കോഴിക്കോട്: കരമടച്ച രശീതില്ലെന്ന കാരണം പറഞ്ഞ് നഷ്ടപരിഹാരം നൽകാതെ ദേശീയ പാത ആറുവരിപ്പാതയാക്കാൻ വേണ്ടി സ്ഥലം ഏറ്റെടുത്തുവെന്ന ഹരജിയിൽ സർക്കാറിന് അടിയന്തര നോട്ടീസ്. തിരുവങ്ങൂർ മഹാഗണപതി ക്ഷേത്രം നടത്തിപ്പുകാരുടെ പരാതിയിൽ കൊയിലാണ്ടി മുൻസിഫ് കോടതിയാണ് നോട്ടീസ് പറപ്പെടുവിച്ചത്.
ഭൂമി പരിശോധിക്കാൻ സർവേയറെയും അഡ്വക്കറ്റ് കമീഷണറെയും നിയമിച്ച കോടതി കേസ് വീണ്ടും നവംബർ 30 ന് പരിഗണിക്കും. ദേശീയ പാത വികസനത്തിനായി തങ്ങൾക്കവകാശപ്പെട്ട 1.45 സെന്റ് സ്ഥലത്ത് നിർമാണ പ്രവർത്തനം നടത്തിയെന്ന് കാണിച്ച് അഡ്വ. എ.കെ. സുകുമാരൻ മുഖേന നൽകിയ ഹരജിയിലാണ് നടപടി. സ്ഥലത്ത് നിർമാണ പ്രവർത്തനം ആരംഭിച്ചതിനെത്തുടർന്ന് തഹസിൽദാറുമായി ബന്ധപ്പെട്ടപ്പോൾ കരമടച്ച രശീതില്ലാത്തതിനാൽ നഷ്ടപരിഹാരം നൽകാനാവില്ലെന്നായിരുന്നു മറുപടിയെന്ന് ഹരജിയിൽ പറയുന്നു.
ക്ഷേത്രത്തിന്റെ സ്ഥലമായതിനാൽ കരമടക്കാറില്ലെന്നും നേരത്തേ റോഡിന് സ്ഥലം ഏറ്റെടുത്തപ്പോൾ തഹസിൽദാർ പണം കോടതിയിൽ കെട്ടിവെക്കുകയായിരുന്നുവെന്നും കാണിച്ചാണ് ഹരജി.
ദേശീയപാത ആറുവരിപ്പാതയാക്കുന്നതിനായി നിർമിച്ച സർവിസ് റോഡ് പണിത സ്ഥലമാണിപ്പോൾ തർക്കത്തിലായത്. തിരുവങ്ങൂർ മഹാ ഗണപതി ക്ഷേത്രം ട്രസ്റ്റി പി.വി. വേണു, ക്ഷേത്രക്കമ്മറ്റി പ്രസിഡന്റ് പി.വി. ചന്ദ്രൻ എന്നിവർ കേന്ദ്ര സർക്കാർ, ദേശീയ പാത അതോറിറ്റി, പ്രോജക്ട് ഡയറകട്ർ, എക്സിക്യൂട്ടിവ് എൻജിനീയർ, സംസ്ഥാന സർക്കാർ, ജില്ല കലക്ടർ, സ്ഥലമെടുപ്പ് സ്പെഷൽ തഹസിൽദാർ, കരാറുകാർ തുടങ്ങിയവരെ എതിർ കക്ഷികളാക്കിയാണ് ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.