കോഴിക്കോട്: വെള്ളയിൽ ആവിക്കൽ തോടിന്റെ കരയിൽ കോർപറേഷൻ കേന്ദ്രസർക്കാർ സഹായത്തോടെ അമൃത് പദ്ധതിയിൽ പണിയുന്ന മലിനജല സംസ്കരണ പ്ലാന്റിന്റെ സർവേക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. സ്ത്രീകളടക്കം നൂറുകണക്കിനാളുകൾ പ്രതിഷേധിക്കാനെത്തിയതോടെ സംഘർഷാവസ്ഥയും റോഡ് ഉപരോധവും കാരണം രാവിലെ ഒന്നരമണിക്കൂറോളം ബീച്ച് റോഡിൽ ഗതാഗതം സ്തംഭിച്ചു. എം.കെ. രാഘവൻ എം.പിയടക്കം യു.ഡി.എഫ് നേതാക്കളുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ച പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. വെള്ളയിൽ വാർഡ് കൗൺസിലർ സൗഫിയ അനീഷുൾപ്പെടെ 12 സ്ത്രീകളടക്കം 36 പേരെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ വെള്ളയിൽ പൊലീസ് കേസെടുത്തു.
രാവിലെ 7.30ഓടെയാണ് കരാറുകാരുടെ ജീവനക്കാർ അളക്കാനുള്ള ഉപകരണങ്ങളും മറ്റുമായി സർവേക്കെത്തിയത്. അതിന് തൊട്ടുമുമ്പുതന്നെ വൻ പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. ഇതോടെ നാട്ടുകാർ മുദ്രാവാക്യമുയർത്തി റോഡിലും തൊട്ടടുത്ത സമരപ്പന്തലിലും തടിച്ചുകൂടി. സംഘർഷത്തിനിടെ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 9.30ന് സംഘർഷാവസ്ഥ കനത്തു. വിവരമറിഞ്ഞ് എം.കെ. രാഘവൻ എം.പി, അഡ്വ. പി.എം. നിയാസ്, കെ.എം. അഭിജിത്, കോർപറേഷൻ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത തുടങ്ങിയവരടക്കം യു.ഡി.എഫ് നേതാക്കളെത്തി. നാട്ടുകാർ പ്രതിഷേധിക്കുന്നുവെന്നും സർവേ നിർത്തിവെക്കണമെന്നുമാവശ്യപ്പെട്ട് എം.കെ. രാഘവൻ ജില്ല കലക്ടറെയും മേയറെയും ഫോണിൽ വിളിച്ചെങ്കിലും അനുകൂല മറുപടി കിട്ടിയില്ല. തുടർന്ന് നേതാക്കൾ കൂടിയാലോചിച്ച് റോഡ് ഉപരോധിക്കാൻ തീരുമാനിക്കുകയായിരുന്നു.
സർവേ അനധികൃത നമ്പർ പ്രശ്നത്തിന്റെ ശ്രദ്ധതിരിക്കാൻ
കോർപറേഷനിൽ കെട്ടിടങ്ങൾക്ക് അനധികൃത നമ്പർ കൊടുത്ത സംഭവത്തിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് മാലിന്യ പ്ലാന്റിന്റെ സർവേ പെട്ടെന്ന് തുടങ്ങിയതെന്ന് നേതാക്കൾ. വെള്ളിയാഴ്ച യു.ഡി.എഫ് നേതാക്കളുടെ സാന്നിധ്യത്തിൽ സമരസമിതി യോഗം ചേർന്ന് പ്രക്ഷോഭ പരിപാടികൾ നിശ്ചയിക്കാൻ തീരുമാനിച്ചതായും അവർ പറഞ്ഞു. ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി അടിച്ചേൽപിക്കരുതെന്നും ജനങ്ങളെ ബോധ്യപ്പെടുത്തി മാത്രമേ നിർമാണം അനുവദിക്കൂവെന്നും എം.കെ. രാഘവൻ അടക്കമുള്ള നേതാക്കൾ മുന്നറിയിപ്പ് നൽകി. തുടർന്ന് അസി. കമീഷണർ ബിജുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് പ്രവർത്തകരെ റോഡിൽ നിന്ന് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. ഉപരോധം കഴിഞ്ഞശേഷം നാട്ടുകാരിൽ ചിലർ സംഘടിച്ചെത്തി കയർകെട്ടി റോഡ് തടഞ്ഞെങ്കിലും നേതാക്കളെത്തി പിന്തിരിപ്പിച്ചു.
സംഘർഷാവസ്ഥ കണക്കിലെടുത്ത് ബീച്ച് റോഡിൽ വെള്ളയിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നത് പൊലീസ് തടഞ്ഞിരുന്നു. ആവിക്കൽ തോട് ജനകീയ സമര സമിതി കൺവീനർ ഇർഫാൻ ഹബീബ്, എം.കെ. ഹംസ, ഷെറിൻ ബാബു, എൻ.പി. ഉസ്മാൻ, നിസാർ തോപ്പയിൽ, കെ. ഷമീർ തുടങ്ങിയവർ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകി.
സർവകക്ഷി യോഗത്തിന്റെ ആവശ്യമില്ല - കലക്ടർ
കോഴിക്കോട്: ആവിക്കൽ മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്ന വിഷയത്തിൽ സർവകക്ഷി യോഗം വിളിക്കേണ്ട ആവശ്യമില്ലെന്ന് ജില്ല കലക്ടർ ഡോ. എൽ. തേജ് ലോഹിത്റെഡ്ഡി. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോർപറേഷൻ തീരുമാനപ്രകാരമാണ് പ്ലാന്റിനായുള്ള സർവേ നടപടി തുടങ്ങിയത്. സർവേ നടപടി നിർത്തിവെക്കണമെന്ന എം.കെ. രാഘവൻ എം.പിയടക്കമുള്ളവരുടെ ആവശ്യം അംഗീകരിക്കാനാവില്ല. ഇക്കാര്യത്തിൽ കോർപറേഷൻ പലതവണ ചർച്ച നടത്തിയതാണെന്നും ഇനിയും സർവകക്ഷി യോഗത്തിന്റെ ആവശ്യം കാണുന്നില്ലെന്നും കലക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.