പേരാമ്പ്ര: ഒരുകാലത്ത് കോഴിക്കോടിന്റെ നെല്ലറയായി അറിയപ്പെട്ടിരുന്ന ആവള പാണ്ടി ഇന്ന് കർഷകന്റെ കണ്ണുനീർ വീണ പാടമാണ്. ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിൽ 635 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന ആവള പാണ്ടിയിൽ കൃഷിയിറക്കാൻ കഴിയാത്തത് കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായ കനാലിന്റെ ചോർച്ചയാണ്.
കനാൽ ചോർന്ന് വിളവെടുപ്പ് കാലത്ത് നെൽകൃഷി വെള്ളത്തിലായതോടെ കർഷകർ കൃഷിയിറക്കുന്നത് നിർത്തുകയായിരുന്നു. പാണ്ടിക്ക് നടുവിലൂടെ ഒഴുകുന്ന തോട് കെട്ടി സംരക്ഷിച്ചാൽ അധികജലം തോട്ടിലൂടെ ഒഴുക്കിവിടാൻ സാധിക്കും. ഈ തോട് സംരക്ഷിക്കുന്നതിനു വേണ്ടി 10 വർഷം മുമ്പ് ജില്ല പഞ്ചായത്ത് 4.56 കോടി രൂപ ചെലവിൽ പദ്ധതി നടപ്പാക്കിയിരുന്നു.
കേരള ലാൻഡ് ഡെവലപ്മെന്റ് കോർപറേഷനായിരുന്നു പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഈ തോട് ആഴം വർധിപ്പിച്ച് രണ്ട് ഭാഗവും പാർശ്വഭിത്തി കെട്ടൽ, ഒരുഭാഗത്ത് ഫാം റോഡ് നിർമാണം, മറുഭാഗത്ത് ബണ്ട് നിർമാണം, മാടത്തൂർ താഴെ വി.സി.ബിയുടെ അറ്റകുറ്റപ്പണി, രണ്ട് പുതിയ വി.സി.ബിയുടെ നിർമാണം, രണ്ട് കുളങ്ങളുടെ പുനരുദ്ധാരണം തുടങ്ങിയവയായിരുന്നു എസ്റ്റിമേറ്റിൽ ഉണ്ടായിരുന്നത്.
ഇരുഭാഗവും കെട്ടി സംരക്ഷിക്കുന്നതിനുവേണ്ടി തോട്ടിൽനിന്നും യന്ത്രമുപയോഗിച്ച് മണ്ണ് നീക്കം ചെയ്തിരുന്നു. എന്നാൽ, കുറ്റ്യോട്ട് നട പാലം മുതൽ 100 മീറ്റർ ഭാഗമാണ് തോടിന്റെ ഇരു പാർശ്വഭിത്തികളും കെട്ടിയത്. പിന്നീട് വിവിധ കാരണങ്ങൾകൊണ്ട് പദ്ധതി നിലച്ചു. ഇതോടെ പാണ്ടിയിൽ വിളവിറക്കാമെന്ന കർഷകരുടെ സ്വപ്നങ്ങളാണ് കരിഞ്ഞുപോയത്. ദീർഘകാലം തരിശിട്ടതോടെ ആവള പാണ്ടി പായൽ നിറഞ്ഞ് കിടക്കുകയാണ്. ഇപ്പോൾ ആദ്യം കെട്ടിയ കുറ്റ്യോട്ട് നട പാലത്തിനു സമീപം കരിങ്കൽ ഭിത്തി ഇടിയുകയും ചെയ്തിട്ടുണ്ട്.
ഇത് കെട്ടി സംരക്ഷിച്ചാൽ കുറച്ച് ഭാഗത്തെങ്കിലും കൃഷിയിറക്കാമെന്നാണ് മാടത്തൂർ താഴെ പാടശേഖര സമിതി ചൂണ്ടിക്കാണിക്കുന്നത്. ആവള പാണ്ടിയെ പൂർണമായും കൃഷിയോഗ്യമാക്കാൻ പുതിയ പദ്ധതി ഉടൻ നടപ്പാക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.