പൊലീസ് അന്വേഷണം ഊർജിതമാക്കി; മോഷണം പോയ സ്വർണം വീട്ടിലെത്തി

എലത്തൂർ (കോഴിക്കോട്​): പൊലീസ് അന്വേഷണം കാര്യക്ഷമമായതോടെ മോഷണം പോയ സ്വർണാഭരണങ്ങൾ വീട്ടിലെത്തി. കഴിഞ്ഞ ദിവസം മോഷണം നടന്ന മോയിൻകണ്ടി പറമ്പിൽ മുജീബ് റഹ്മാന്റെ വീട്ടുമുറ്റത്തെ ചെടിച്ചട്ടിയിൽ നിന്നാണ് നഷ്ടപ്പെട്ട ഏഴു പവൻ സ്വർണാഭരണവും തിരിച്ചുകിട്ടിയത്.

വെള്ളിയാഴ് രാവിലെ മുജീബിന്റെ ഭാര്യ സാബിറ ചെടി നനക്കവെയാണ് ചട്ടിയിൽ കടലാസിൽ പൊതിഞ്ഞ നിലയിൽ ആഭരണങ്ങൾ കണ്ടത്. അഞ്ചു പവന്റെ വളയും രണ്ടു പവന്റെ നെക്ലേസുമായിരുന്നു മോഷണം പോയത്.എലത്തൂർ പൊലീസ് ഇൻസ്പെക്ടർ എ. സായുജ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി ആഭരണങ്ങൾ കസ്റ്ററ്റഡിയിലെടുത്തു. ഇത് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

കഴിഞ്ഞ തിങ്കളാഴ്ച വൈകീട്ട് 4.30ന് മുജീബും ഭാര്യയും ഡോക്ടറെ കാണിക്കാൻ വീട് പൂട്ടി പോയതായിരുന്നു. താക്കോൽ വാതിലിനടുത്തുള്ള ബെഞ്ചിനടിയിലാണ്​ സൂക്ഷിച്ചത്​. താക്കോൽ എടുത്ത് മോഷ്ടാവ് വാതിൽ തുറന്ന് അകത്തു പ്രവേശിക്കുകയും മരത്തിന്റെ അലമാര വലിച്ച് തുറന്ന് ഉള്ളിൽ സൂക്ഷിച്ച ആഭരണങ്ങൾ മോഷ്ടിക്കുകയായിരുന്നു.

അഞ്ചരയോടെ സ്കൂളിൽനിന്ന് തിരിച്ചെത്തിയ മകൻ വാതിൽ തുറന്ന് അകത്തു പ്രവേശിച്ചെങ്കിലും മോഷണ വിവരം അറിഞ്ഞില്ല. മുജീബും ഭാര്യയും വീട്ടിലെത്തിയ ശേഷമാണ് മോഷണം നടന്നത് മനസ്സിലായത്. തുടർന്ന്​ എലത്തൂർ പൊലീസിൽ പരാതി നൽകി.

ഇൻസ്പെക്ടർ എ. സായൂജ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധൻ പി. ശ്രീരാജ് പരിശോധന നടത്തി തെളിവുകളും ശേഖരിച്ചിരുന്നു. പൊലീസ് നായയുടെ സേവനവും ലഭ്യമാക്കിയിരുന്നു. പൊലീസ് നായ മണം പിടിച്ചു ഏറെ പോയിരുന്നില്ല.

തുടർ ദിവസങ്ങളിൽ പൊലീസ് പ്രത്യേക സ്ക്വാഡുകളായി വന്ന് പ്രദേശത്ത് അന്വേഷണം നടത്തി. പഴുതകളടച്ച അന്വേഷണത്തിനിടെ പിടിക്കപ്പെടുമെന്നായതോടെ മോഷ്ടാവ് ആഭരണം ചെടിച്ചട്ടിയിൽ ഉപേക്ഷിക്കുകയായിരുന്നു. മോഷണ മുതൽ കിട്ടിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് പൊലീസ്. വീട്ടിൽനിന്ന് ലഭിച്ച വിരലടയാളം ഉൾപ്പെടെ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.   

Tags:    
News Summary - Police intensify investigation; The lost gold arrived home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.