കോഴിക്കോട്: കാലങ്ങളായി മാലിന്യക്കൂമ്പാരമായിക്കിടന്നിരുന്ന ഇടങ്ങൾ, മൂക്കുപൊത്തി മാത്രം നാം നടന്നിരുന്ന വഴികൾ... ഇവിടങ്ങളിൽ പുഞ്ചിരിച്ചുനിൽക്കുന്ന പൂക്കൾ കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവാത്തതാണ്. അത്തരം പദ്ധതിക്ക് ജില്ലയിൽ തുടക്കമായി.
ജില്ലയിലെ എൻ.എസ്.എസ് യൂനിറ്റുകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജില്ല ശുചിത്വ മിഷനോടൊപ്പം ചേർന്നാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ കണ്ടെത്തി നൽകുന്ന മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ എൻ.എസ്.എസ് യൂനിറ്റുകൾ വൃത്തിയാക്കി സ്നേഹാരാമങ്ങളാക്കി മാറ്റുകയാണ് ചെയ്യുക. സ്ഥലങ്ങൾ കണ്ടെത്തിനൽകുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്.
മാലിന്യം വലിച്ചെറിയുന്ന സംസ്കാരം നിരുത്സാഹപ്പെടുത്തുക, മാലിന്യ ഉൽപാദനം കുറക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. വൃത്തിയാക്കിയ ഇടങ്ങളിൽ വീണ്ടും മാലിന്യം നിക്ഷേപിക്കാതിരിക്കാനായി പൂച്ചെടികൾ നടുകയും ചുമർചിത്രങ്ങളും ഇരിപ്പിടങ്ങളും ബോർഡുകളും സ്ഥാപിക്കുകയും ചെയ്ത് കൂടുതൽ ആകർഷകമാക്കുകയും ചെയ്യും.
സംസ്ഥാന തലത്തിൽ 3000 സ്നേഹാരാമങ്ങൾ നിർമിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലയിൽ ഗ്രാമപഞ്ചായത്തുകളിലും നഗരസഭകളിലുമായി നൂറിലധികം സ്നേഹാരാമങ്ങൾ നിർമിക്കുമെന്ന് ജില്ല ശുചിത്വ മിഷൻ കോഓഡിനേറ്റർ ഗൗതമൻ പറഞ്ഞു. ഏറാമല, ആയഞ്ചേരി, വില്യാപ്പള്ളി, മണിയൂർ, തിരുവള്ളൂർ, നൊച്ചാട്, കായണ്ണ, ചക്കിട്ടപ്പാറ, അരിക്കുളം, നരിക്കുനി, പെരുമണ്ണ, നടുവണ്ണൂർ, കൊയിലാണ്ടി മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ പദ്ധതി ആരംഭിച്ചു.
ഒരു എൻ.എസ്.എസ് യൂനിറ്റിന് അയ്യായിരം രൂപ എന്ന രീതിയിൽ പദ്ധതിക്കായി ജില്ല ശുചിത്വമിഷന്റെ ധനസഹായം ലഭ്യമാണ്. അധിക ഫണ്ടുകൾ ആവശ്യമുണ്ടെങ്കിൽ സ്പോൺസർമാർ വഴി കണ്ടെത്താവുന്നതാണ്. വൃത്തിയാക്കാനായി എൻ.എസ്.എസ് വളന്റിയർമാർക്കൊപ്പം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഹരിതകർമസേനയും തൊഴിലുറപ്പ് തൊഴിലാളികളും പങ്കാളികളാവും. മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായാണ് പദ്ധതി. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ആരംഭിച്ച പദ്ധതി ഡിസംബർ 31ഓടെ പൂർത്തിയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.