മുക്കം: ഇരുവഴിഞ്ഞിയുടെ വൈശ്യം പുറംകടവിൽ പാലത്തിനായുള്ള കാത്തിരിപ്പ് നീളുന്നു. കാരശ്ശേരി പഞ്ചായത്തിനേയും മുക്കം നഗരസഭയേയും ബന്ധിപ്പിച്ച് ഇവിടെ പാലം നിർമിക്കുന്നതിന് മൂന്നുതവണ തുക അനുവദിക്കുകയും ഒരു പ്രാവശ്യം ആഘോഷമായി പ്രവൃത്തി ഉദ്ഘാടനം നടത്തുകയും ചെയ്തെങ്കിലും പാലം ഇപ്പോഴും മരീചികയാണ്. 20 വർഷം മുമ്പ് കാരശ്ശേരി പഞ്ചായത്ത് തൂക്കുപാലം നിർമിക്കുന്നതിന് മൂന്ന് ലക്ഷവും 2016ൽ കോൺക്രീറ്റ് പാലത്തിനായി സർക്കാർ രണ്ട് കോടിയും അനുവദിച്ചെങ്കിലും നടപ്പായില്ല. തുടർന്ന് ജോർജ് എം. തോമസ് എം.എൽ.എ ആയിരിക്കെ ആസ്തിവികസന ഫണ്ടിൽനിന്ന് തൂക്കുപാലത്തിനായി 1.34 കോടി അനുവദിക്കുകയും 2021 ഫെബ്രുവരി 16ന് പ്രവൃത്തി ഉദ്ഘാടനം നടത്തുകയും ചെയ്തു.
പൊതുമേഖലാ സ്ഥാപനമായിരുന്ന സിൽക്കിനായിരുന്നു കരാർ. എന്നാൽ, പദ്ധതി സ്വപ്നമായി അവശേഷിച്ചു. കടവ് വരെ നാലര മീറ്റർ വീതിയിൽ റോഡുണ്ട്. കോൺക്രീറ്റ് പാലം വരികയാണെങ്കിൽ അപ്രോച്ച് റോഡിനായി സ്ഥലം നൽകാൻ ഭൂ ഉടമകൾ തയാറാണ്. പാലം വന്നാൽ കാരശ്ശേരി പഞ്ചായത്തിലെ ചിപ്പാൻ കുഴി, വൈശ്യം പുറം, നാഗേരികുന്ന് ഭാഗത്തെയും മുക്കം നഗരസഭയിലെ കച്ചേരി, ആറ്റുപുറം, കുറ്റിപ്പാല, മാമ്പറ്റ പ്രദേശങ്ങളിൽ എത്താൻ എളുപ്പമാകും. നിലവിൽ കിലോമീറ്ററുകൾ ചുറ്റേണ്ട സ്ഥിതിയാണ്.
മുക്കം നഗരത്തിലെ തിരക്കിൽപെടാതെ മെഡിക്കൽ കോളജ്, കോഴിക്കോട്, കരിപ്പൂർ എയർപോർട്ട്, എം.എ.എം.ഒ കോളജ്, കെ.എം.സി.ടി എന്നിവിടങ്ങളിലേക്കായി പ്രധാന റോഡിലെത്താനുള്ള ബൈപാസ് ആയും ഇത് ഉപകാരപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.