കോഴിക്കോട്: ചേവായൂരില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള ജില്ല ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണം ഉടന്‍ ആരംഭിക്കും. ചേവായൂരിലെ സര്‍ക്കാര്‍ ത്വഗ്രോഗാശുപത്രിയുടെ ഭൂമിയില്‍നിന്ന് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് വിട്ടുനല്‍കിയ അഞ്ച് ഏക്കര്‍ സ്ഥലത്താണ് നിര്‍മാണം. സ്റ്റേഡിയത്തിന് ഒളിമ്പ്യൻ റഹ്മാന്റെ പേര് നൽകും. സ്റ്റേഡിയത്തിനുള്ള സ്ഥലം കായിക മന്ത്രി വി.അബ്ദുറഹ്മാന് സന്ദര്‍ശിച്ചു. ആശുപത്രിയുടെ വികസന സാധ്യതകളും മുന്നില്‍ കണ്ടുകൊണ്ടാകണം നിര്‍മാണമെന്നും പതിവ് രീതിയില്‍നിന്ന് മാറി നിര്‍മാണത്തില്‍ വ്യത്യസ്തത കൊണ്ടുവരണമെന്നും മന്ത്രി പറഞ്ഞു.
സ്റ്റേഡിയം നിര്‍മിക്കുന്നതിന് പൊളിച്ചുനീക്കുന്ന കെട്ടിടങ്ങള്‍ക്ക് പകരമായി പുതിയ കെട്ടിടം ഹോസ്പിറ്റലിന് നിര്‍മിച്ചുനല്‍കും. പുതിയ കെട്ടിടങ്ങളുടെ നിര്‍മാണത്തിനുശേഷം മാത്രമേ ആശുപത്രി കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുകയുള്ളു.
കിഫ്ബിയിലുള്‍പ്പെടുത്തി പദ്ധതി തുടങ്ങാനാണ് തീരുമാനം. 60 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. മുന്‍ എം.എല്‍.എ എ. പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ പദ്ധതി രൂപരേഖ തയാറാക്കിയിരുന്നു. ഇത് പരിശോധിച്ച് വിശദ പദ്ധതി രേഖ (ഡി.പി.ആര്) തയാറാക്കാന്‍ നിര്‍വഹണ ഏജന്‍സിയായ കിറ്റ്കോയോട് മന്ത്രി നിര്‍ദേശിച്ചു. ത്വഗ്രോഗാശുപത്രി വികസന സമിതിക്ക് 50 ലക്ഷം രൂപ സ്ഥിരനിക്ഷേപം നൽകും. നിക്ഷേപത്തിന്റെ പലിശ രോഗികളുടെ ക്ഷേമത്തിനായി വിനിയോഗിക്കും.
ഇൻഡോർ സ്റ്റേഡിയം, നീന്തൽക്കുളം, അഡ്മിൻ ബ്ലോക്ക്, കായിക വകുപ്പിന്റെ മേഖല ഓഫിസ് എന്നിവ ഇൻഡോർ സ്റ്റേഡിയം സമുച്ചയത്തിലുണ്ടാകും. സംസ്ഥാന കായിക വകുപ്പിന്റെ മേഖല ഓഫിസ് അടുത്ത മാസം മുതൽ കോഴിക്കോട്ട് പ്രവർത്തനം തുടങ്ങും. വിശദ പദ്ധതിരേഖ തയാറാക്കുന്നതിൽ വീഴ്ചയുണ്ടെന്നാണ് കായിക വകുപ്പിന്റെ വിലയിരുത്തൽ. ചേവായൂരിൽ 130 കോടിയോളം രൂപ മുടക്കി ഇൻഡോർ സ്റ്റേഡിയം നിർമിക്കാനുള്ള ശ്രമം ഉപേക്ഷിച്ചാണ് പുതിയ പദ്ധതി തുടങ്ങുന്നത്.
തോട്ടത്തില്‍ രവീന്ദ്രന് എം.എല്‍.എ, മുന്‍ എം.എല്‍.എ എ. പ്രദീപ് കുമാര്‍, കോര്പറേഷന് കൗണ്‍സിലര്‍ പി.എന്‍. അജിത, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡൻറ് മേഴ്സിക്കുട്ടന്‍, ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡൻറ് ഒ. രാജഗോപാല്‍, വൈസ് പ്രസിഡൻറ് ഡോ. റോയ് ജോണ്‍, സെക്രട്ടറി എസ്. സുലൈമാന്‍, ത്വഗ്രോഗ ആശുപത്രി സൂപ്രണ്ട് ഡോ. സരള നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സ്പോർട്സ് കൗൺസിലിെൻറ നേതൃത്വത്തിൽ മന്ത്രിക്ക് മാനാഞ്ചിറ സ്പോർട്സ് കൗൺസിൽ ഹാളിൽ സ്വീകരണവും നൽകി. മന്ത്രി അഹമ്മദ് ദേവർകോവിൽ, കാനത്തിൽ ജമീല എം.എൽ.എ, ജില്ല കലക്ടർ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.