കോഴിക്കോട്: അനിയന്ത്രിതമായ വിലക്കയറ്റം സൃഷ്ടിക്കുന്ന വ്യാപാരമാന്ദ്യം ചെറുകിട വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്നു. ആവശ്യ സാധനങ്ങൾക്കടക്കം വില ക്രമാതീതമായി വർധിക്കുകയും സാമ്പത്തിക പ്രതിസന്ധി കാരണം സാധാരണക്കാരുടെ ക്രയവിക്രയ ശേഷി കുറയുകയും ചെയ്തതാണ് ചെറുകിട വ്യാപാരികളെ പ്രതിസന്ധിയിലാക്കിയത്. അവശ്യസാധനങ്ങൾ പോലും വാങ്ങുന്നത് ആളുകൾ വെട്ടിക്കുറച്ചതാണ് വ്യാപാരികൾക്ക് തിരിച്ചടിയായത്.
ഉത്സവസീസണുകളിൽ മാത്രമാണ് വ്യാപാരം നടക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. ദൈനംദിന വ്യാപാരം നന്നെ കുറഞ്ഞു. പലസ്ഥാപനങ്ങളും പിടിച്ചുനിൽക്കാൻ പാടുപെടുകയാണ്. വാടക, വൈദ്യുതി ചാർജ്, വെള്ളക്കരം അടക്കം വർധിക്കുന്നതും ചെറുകിട വ്യാപാര മേഖലയുടെ തകർച്ചക്ക് ആക്കംകൂട്ടുന്നു.
ഇതുമൂലം വ്യാപാരികൾ ജോലിക്കാരെ വെട്ടിക്കുറക്കുകയാണ്. ചെറുകിട വ്യാപാരികൾക്കുമേൽ 18 ശതമാനം വാടക ജി.എസ്.ടി കൂടി ഏർപ്പെടുത്താനുള്ള കേന്ദ്രസർക്കാർ നീക്കം ഈ മേഖലയെ ഇല്ലാതാക്കാനുള്ള ശ്രമമാണെന്ന് വ്യാപാരികൾ ആരോപിച്ചു. സാമ്പത്തിക പ്രസിസന്ധി കാരണം കോഴിക്കോട് നഗരത്തിൽ മാത്രം ആയിരത്തോളം കടകൾ പൂട്ടിപ്പോയതായി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ജനറൽ സെക്രട്ടറി വി. സുനിൽകുമാർ പറഞ്ഞു. ചില സ്ഥാപനങ്ങൽ പിന്നീട് പലരും ഏറ്റെടുത്ത് നടത്താൻ ശ്രമിച്ചെങ്കിലും വ്യാപാരകമ്മി കാരണം പരാജയപ്പെടുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കോവിഡിനു ശേഷം ഉത്സവ സീസണുകളിൽ മാത്രമാണ് വ്യാപാരികൾക്ക് കുറച്ചെങ്കിലും വ്യാപാരം ലഭിക്കുന്നത്. കടംവാങ്ങിയും പലിശക്കെടുത്തും സാധനങ്ങൾ വാങ്ങി സ്റ്റോക്ക് ചെയ്യുന്ന വ്യാപാരികൾക്ക് അവയൊന്നും വിറ്റഴിക്കാൻ കഴിയാത്ത അവസ്ഥയാണ്. നിലവിൽ വർഷത്തിൽ 40 ലക്ഷത്തിൽ കൂടുതൽ വ്യാപാരം നടത്തുന്ന ചെറുകിട വ്യാപാരിയും ജി.എസ്.ടി അടക്കണം. ഈ പരിധി ഒരു കോടിയായി ഉയർത്തണമെന്നും എങ്കിലേ ചെറുകിട വ്യാപാരികൾക്ക് നിലനിൽക്കാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തന്റെ സ്ഥാപനത്തിൽ നേരത്തേ നാലു ജീവനക്കാർ ഉണ്ടായിരുന്നുവെന്നും വ്യാപാരം കുറഞ്ഞതോടെ രണ്ടു പേർക്കു മാത്രമേ ജോലി നൽകാൻ കഴിയുന്നുള്ളൂവെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് ജില്ല സെക്രട്ടറി എം.പി. റുൻഷാദ് അലി പറഞ്ഞു. ചെറുകിട മേഖലയെ തകർക്കുന്ന നയങ്ങളാണ് സർക്കാർ സ്വീകരിക്കുന്നത്. ലൈസൻസ് പുതുക്കണമെങ്കിൽ ഹരിതകർമ സേനക്കുള്ള യൂസർഫീ അക്കമുള്ള കാര്യങ്ങളിൽ സർക്കാർ നിലപാട് കർശനമാക്കുകയാണ്. എസ്.എം സ്ട്രീറ്റ് പോലുള്ള മാർക്കറ്റുകളിൽ തോന്നിയപോലെയാണ് കെട്ടിട ഉടമകൾ വാടക വർധിപ്പിക്കുന്നത്.
ഇതിന് സർക്കാർ നിയന്ത്രണം കൊണ്ടുവരണം. ചെറുകിട വ്യാപാര മേഖല സംരക്ഷിക്കാൻ സർക്കാർ വിട്ടുവീഴ്ചകൾക്ക് തയാറായില്ലെങ്കിൽ ഈ മേഖലയെ ആശ്രയിച്ച് ജീവിക്കുന്ന വലിയൊരു വിഭാഗത്തിന് തൊഴിൽ നഷ്ടമാകുമെന്നും റുൻഷാദ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.