പേരാമ്പ്ര: പേരാമ്പ്ര എസ്റ്റേറ്റിലെ രണ്ടു റബർ ടാപ്പിങ് തൊഴിലാളികൾക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. ടി.കെ. ഉഷ, വീജു ദേവസ്യ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ച ഡി ഡിവിഷനിലെ പെന്നാപറയിലാണ് സംഭവം.
ഇരുവരും സ്കൂട്ടറിൽ വരുമ്പോൾ കാട്ടുപന്നി ഓടിവന്ന് ആക്രമിക്കുകയായിരുന്നു. സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞു. എസ്റ്റേറ്റിൽ വന്യമൃഗങ്ങൾ തൊഴിലാളികളെ ആക്രമിക്കുന്നത് തുടരുകയാണ്. കഴിഞ്ഞ മാസം 27ന് എസ്റ്റേറ്റ് തൊഴിലാളിയായ റിജുവിനെ കാട്ടാന ആക്രമിച്ചിരുന്നു. നട്ടെല്ലിന് പരിക്കേറ്റ റിജു ചികിത്സയിലാണ്.
കാട്ടാനയുടെയും കാട്ടുപന്നിയുടെയും ആക്രമണം തുടരുന്നത് തൊഴിലാളികളെ ആശങ്കയിലാഴ്ത്തുന്നു. എസ്റ്റേറ്റിലെ കാട്ടുമൃഗശല്യം തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ എസ്റ്റേറ്റ് ഓഫിസിലേക്ക് മാർച്ച് നടത്തിയിരുന്നു.
പേരാമ്പ്ര എസ്റ്റേറ്റിലെ സി, ഡി ഡിവിഷനുകളിൽ റബർതോട്ടത്തിൽ അടിക്കാടുകൾ നിറഞ്ഞ് ടാപ്പിങ് നടത്താൻ കഴിയാത്ത അവസ്ഥയാണ്. വന്യമൃഗശല്യത്തിനു പുറമെ പാമ്പ്, അട്ടപ്പുഴു, പന്നിച്ചെള്ള് എന്നിവയും തോട്ടങ്ങളിൽ വർധിച്ചിരിക്കയാണ്. എത്രയും വേഗം കാടു വെട്ടിത്തെളിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.