കോഴിക്കോട്: നിരവധി സ്ഥാപനങ്ങളും നഗരത്തിലെ പ്രധാന മുസ്ലിം ആരാധനാലയവും സ്ഥിതിചെയ്യുന്ന മർകസ് കോംപ്ലക്സിൽ ബുധനാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തിൽ ഒഴിവായത് വൻ അപകടം. മർകസ് പള്ളിയോട് ചേർന്ന പടിഞ്ഞാറു ഭാഗത്തെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ഐഡിയൽ അസോസിയേഷൻ ഫോർ മൈനോറിറ്റി എജുക്കേഷന്റെ (ഐ.എ.എം.ഇ) ഓഫിസിലാണ് തീപിടിച്ചത്.
രാത്രി 11 മണിക്കുണ്ടായ തീപിടിത്തത്തിൽ മുകളിലത്തെ നിലയിലെ ഷീറ്റിട്ട മേൽക്കൂര പൂർണമായും നശിച്ചു. ഓഫിസിലുണ്ടായിരുന്ന പുസ്തകങ്ങളും ഫർണിച്ചറുകളും എ.സിയുമെല്ലാം നശിച്ചവയിൽപെടും. ബീച്ച്, മീഞ്ചന്ത സ്റ്റേഷനുകളിൽനിന്നെത്തിയ നാല് അഗ്നിശമന യൂനിറ്റുകൾ ഒന്നര മണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്.
വടക്കു പടിഞ്ഞാറ് മൂലക്കുള്ള ഓഫിസിലാണ് തീ ആളിപ്പടർന്നത്. ഈ ഭാഗത്ത് ഫയർ എൻജിന് കടന്നുവരാൻ കഴിയാത്തവിധം ഇടുങ്ങിയ നിലയിലായതിനാൽ തെക്കുവശത്തുകൂടി ഏറെ പണിപ്പെട്ടാണ് ഫയർ എൻജിനുകൾ തീപിടിത്ത സ്ഥലത്തെത്തിച്ചത്.
നിരവധി കച്ചവട സ്ഥാപനങ്ങളും ഓഫിസുകളും പ്രവർത്തിക്കുന്ന കോംപ്ലക്സാണിത്. അഗ്നിശമന സേന തക്ക സമയത്ത് ഇടപെട്ടില്ലായിരുന്നുവെങ്കിൽ വലിയ ദുരന്തത്തിന് കാരണമാകുമായിരുന്നു. നഗരത്തിൽ ഏറ്റവും കൂടുതൽ ആളുകൾ പ്രാർഥനക്കെത്തുന്ന പള്ളിയാണ് മർകസ്. പള്ളിയിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും തീ പടരാതെ കെടുത്താൻ കഴിഞ്ഞത് ആശ്വാസമായി.
തീപിടിത്തമുണ്ടായ ഓഫിസിന് തൊട്ടുതാഴെയാണ് പള്ളിയുടെ ജനറേറ്റർ സ്ഥാപിച്ചിരിക്കുന്നത്. താഴേക്ക് തീപ്പൊരി വീഴുകയാണെങ്കിൽ ഡീസലിൽ പ്രവർത്തിക്കുന്ന ജനറേറ്ററിലേക്കും തീ പടരാനിടയുണ്ടായിരുന്നു. ലീഡിങ് ഫയർമാൻ എം. പൗലോസിന്റ നേതൃത്വത്തിൽ അഗ്നിശമന സേന ഉണർന്നു പ്രവർത്തിച്ചതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. ഐ.എ.എം.ഇയുടെ ഓഫിസിലെ ഷോർട് സർക്യൂട്ടാണ് അപകടത്തിനു കാരണമെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.