മുക്കം: നിർമിച്ച ഉൽപന്നങ്ങൾക്ക് വിപണി കണ്ടെത്താനാവാതെ ഭിന്നശേഷിക്കാർ ദുരിതത്തിൽ. തളർന്ന ശരീരവും തളരാത്ത മനസ്സുമായി ജീവിതത്തോട് പൊരുതുന്ന ഇവർ സ്കൂൾ വിപണിയുൾപ്പെടെ മുന്നിൽ കണ്ട് നിർമിച്ച വിവിധ തരം കുടകളും കലാസ് പേനകളും ഉൾപ്പെടെയുള്ള ഉൽപന്നങ്ങളാണ് വിപണി കണ്ടെത്താനാവാതെ കെട്ടിക്കിടക്കുന്നത്.
ചേന്ദമംഗലൂർ സ്വദേശി ഷമീർ, മുരിങ്ങംപുറായി സ്വദേശി മുഹമ്മദലി ഉൾപ്പെടെയുള്ളവരാണ് ഇത്തരത്തിൽ ബുദ്ധിമുട്ടുന്നത്. ഇവരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മയാണ് സാധനങ്ങൾ നിർമിക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് കവുങ്ങിൽ നിന്ന് വീണതിനെ തുടർന്നാണ് ഷമീറിന്റെ ജീവിതം വീൽചെയറിലായത്. വീട്ടിൽ ഷമീർ മാത്രമല്ല, ഉമ്മയും ഭാര്യയും ഭിന്നശേഷിക്കാരാണ്.
മാസംതോറും മരുന്ന് വാങ്ങാൻ തന്നെ വലിയ സംഖ്യ വേണം. സീസൺ മുന്നിൽക്കണ്ട് നിർമിച്ച പേനകളും കുടകളും വിപണിയില്ലാതെ കെട്ടിക്കിടക്കുകയാണെന്ന് ഇവർ പറയുന്നു. പലരിൽ നിന്നും കടം വാങ്ങിയാണ് നിർമാണ സാമഗ്രികൾ വാങ്ങിയത്.
ഉൽപന്നങ്ങൾ വിൽക്കാൻ കഴിയാതെ വന്നതോടെ പലരും കടത്തിലായി. പരസഹായത്താൽ ഇരുന്നും കിടന്നും നിർമിക്കുന്ന കുടകളായിരുന്നു ഇവരുടെ പ്രധാന ഉൽപന്നം. കടലാസ് പേന, ഫാൻസി സാധനങ്ങളും നിർമിക്കാറുണ്ട്.
വീട്ടിൽ വീൽചെയറിലിരുന്ന് നിർമിക്കുന്ന കുടകൾ ബസ് സ്റ്റാൻഡുകളിലെത്തിച്ചും പാലിയേറ്റിവ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾ മുഖേനയുമായിരുന്നു വിൽപന നടത്തിയിരുന്നത്. ഭിന്നശേഷിക്കാർ മുച്ചക്ര വാഹനത്തിൽ വീടുകളിൽ നേരിട്ടെത്തി വിൽപന നടത്തുകയും ചെയ്തിരുന്നു.
കോഴിക്കോട് ജില്ലയിൽ മാത്രം ഇരുനൂറിലേറെ ഭിന്നശേഷിക്കാരാണ് സ്വയംതൊഴിൽ ഇല്ലാതായി ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ബുദ്ധിമുട്ടുന്നത്. സർക്കാർ നൽകുന്ന പെൻഷൻ മാത്രമാണ് ഇവരുടെ ഏക ആശ്രയം. ഈ തുകയാണെങ്കിൽ മരുന്ന് വാങ്ങാൻപോലും തികയില്ല.
കടക്കെണിയിൽനിന്ന് രക്ഷനേടാനും ജീവിതം മുന്നോട്ട് തള്ളിനീക്കാനും ഇവർക്ക് പരസഹായം കൂടിയേ തീരൂ എന്നുള്ള അവസ്ഥയാണ്. ആരെങ്കിലുമൊക്കെ സഹായിക്കുമെന്ന പ്രതീക്ഷയിലാണിവർ. ഫോണിൽ ബന്ധപ്പെടുന്നവർക്ക് കുടകൾ ഉൾപ്പെടെ എത്തിച്ചുകൊടുക്കുമെന്നും സുമനസ്സുകളുടെ വിളിയിലാണ് ഏക പ്രതീക്ഷയെന്നും ഷമീർ ചേന്ദമംഗലൂർ പറഞ്ഞു. ഫോൺ നമ്പർ: 9645861715.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.