മുക്കം: ശുചിത്വ-മാലിന്യ സംസ്കരണ മേഖലയിൽ മികച്ച പദ്ധതികൾ നടപ്പാക്കി മുക്കം നഗരസഭ സമ്പൂർണ മാലിന്യമുക്ത -ഹരിത നഗരസഭയാകുന്നു. ബുധനാഴ്ച വൈകീട്ട് മൂന്നിന് മുക്കം മിനി പാർക്കിൽ നടക്കുന്ന ചടങ്ങിൽ ലിന്റോ ജോസഫ് എം.എൽ.എ പ്രഖ്യാപനം നടത്തും. മാലിന്യ മുക്തമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ഒട്ടേറെ പദ്ധതികളാണ് നഗരസഭ നടപ്പാക്കിയത്.
സർക്കാർ അനുവദിച്ച 3.25 കോടി രൂപ ഉപയോഗപ്പെടുത്തി മുക്കത്തെ ഹരിത നഗരസഭയായി നിലനിർത്താൻ വിപുല പദ്ധതികളാണ് ആവിഷ്കരിച്ചതെന്ന് ചെയർമാൻ പി.ടി. ബാബു വാർത്തസമ്മേളനത്തിൽ അറിയിച്ചു.
നഗര സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ഡിവൈഡറുകളിൽ പൂച്ചെടികൾ വെച്ചുപിടിപ്പിച്ചും കൈവരികൾ പെയിന്റടിച്ചും മോടിപിടിപ്പിച്ചു. മിനി സിവിൽ സ്റ്റേഷൻ, അഗ്നിരക്ഷനിലയം ഓഫിസ്, വില്ലേജ് ഓഫിസ് തുടങ്ങിയവയുടെ മതിലുകളിൽ ശുചിത്വ ചിത്രങ്ങളും സന്ദേശങ്ങളും ആലേഖനം ചെയ്തു.
എസ്.കെ പാർ ക്കിലും മിനി പാർക്കിലും സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ നടത്തി. സ്റ്റീൽ ബിന്നും പ്ലാസ്റ്റിക് ബിന്നും നഗരസഭയിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. പൊതുകിണറുകളുടെ പരിസരം പെയിന്റടിച്ച് ആകർഷകമാക്കി. മാലിന്യം വലിച്ചെറിഞ്ഞാലും കത്തിച്ചാലുമുള്ള പിഴയും ശിക്ഷയും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യവും വിശദീകരിച്ച് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.
വീടുകളിലെ അജൈവ മാലിന്യം വേർതിരിച്ച് സൂക്ഷിക്കുന്നതിന് ഒരുചാക്കും 60 ലിറ്ററിന്റെ പ്ലാസ്റ്റിക് ബിന്നും എല്ലാ വീടുകളിലും സൗജന്യമായി വിതരണം ചെയ്യും. നഗരസഭയിലെ ആറ് സ്ഥലങ്ങളിൽ കണ്ടെയ്നർ എം.സി.എഫ് സ്ഥാപിക്കുന്ന പ്രവൃത്തി അവസാന ഘട്ടത്തിലാണ്. എല്ലാ ഡിവിഷനുകളിലും മിനി എം.സി.എഫുകൾ സ്ഥാപിച്ചു.
വിവിധ ഡിവിഷനുകളിലായി 75 കുപ്പിക്കൂടുകൾ സ്ഥാപിക്കും. ജൈവമാലിന്യ സംസ്കരണത്തിനായി റിങ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാൻറ്, കിച്ചൺ ബിൻ എന്നിവ വിതരണം ചെയ്തിട്ടുണ്ട്. 60 ലക്ഷം രൂപ ചെലവിൽ 42 ഇടത്ത് സി.സി.ടി.വി കാമറകൾ സ്ഥാപിക്കും. ഇത് ഏപ്രിലിൽ പ്രവർത്തനക്ഷമമാകും.
ഓരോ ഡിവിഷനിലും ശുചീകരണ പ്രവൃത്തിയും സൗന്ദര്യവത്കരണ പ്രവൃത്തിയും നടത്തി വാർഡുകളെ മാലിന്യമുക്തമാക്കി പ്രഖ്യാപിക്കുന്ന നടപടികളിലൂടെയാണ് നഗരസഭ സമ്പൂർണ മാലിന്യമുക്ത പ്രഖ്യാപനത്തിലേക്ക് എത്തിച്ചേർന്നതെന്ന് ചെയർമാൻ പറഞ്ഞു.
ഡെപ്യൂട്ടി ചെയർപേഴ്സൻ കെ.പി. ചാന്ദ്നി, സ്ഥിരം സമിതി അധ്യക്ഷൻ ഇ. സത്യനാരായണൻ, പ്രജിത പ്രദീപ്, ക്ലീൻ സിറ്റി മാനേജർ സജി മാധവൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.