പേരാമ്പ്ര: ജൽ ജീവൻ മിഷൻ പൈപ്പിടുന്നതിന് വെട്ടിപ്പൊളിച്ച റോഡുകളിൽ അറ്റകുറ്റ പ്രവൃത്തി നടത്താത്തതു കാരണം ചങ്ങരോത്ത്, കായണ്ണ പഞ്ചായത്തുകളിൽ അപകടം പതിയിരിക്കുന്നു. ചങ്ങരോത്ത് പഞ്ചായത്തിലെ 19 വാർഡുകളും ഈ ദുരിതം അനുഭവിക്കുന്നുണ്ട്. കുറച്ചുമുമ്പ് നവീകരണം പൂർത്തിയായ വടക്കുമ്പാട്-കൂനിയോട് റോഡ് പൈപ്പിടൽ കാരണം ആകെ തകർന്നിരിക്കുകയാണ്. നേരത്തേ, കരിങ്കല്ലുകൊണ്ട് കെട്ടിയ ഓവുചാൽ പൈപ്പിട്ടതോടെ തകർന്നു. ഇപ്പോൾ മഴപെയ്യുമ്പോൾ വെളളം റോഡിലൂടെ പരന്നൊഴുകുകയാണ്.
പാലേരി-ഒറ്റക്കണ്ടം റോഡിന്റെ ഓരത്ത് മഴ പെയ്തതോടെ വൻ കുഴിയാണ് രൂപപ്പെട്ടത്. വാഹനം വരുമ്പോൾ മാറിക്കൊടുത്തപ്പോൾ ഒരു കാൽ നടയാത്രക്കാരന് കുഴിയിൽ വീണ് പരിക്കേറ്റത് അടുത്തിടെയാണ്. പൈപ്പ് ഇട്ടതിനുശേഷം മൂടിയ മണ്ണ് ഒലിച്ചുപോയാണ് കിടങ്ങ് രൂപപ്പെട്ടത്. പാലേരി-തോട്ടത്താംകണ്ടി റോഡിന്റെ അവസ്ഥയും വ്യത്യസ്തമല്ല. ഈ റോഡിൽ ഏകദേശം 100 മീറ്റർ ഇടവിട്ട് റോഡിന് കുറുങ്ങനെ കുഴിയെടുത്ത് പൈപ്പ് സ്ഥാപിച്ചിട്ടുണ്ട്. പൈപ്പ് സ്ഥാപിച്ച് മൂടിയ ക്വാറി വേസ്റ്റ് മഴയിൽ ഒലിച്ചുപോയതോടെ ഇവിടെ കിടങ്ങ് രൂപപ്പെട്ടിരിക്കുകയാണ്.
കുറ്റ്യാടി-പേരാമ്പ്ര സംസ്ഥാന പാതയിൽ കടിയങ്ങാട് ടൗണിന്റെ ഹൃദയ ഭാഗത്ത് മാസങ്ങൾക്ക് മുമ്പ് ജൽജീവൻ പൈപ്പ് സ്ഥാപിച്ച കുഴി മണ്ണിട്ട് നികത്തിയതല്ലാതെ റീടാറിങ് നടത്തുകയോ കോൺക്രീറ്റ് ഇടുകയോ ചെയ്തിട്ടില്ല. വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ ഓരത്തെ കുഴിയിൽ ചക്രങ്ങൾ താഴ്ന്നുപോകുകയാണ്. വ്യാപാരികളുടെ കാര്യമാണ് ഏറെ കഷ്ടം. വേനൽകാലത്ത് പൊടി തിന്ന ഇവർ മഴക്കാലത്ത് ചളിയിൽ കുളിക്കുകയുമാണ്.
കായണ്ണ ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളും ഗ്രാമീണ റോഡുകളും ജൽ ജീവൻ പൈപ്പിട്ടതുകാരണം തകർന്നിരിക്കുകയാണ്. കായണ്ണ-പാടിക്കുന്ന് റോഡിൽ പൈപ്പ് സ്ഥാപിച്ച് മണ്ണിട്ടുമൂടിയത് മഴയിൽ ഒലിച്ചുപോയി. കാപ്പുമുക്ക്-നരയംകുളം റോഡ് കാപ്പുമുക്കിൽ കുറുങ്ങനെ മുറിച്ചതു കാരണം വാഹനങ്ങൾ കടന്നുപോകുന്നതിന് പ്രയാസമാണ്. പഞ്ചായത്തിലെ പല ഗ്രാമീണ റോഡുകളുടെയും കോൺക്രീറ്റ് പകുതിയോളം തകർത്താണ് പൈപ്പ് സ്ഥാപിച്ചത്. റോഡ് കുറുകെ മുറിച്ച സ്ഥലത്ത് കോൺക്രീറ്റ് സ്ഥാപിക്കാത്തതുകാരണം കിടങ്ങ് രൂപപ്പെട്ടിരിക്കുകയാണ്. കായണ്ണ ഗ്രാമപഞ്ചായത്തിന്റെ അതിർത്തി പങ്കിടുന്ന നൊച്ചാട് ഗ്രാമപഞ്ചായത്തിലും ജൽ ജീവൻ പ്രശ്നങ്ങൾ ഉണ്ട്. രണ്ടുവർഷം മുമ്പ് ടാർ ചെയ്ത വാളൂർ മണക്കാട്ടിൽ താഴെ-കൊയിലോത്ത് താഴെ റോഡ് പൈപ്പിട്ടതുകാരണം ഗതാഗതയോഗ്യമല്ലാതായി. നടുക്കണ്ടിപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിലെത്താനും ആളുകൾ പ്രയാസപ്പെടുകയാണ്.
ജൽ ജീവൻ പൈപ്പ് സ്ഥാപിച്ചതു കാരണം 19 വാർഡുകളിലും പ്രശ്നങ്ങൾ ഉണ്ട്. ഇത് എത്രയും പെട്ടെന്ന് പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചുവരുകയാണ്. അടുത്ത ആഴ്ച ജൽ ജീവൻ അധികൃതർ, വാട്ടർ അതോറിറ്റി, കരാറുകാർ എന്നിവരുടെ യോഗം വിളിച്ചിട്ടുണ്ട്. പൊളിഞ്ഞ ഭാഗങ്ങൾ വളരെ പെട്ടെന്ന് തന്നെ കോൺക്രീറ്റ് നടത്തും.
ജൽ ജീവൻ പൈപ്പിട്ടതുകാരണം തകർന്ന കായണ്ണ പഞ്ചായത്തിലെ റോഡുകൾ നവീകരിക്കാനുള്ള പ്രവൃത്തി ആരംഭിച്ചു. ഏറ്റവും അപകടകരമായതാണ് ആദ്യം നന്നാക്കുക. ഓരോ വാർഡുകളിലേയും തകർന്ന റോഡുകളുടെ കണക്ക് തരാൻ വാർഡ് അംഗങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.