കോഴിക്കോട്: പൂവച്ചൽ ഖാദർ പാട്ടിൻെറ മധുരിത ജീവിതമാരംഭിക്കുന്നത് കോഴിക്കോടിെൻറ മണ്ണിൽനിന്ന്. 1970കളിൽ കോഴിക്കോട് നഗരമായിരുന്നു അദ്ദേഹത്തിെൻറ തട്ടകം. കല്ലായിപ്പുഴയും മിഠായിത്തെരുവുമൊക്കെ ഖാദറിെൻറ ഹൃദയത്തിൽ പാട്ടിെൻറ മന്ദാരച്ചെപ്പുകൾ തുറന്നു. എഴുത്തുകാരെയും കലാകാരന്മാരെയും എന്നും നെഞ്ചേറ്റിയ നഗരത്തിന് ഖാദറിനെയും പുണരാനായി.
'കോഴിക്കോടിെൻറ ജീവിതതാളവും സൗഹൃദങ്ങളും പണിതുനൽകിയ സോപാനങ്ങളാണ് കവിത-ഗാന മണ്ഡലങ്ങളുടെ ഔന്നത്യം പൂകാൻ സഹായകമായത്' എന്ന് പൂവച്ചൽ ഖാദർതന്നെ എഴുതിയിട്ടുണ്ട്. ഐ.വി. ശശി, സലാം കാരശ്ശേരി, കാനേഷ് പൂനൂര്, അബ്ദുല്ല നന്മണ്ട തുടങ്ങിയവരോടൊത്തുള്ള കൂട്ടുകെട്ട് കവിയിൽനിന്ന് ഗാനരചനയിലേക്കുള്ള വഴിത്തിരിവ് സൃഷ്ടിച്ചു. വിജയനിർമല സംവിധാനം ചെയ്ത 'കവിത' എന്ന ചിത്രത്തിലായിരുന്നു ആദ്യപാട്ട്. ഭാസ്കരൻ മാസ്റ്റർ ഗാനരചന നിർവഹിച്ച ഈ സിനിമയിൽ പൂവച്ചൽ ഖാദറിനും അവസരം ലഭിക്കുകയായിരുന്നു. അതിനു വഴിയൊരുക്കിയത് ഐ.വി. ശശിയും കാനേഷ് പൂനൂരും. പുതുമുഖങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഭാസ്കരൻ മാസ്റ്റർ ഖാദറിെൻറ സിനിമാഗാന രചനയിലെ അരങ്ങേറ്റത്തെ അഭിനന്ദിച്ചു.
പിന്നീട് സലാം കാരേശ്ശരിയുടെ 'ചുഴി'യിലും ഐ.വി. ശശിയുടെ കന്നിച്ചിത്രമായ 'ഉത്സവ'ത്തിലും പൂവച്ചൽ ഖാദറെഴുതിയ ഗാനങ്ങൾ ശ്രദ്ധേയമായി. ഇതിെൻറയെല്ലാം തട്ടകം കോഴിക്കോടുതന്നെയായിരുന്നു. 'നീയെൻെറ പ്രാർഥന കേട്ടു, നീയെൻെറ മാനസം കണ്ടു (കാറ്റുവിതച്ചവൻ) എന്ന പ്രശസ്തഗാനം എഴുതിയതും കോഴിക്കോട്ടുവെച്ചായിരുന്നു.
എം.എസ്. ബാബുരാജ് ഉൾപ്പെടെ പ്രതിഭകളോടൊത്ത് പ്രവർത്തിക്കാനും കോഴിക്കോടൻ വാസം അവസരമുണ്ടാക്കി. ആകാശവാണിക്കുവേണ്ടി അനവധി ലളിതഗാനങ്ങൾ എഴുതി. ഇവിടത്തെ സാംസ്കാരിക സൗഹൃദവേദികളിൽ ഖാദറിനും ഇടം ലഭിച്ചു.
ഐ.വി. ശശിയുടെ സിനിമജീവിതത്തിെൻറ തുടക്കകാലത്തുതന്നെയാണ് പൂവച്ചൽ ഖാദറിെൻറ പാട്ടെഴുത്തുജീവിതത്തിെൻറ തുടക്കവുമെന്ന് കൂട്ടുകെട്ടിലെ പ്രധാന കണ്ണിയായ കാനേഷ് പൂനൂര് ഓർക്കുന്നു. ''അന്നേ ആർദ്രമാനസനായിരുന്നു ഖാദർ. ഒരിക്കൽ കവിത പ്രസിദ്ധീകരിക്കാൻ 'ചന്ദ്രിക'യിൽ വന്നേപ്പാഴാണ് ഖാദറിനെ ആദ്യമായി കാണുന്നത്. അന്ന് താൻ 'ചന്ദ്രിക'യിൽ എഡിറ്ററായിരുന്നു. ആ സൗഹൃദം വലിയ ചങ്ങാത്തമായി മാറി. യൗവനകാലമായതിനാൽ കൂട്ടുകൂടി അലഞ്ഞുനടക്കൽ ശീലമായിരുന്നു. വൈക്കം മുഹമ്മദ് ബഷീറിെൻറ വീട്ടിൽ പലതവണ ഒരുമിച്ചുകൂടി.
ഖാദറിനെ ഐ.വി. ശശിക്ക് പരിചയപ്പെടുത്തിയത് താനാണ്. 'കവിത' എന്ന സിനിമയിൽ ഖാദറിെൻറ കവിതകളും ഉൾപ്പെടുത്തി. സിനിമയുടെ പ്രധാന പിന്നണി പ്രവർത്തകൻ െഎ.വി. ശശിയായിരുന്നു. പിന്നാലെ 'കാറ്റുവിതച്ചവൻ' എന്ന സിനിമയിലും ഖാദറിന് അവസരം ലഭിച്ചു'' -കാനേഷ് പൂനൂർ അനുസ്മരിച്ചു.
പൊതുമരാമത്ത് വകുപ്പിൽ എൻജിനീയറായാണ് അദ്ദേഹം കോഴിക്കോട്ടെത്തുന്നത്. കണ്ണൂർ റോഡിൽ 'ചന്ദ്രിക'ക്ക് സമീപംതന്നെയായിരുന്നു താമസിച്ചിരുന്നത്. പിന്നീട് ഗാനരചനയിൽ സജീവമായതോടെ മദ്രാസിലേക്ക് താമസം മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.