മുക്കം: മാറിവന്ന സർക്കാറുകളും എം.എൽ.എമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും വാക്കുനൽകിയെങ്കിലും നഗരസഭയിലെ ചേന്ദമംഗലൂർ മംഗലശ്ശേരി തോട്ടം നിവാസികളുടെ പട്ടയപ്രശ്നത്തിന് പരിഹാരമായില്ല.
തിരുവമ്പാടിയില്‍ 60 പട്ടികവർഗ കുടുംബങ്ങള്‍ക്കുള്ള പട്ടയവിതരണ ചടങ്ങിൽ മംഗലശ്ശേരി തോട്ടം പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജന് പറഞ്ഞിരുന്നു. ഇതെങ്കിലും യാഥാർഥ്യമായാൽ 41 വര്‍ഷത്തോളമായി പട്ടയ സ്വപ്നവുമായി കഴിയുന്ന 240 കുടുംബങ്ങളുടെ കാത്തിരിപ്പിന് അറുതിയാകും. 61 പേരാണ് ഇപ്പോൾ ഇവിടെ വീടുവെച്ച് താമസിക്കുന്നത്. ബാക്കിയുള്ളവർ കൃഷിചെയ്തു പോരുന്നു. 1982 ഏപ്രിലിലാണ് 26 ഏക്കര്‍ സ്ഥലം പ്രദേശത്തെ പാവപ്പെട്ട 240 കുടുംബങ്ങള്‍ക്ക് 10 സെന്റ് വീതം സര്‍ക്കാര്‍ പതിച്ചു നല്‍കിയത്.
ചേന്ദമംഗലൂർ താഴക്കോട് വില്ലേജിൽപ്പെടുന്ന റി.സ.91, 99 എന്നീ നമ്പറുകളിൽപ്പെടുന്ന ഭൂമിയാണിത്. ഭൂമി വനം വകുപ്പിന്റെ പേരിലായതിനാൽ റവന്യൂ വകുപ്പിന് കൈമാറാനുള്ള നടപടി നീണ്ടുപോയതാണ് പട്ടയം ലഭിക്കാതിരിക്കാന്‍ കാരണമായത്. നിരവധി തവണ പ്രദേശവാസികള്‍ പ്രതിഷേധ സമരവും നിവേദനങ്ങളുമായി അധികൃതരെ സമീപിച്ചെങ്കിലും പരിഹാരമായില്ല. പ്രശ്നപരിഹാരം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടുവര്‍ഷം മുമ്പ് വാര്‍ഡ് കൗണ്‍സിലര്‍ ഫാത്തിമ കൊടപ്പന റവന്യൂ മന്ത്രി കെ. രാജന് നിവേദനം നല്‍കിയിരുന്നു.
പട്ടയം ഇല്ലാത്തതിനാൽ വിവിധ ആവശ്യങ്ങൾക്ക് അപേക്ഷ സമർപ്പിക്കാൻപോലും കഴിയാതെ പ്രദേശവാസികൾ ബുദ്ധിമുട്ടുകയാണ്. കിട്ടിയ ഭൂമിയിൽ വീടുവെക്കാൻ ലോൺപോലെയുള്ള നടപടികൾക്ക് രേഖകൾ സമർപ്പിക്കാനാവാതെ പട്ടയ പ്രതിസന്ധിയിൽ കുടുങ്ങി നട്ടം തിരിയുന്ന നിരവധി പേരും ഇക്കൂട്ടത്തിലുണ്ട്.
നിലവിലുള്ള ഭൂമിക്ക് പകരമായി സർക്കാറിന്റെ അധീനതയിലുള്ള കൊയിലാണ്ടി താലൂക്കിലെ ചക്കിട്ടപാറയിൽ അറുപത് ഏക്കർ റവന്യൂ ഭൂമി വനം വകുപ്പിന് വേണ്ടി വിട്ട് കൊടുക്കാമെന്നാണ് അധികൃതർ മുന്നോട്ടുവെച്ചിരുന്നത്.
സ്ഥല കൈമാറ്റ നടപടിക്രമങ്ങൾക്കുവേണ്ടി കോഴിക്കോട് ഡിവിഷനൽ ഫോറസ്റ്റ് ഓഫിസർ തിരുവനന്തപുരത്തെ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആൻഡ് നോഡൽ ഓഫിസർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു. അതേസമയം, 2017 ഡിസംബർ 12ന് അന്നത്തെ ജില്ല കലക്ടർ ഓൺലൈൻ മുഖേന പ്രശ്ന പരിഹാരത്തിന് കത്ത് നൽകിയിരുന്നെങ്കിലും വീണ്ടും നടപടികൾ നീണ്ടുപോകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.