മുക്കം: അങ്ങാടിയിലെ കെട്ടിടങ്ങൾക്കും വൈദ്യുതി ലൈനിനു മുകളിലുമിരിക്കുന്ന പ്രാവുകൾ ഇപ്പോൾ ഒരാളെ മാത്രമാണ് കാത്തിരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തോളമായി 150ലേറെ പ്രാവുകൾക്ക് മൂന്നു നേരവും തീറ്റ നൽകുന്ന സഞ്ജയ് സേട്ടു എന്ന മഹാരാഷ്ട്ര സ്വദേശിയെ. മുക്കത്തെ സ്വർണപ്പണിക്കാരനാണ് പരശുറാം മഗർ ബാബു എന്ന സഞ്ജയ് സേട്ടു. സ്വർണപ്പണിക്കായി കേരളത്തിലെത്തിയ സഞ്ജയ് സേട്ടു 20 വർഷംമുമ്പാണ് മുക്കത്തെത്തുന്നത്. മുക്കം അഭിലാഷ് ജങ്ഷനിലെ തന്റെ കടയുടെ തൊട്ടടുത്ത കെട്ടിടത്തിന് മുകളിൽ ബാക്കി വരുന്ന ഭക്ഷണം കൊണ്ടുവെച്ചായിരുന്നു തുടക്കം.
ആദ്യം രണ്ടോ മൂന്നോ പ്രാവുകൾ മാത്രമായിരുന്നു വന്നിരുന്നത്. പിന്നീട് എണ്ണം വർധിച്ചു. ഒരുവർഷമായി 150ലേറെ പ്രാവുകളാണ് നിത്യേന ഭക്ഷണം കഴിക്കാനെത്തുക. ആദ്യമൊക്കെ റേഷൻ കടയിൽ നിന്നുമെല്ലാം കിട്ടുന്ന ഗോതമ്പ് ആയിരുന്നു നൽകിവന്നിരുന്നത്. എന്നാൽ, പ്രാവുകളുടെ എണ്ണം വർധിച്ചതോടെ ഇത് തികയാതായി. ഇപ്പോൾ ഒരു ദിവസം നാല് കിലോ ഗോതമ്പ് എങ്കിലും വേണം ഇവർക്ക് മൂന്നുനേരം തീറ്റ നൽകാൻ. കടയിൽ നിന്നും വിലകൊടുത്തു വാങ്ങിയാണ് ഇപ്പോൾ പ്രാവുകൾക്ക് തീറ്റ നൽകുന്നത്.
പ്രാവുകൾക്ക് തീറ്റ നൽകുമ്പോൾ മാനസികമായും സാമ്പത്തികമായും ദൈവം അഭിവൃദ്ധി നൽകുന്നുവെന്നാണ് സഞ്ജയ് സേട്ടു പറയുന്നത്. ഭാര്യയും നാലു കുട്ടികളും അടങ്ങുന്ന കുടുംബത്തോടൊപ്പം മുക്കം മാമ്പറ്റയിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.