണ വഴിയുള്ള മറ്റൊരു സർവിസ്, 4.50ന്റെ മേലാറ്റൂർ വഴിയുള്ള വടകര- പാലക്കാട് സർവിസ് എന്നിവ പരിഷ്കാരത്തിന്റെ ഭാഗമായി നിർത്തിവെച്ചു. കെ.എസ്.ആർ.ടി.സി ഇല്ലാത്ത റൂട്ടിലൂടെ ആരംഭിച്ച വടകര ഡിപ്പോയുടെ പുതിയ സർവിസുകൾക്ക് പരിഷ്കാരം വലിയ തിരിച്ചടിയാണ് നൽകിയത്. താമരശ്ശേരി- പെരിന്തൽമണ്ണ റൂട്ടിൽ മണ്ണാർക്കാട് ഡിപ്പോ പുതുതായി ആരംഭിച്ച 6.20 മണ്ണാർക്കാട്– മാനന്തവാടി സർവിസ്, താമരശ്ശേരി ഡിപ്പോയുടെ 07.35നുള്ള താമരശ്ശേരി– എറണാകുളം സർവിസ് എന്നിവയൊന്നും ഒരു മാസമായി ഓടുന്നില്ല.
താമരശ്ശേരി ഡിപ്പോയിൽനിന്ന് അതിരാവിലെയുള്ള പാണ്ടിക്കാട്- മേലാറ്റൂർ വഴി പാലക്കാട്ടേക്കുള്ള സർവിസും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഈ സർവിസുകളും ഉടൻ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.