പേരാമ്പ്ര : ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 15 കക്കറമുക്കിലെ വോട്ടർമാർ നാളെ പോളിംഗ് ബൂത്തിലേക്ക്. നാളെ രാവിലെ ഏഴ് മുതൽ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. കക്കറമുക്കിലെ അൽ അമീൻ പബ്ലിക് സ്കൂളിൽ രണ്ട് പോളിംഗ് സ്റ്റേഷനുകൾ ക്രമീകരിച്ചിട്ടുണ്ട്. പോളിംഗ് സാമഗ്രികൾ ചെറുവണ്ണൂരിലെ ഫിസിയോതെറാപ്പി സെന്ററിൽ നിന്ന് തിളങ്കാഴ്ച്ച വിതരണം ചെയ്തു. വോട്ടിംഗ് മെഷീൻ സൂക്ഷിക്കുന്നതും വോട്ടെണ്ണൽ കേന്ദ്രവും ഫിസിയോ തെറാപ്പി സെന്റർ തന്നെയാണ്. മാർച്ച് ഒന്നിന് രാവിലെ 10 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. 12 മണിയോടെ ഫലവും വരും.ഉപതിരഞ്ഞെടുപ്പിൽ ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിനായി ജില്ലാ റൂറൽ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകി. വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി വരണാധികാരി എ. ജി. ഷാജു മാധ്യമത്തോട് പറഞ്ഞു.
1534 വോട്ടർമാരുള്ള വാർഡിൽ ഏഴ് സ്ഥാനാർത്ഥികളാണുള്ളത്. സ്ത്രീ സംവരണ വാർഡായ 15-ാം വാർഡ് പ്രതിനിധീകരിച്ച ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ. ടി. രാധ മരണപ്പെട്ടതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ചെറുവണ്ണൂർ പഞ്ചായത്ത് ഭരണ സമിതിയിലിപ്പോൾ ഇരു മുന്നണികൾക്കും ഏഴു വീതം അംഗങ്ങളാണ്. അതുകൊണ്ട് ഈ വാർഡ് ജയിക്കുന്നവർക്ക് പഞ്ചായത്ത് ഭരണം കൂടിയാണ് ലഭിക്കുന്നത്. എൽ.ഡി.എഫും യുഡി.എഫും ഒപ്പത്തിനൊപ്പം നിൽക്കുന്ന വാർഡിൽ സീറ്റ് നിലനിർത്തുമെന്ന് എൽ.ഡി.എഫും തിരിച്ചു പിടിക്കുമെന്ന് യു.ഡി.എഫും പറയുന്നു. സി.പി.ഐയിലെ കെ. സി. ആസ്യയും മുസ്ലിം ലീഗിലെ പി. മുതാംസും തമ്മിലാണ് പ്രധാനമത്സരമെങ്കിലും ബി.ജെ.പി സ്ഥാനാർത്ഥിയായി എം. കെ. ശലിനയും രംഗത്തുണ്ട്.
വോട്ടുചെയ്യാൻ മാത്രം 50 തോളം ആളുകൾ വിദേശത്ത് നിന്ന് ലീവിനെത്തിയിട്ടുണ്ട്. എസ്.ഡി.പി.ഐ സ്ഥാനാർത്ഥിയെ നിർത്താത്തതും അപര ശല്യവും മുന്നണികളെ ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ തവണ 11 വോട്ടിനാണ് സി.പി.ഐയിലെ ഇ. ടി. രാധ വിജയിച്ചത്.
അപരമാരുടെ ചിഹ്നം മുന്നണികൾക്ക് തലവേദന
പേരാമ്പ്ര : ഒരു വാർഡ് ഉപതിരഞ്ഞെടുപ്പിൽ നാല് അപരമാർ മത്സരിക്കുന്നത് അത്യപൂർവ്വമായിരിക്കും. പഞ്ചായത്ത് ഭരണം പിടിക്കാനുള്ള തിരഞ്ഞെടുപ്പായതു കൊണ്ട് മുന്നണികൾ ഒരുങ്ങിയതാണ് ചെറുവണ്ണൂരിൽ കണ്ടത്. വോട്ടിംഗ് മെഷീനിൽ ഒന്നാമതും രണ്ടാമതും ഉള്ളത് എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ അപരരാണ്. ഒന്നാമതുള്ള ആസ്യയുടെ ചിഹ്നം വിളവെടുക്കുന്ന കർഷകനും രണ്ടാമതുള്ള ആസ്യ. കെ യുടെ ചിഹ്നം ആന്റിനയും ആണ്. എൽ.ഡി.എഫ് സ്ഥാനാർത്ഥി ആസ്യ. കെ. സി യുടെ ചിഹ്നം അരിവാളും നെൽക്കതിരുമാണ്. വോട്ടിംഗ് മെഷീനിൽ നാലാമതും അഞ്ചാമതും ഉള്ളത് യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ അപരരായ കൊമ്മിണിയോട്ടുമ്മൽ മുംതാസും മഞ്ചേരി തറവട്ടത്ത് മുംതാസുമാണ്. ഇവരുടെ ചിഹ്നം ജനലും അലമാരയും ആണ്. മെഷീനിൽ ആറാം നമ്പറിലുള്ള യു.ഡി.എഫ് സ്ഥാനാർത്ഥി പി. മുംതാസിന്റെ ചിഹ്നമായ കോണിയോട് സാദൃശ്യമുള്ളതാണ് ജനൽ. ഏഴാം നമ്പറിലാണ് ബി.ജെ.പി സ്ഥാനാർത്ഥി ശലിന. എം.കെ യുള്ളത്. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.