കോഴിക്കോട്: ഓട്ടോക്കാരോട് കഥ പറഞ്ഞ് ഓട്ടോയിൽ കറങ്ങുന്ന മാവേലി. കോഴിക്കോട് ബീച്ചിൽ മാത്രം ലഭിക്കുന്ന ഉപ്പിലിട്ടതും ഐസൊരതിയും. ഇവ വിൽക്കുന്ന ഉന്തുവണ്ടി. തൊട്ടടുത്തായി ഇതു സസൂക്ഷ്മം വീക്ഷിക്കുന്ന പുലിക്കളി രൂപം. കോഴിക്കോട് ബീച്ചിലെ ഓണാഘോഷവുമായി ബന്ധപ്പെട്ട് സംഘാടകസമിതി ചുമരുകളിൽ തീർത്ത ഓണക്കാഴ്ചകളാണിത്.
ഡി.ടി.പി.സിയും പ്രൊവിഡൻസ് വുമൺസ് കോളജിലെ ട്രാവൽ ആൻഡ് ടൂറിസം മാനേജ്‌മെന്‍റ് വകുപ്പും സംയുക്തമായാണ് ചുമരിൽ വർണച്ചിത്രമൊരുക്കിയത്. ജില്ലയിലെ ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ടൂറിസം ക്ലബ് അംഗങ്ങളായ 32 വിദ്യാർഥികളാണ് ചായക്കൂട്ടുകളുമായി ബീച്ചിലെത്തിയത്.
ഓണാഘോഷത്തിന്‍റെ പ്രചാരണാർഥമാണ് ബീച്ചിൽ ചുമർ ചിത്രമൊരുക്കിയത്. കോഴിക്കോടിന്‍റെ തനതു പ്രത്യേകതകളും പരമ്പരാഗത ഓണാഘോഷവും സമന്വയിപ്പിച്ചാണ് ചിത്രങ്ങൾ ഒരുക്കിയത്. വർഷത്തിലൊരിക്കൽ നാട്ടിൽ തന്‍റെ പ്രജകളെ കാണാനെത്തുന്ന മാവേലിയുടെ ചിത്രമാണ് ബീച്ചിലേക്ക് ആളുകളെ സ്വാഗതം ചെയ്യുന്നത്. വർണാഭമായ ഓണപ്പൂക്കളവും വള്ളംകളിയും കഥകളിയും തിരുവാതിരയുമെല്ലാം ചുമരിൽ കാണാം.കോഴിക്കോട് ബീച്ചിലെ കടൽപാലവും മാനാഞ്ചിറയും ഫറോക്ക് പഴയ ഇരുമ്പു പാലവും ഇവിടെ വരച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.