മുക്കം: വാർഷിക പദ്ധതികളുടെ റിവിഷന് സർക്കാർ അനുമതി ലഭിക്കാത്തത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവർത്തനങ്ങൾ താളംതെറ്റുന്നതിന് കാരണമാവുന്നു. 2023-24 സാമ്പത്തിക വർഷം അവസാനിക്കാൻ അഞ്ചുമാസം മാത്രം ശേഷിക്കേ സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് പ്രശ്നത്തിന് കാരണം.
മുൻ വർഷങ്ങളിൽ ഈ സമയം മൂന്ന് തവണയെങ്കിലും റിവിഷൻ നടന്നിരുന്നു. എന്നാൽ, ഈ സാമ്പത്തിക വർഷം ഇതുവരെ ഒറ്റ റിവിഷൻ പോലും നടന്നിട്ടില്ല. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളെയാണ്. ഓരോ പഞ്ചായത്തും വാർഷിക പദ്ധതി സമർപ്പിക്കുമ്പോൾ വകയിരുത്തിയ തുകക്ക് മാറ്റം വരുത്താനോ പുതിയ ഏതെങ്കിലും പദ്ധതികൾ കൂട്ടിച്ചേർക്കാനോ ഒഴിവാക്കാനോ റിവിഷനിലൂടെ സാധിക്കും.
വാർഷിക പദ്ധതി തയാറാക്കുമ്പോൾ പല പഞ്ചായത്തുകൾക്കും ലൈഫ് ഗുണഭോക്താക്കളിൽ എത്രപേർക്ക് കരാർ വെക്കാം എന്ന നിർദേശം വന്നിരുന്നില്ല. അതിനാൽ പല പഞ്ചായത്തുകൾക്കും പദ്ധതിയിൽ വായ്പ തുക കൃത്യമായി രേഖപ്പെടുത്താൻ സാധിച്ചിരുന്നില്ല. ഇപ്പോൾ പദ്ധതിയിൽ കാണിച്ച തുക മുഴുവനായി വിതരണം ചെയ്തു കഴിയുകയും ചെയ്തു. ഇനി തുക നൽകണമെങ്കിൽ പദ്ധതി റിവിഷനിൽ തുക വർധിപ്പിച്ച് കാണിക്കണം. ഇതിന് സർക്കാറിൽനിന്ന് അനുമതി ലഭിച്ചുകഴിഞ്ഞാൽ മാത്രമേ ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കൾക്ക് തുടർന്ന് പണം നൽകാൻ സാധിക്കുകയുള്ളൂ. ഇത് വ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായിട്ടുണ്ട്.
2023-24 സാമ്പത്തിക വർഷം അവസാനിക്കാൻ അഞ്ചുമാസം മാത്രം ശേഷിക്കേ സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയാണ് പ്രശ്നങ്ങൾക്ക് കാരണം.
നാല് ഘട്ടങ്ങളായാണ് ലൈഫ് ഗുണഭോക്താക്കൾക്ക് പണം ലഭിക്കുന്നത്. എഗ്രിമെന്റ് വെച്ച് കഴിഞ്ഞാൽ 40,000 രൂപയും തറ പണി പൂർത്തിയായാൽ 1,60,000 രൂപയും പടവ് പൂർണമായാൽ മെയിൻ സ്ലാബിന് ഒരുലക്ഷം രൂപയും ലഭിക്കും. പിന്നീട് വീടുപണി പൂർത്തീകരിച്ച് പഞ്ചായത്ത് നമ്പർ അനുവദിച്ചതിനുശേഷം ഒരുലക്ഷം രൂപയും ലഭിക്കും. പല ലൈഫ് പദ്ധതി ഗുണഭോക്താക്കളും പഴയ വീട് പൊളിച്ച് വാടകക്കും ബന്ധുവീടുകളിലും താമസിക്കുന്നവരാണ്. 2020ല് അപേക്ഷ സമർപ്പിച്ചു കാത്തിരിക്കുന്നവരുടേതടക്കം 2022 ആഗസ്റ്റിലാണ് സർക്കാർ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. അന്തിമ പട്ടിക വന്ന് ഒരുവർഷം കഴിഞ്ഞിട്ടും എഗ്രിമെന്റ് വെച്ചവർ വീട് പണി എന്ന് പൂർത്തിയാകുമെന്ന ആശങ്കയോടെയാണ് ഇപ്പോൾ പഞ്ചായത്ത് ഓഫിസുകൾ കയറിയിറങ്ങുന്നത്. സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധി നീണ്ടുപോയാൽ ലൈഫ് ഗുണഭോക്താക്കൾക്ക് ഇനിയും ദീർഘനാൾ വീടുപണി പൂർത്തീകരിക്കുന്നതിന് കാത്തിരിക്കേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.