മുക്കം: മുസ്ലിം ലീഗ് വിമതന്റെ പിന്തുണയോടെ ഇടതുമുന്നണി ഭരിക്കുന്ന മുക്കം നഗരസഭയിൽ ഭരണ പ്രതിസന്ധി. കഴിഞ്ഞ ദിവസം നടന്ന ഭരണ സമിതി യോഗത്തിൽ യു.ഡി.എഫ് വിമതൻ പ്രതിപക്ഷത്തോടൊപ്പംനിന്ന് നിലപാടെടുത്തതാണ് ഭരണപക്ഷത്തെ വെട്ടിലാക്കിയത്.
പുതിയ ഹരിത കർമസേനാംഗങ്ങളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയിലാണ് ലീഗ് വിമതൻ അബ്ദുൽ മജീദ് പ്രതിപക്ഷ നിലപാടിനൊപ്പം നിന്നത്. നിലവിൽ 35 ഹരിത കർമസേനാംഗങ്ങളാണ് നഗരസഭയിലുള്ളത്. എന്നാൽ, മാലിന്യ ശേഖരണവും സംസ്കരണവുമുൾപ്പെടെ കൂടുതൽ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ പത്തുപേരെ കൂടി എടുക്കാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ, നിലവിൽ ഹരിത കർമസേനാംഗങ്ങളുള്ള ഡിവിഷനുകളിൽനിന്ന് തന്നെയാണ് പുതുതായി തെരഞ്ഞെടുത്തതെന്നും തന്റെ ഡിവിഷനായ ഇരട്ടകുളങ്ങര ഡിവിഷനിൽനിന്ന് ഒരാൾ പോലും ഹരിത കർമസേനയിൽ ഇല്ലെന്നും അബ്ദുൽ മജീദ് പറഞ്ഞു. മറ്റ് ഡിവിഷനുകളിലും ഈ പ്രശ്നം നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹരിത കർമസേനാംഗങ്ങളെ തിരഞ്ഞെടുക്കാൻ കുടുംബശ്രീയെയാണ് നഗരസഭ ചുമതലപ്പെടുത്തിയതെന്നും എന്നാൽ ഇത്തരത്തിലൊരു സർക്കാർ നിർദേശം ഇല്ലെന്നും അബ്ദുൽ മജീദ് പറഞ്ഞു. നഗരസഭയിൽ ഹരിത കർമസേനക്ക് പിൻവാതിൽ നിയമനമെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.
നിലവിൽ ലീഗ് വിമതന്റെ ഉൾപ്പെടെ പിന്തുണയിൽ നേരിയ ഭൂരിപക്ഷത്തിനാണ് ഇടതുമുന്നണി നഗരസഭ ഭരിക്കുന്നത്. 33 അംഗങ്ങളുള്ള നഗരസഭയിൽ എൽ.ഡി.എഫിന് പതിനാറും യു.ഡി.എഫിന് 12 ഉം വെൽഫെയർ പാർട്ടിക്ക് മൂന്നും ബി.ജെ.പിക്ക് രണ്ടും സീറ്റുമാണുള്ളത്.
ലീഗ് വിമതന്റെ പിന്തുണയോടെ ഇതുവരെ നഗരസഭ ഭരിച്ചിരുന്ന എൽ.ഡി.എഫിന് വലിയ ഭൂരിപക്ഷം ഇല്ലാത്തത് നിരവധി പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. പദ്ധതി വിതരണം ചെയ്തതിൽ പക്ഷപാതം കാണിക്കുന്നതായി ആരോപിച്ച് യു.ഡി.എഫ് അംഗങ്ങൾ നേരത്തെ ഹൈകോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് വാങ്ങിയെടുക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.