കോഴിക്കോട്: റെയിൽപാളത്തിൽ അനധികൃതമായി കയറിയ വാഹനം അപകടത്തിൽപ്പെട്ടതിന് പിന്നാലെ, എലിയെ പേടിച്ച് ഇല്ലം ചുടുന്നപോലെ റെയിൽവേ വഴി അടച്ചുകെട്ടിയതോടെ പെരുവഴിയിലായി ജനം. ഗാന്ധി റോഡ് മേൽപാലത്തിന് താഴെയുള്ള വഴി കാൽനടപോലും സാധ്യമാവാത്തരീതിയിൽ കൊട്ടിയടച്ചതോടെ വെള്ളയിൽ റെയിൽവേ സ്റ്റേഷനിൽ എത്തി ട്രാക് മുറിച്ചുകടക്കേണ്ട അവസ്ഥയിലാണ് ജനങ്ങൾ. വാഹനങ്ങൾ കടക്കുന്നത് തടയുന്നതിന് പകരം പൂർണമായും വഴി തടസ്സപ്പെടുത്തിയതാണ് ജനങ്ങളെ ദുരിതത്തിലാക്കുന്നത്.
കഴിഞ്ഞദിവസത്തെ അപകടത്തിന്റെ പേരിൽ മറ്റിടങ്ങളിലെയും ക്രോസിങ് അടക്കാനാണ് റെയിൽവേയുടെ ശ്രമം. ഫ്രാൻസിസ് റോഡ് മേൽപാലം, രണ്ടാം ഗേറ്റ്, മാനാഞ്ചിറ മോഡേൺ സ്കൂളിന് സമീപം, ഗാന്ധി റോഡ്, സി.എച്ച് ഓവർ ബ്രിഡ്ജ്, വെള്ളയിൽ, വെസ്റ്റ്ഹിൽ ചുങ്കം തുടങ്ങിയവയെല്ലാം ദിനംപ്രതി ആയിരങ്ങൾ ട്രാക് മുറിച്ചുകടക്കുന്ന ഇടങ്ങാണ്. ഫ്രാൻസിസ് റോഡിലേക്കുള്ള ക്രോസിങ് മതിൽകെട്ടി അടക്കാൻ നേരത്തെ റെയിൽവേ ശ്രമിച്ചിരുന്നെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് നിർത്തിവെക്കുകയായിരുന്നു.
ഗാന്ധി റോഡ് മേൽപാലത്തിന് താഴെ വാഹനങ്ങൾ ട്രാക് മുറിച്ചുകടക്കുന്നത് തടയാൻ കോൺക്രീറ്റ് സ്ലീപ്പറുകൾ സ്ഥാപിക്കണമെന്ന് വെള്ളയിൽ റെയിൽവേ സംരക്ഷണ സമിതി നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. അധികൃതർ ഇത് അവഗണിച്ചതാണ് പുതുവർഷപ്പുലരിയിലെ അപകടത്തിനിടയാക്കിയത്. വാഹനങ്ങൾ പ്രവേശിക്കുന്നത് തടയുന്നതിനുപകരം സ്റ്റേഷനിൽ എത്തുന്ന യാത്രക്കാരെവരെ ദുരിത്തിലാക്കുന്ന നടപടിയാണ് റെയിൽവേ കൈക്കൊണ്ടത്. വഴി അടച്ചത് കൂടുതൽ അപകടത്തിനിടയാക്കുമെന്ന് പ്രദേശ വാസികൾ ചൂണ്ടിക്കാട്ടുന്നു. ക്രിസ്ത്യൻ കോളജ്, സ്കൂൾ, പ്രോവിഡൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, സെന്റ് ജോസഫ് ചർച്ച്, സന്മാർഗ ദർശിനി വായനശാല, ജില്ല വ്യവസായ കേന്ദ്രം, വൈദ്യുതി ഭവൻ, വെള്ളയിൽ പോസ്റ്റ് ഓഫിസ് ടെലിഫോൺ എക്സ്ചഞ്ച്, ബീച്ച് ആശുപത്രി എന്നിവിടങ്ങളിലേക്ക് വരുന്ന വിദ്യാർഥികളെയും നാട്ടുകാരെയുമാണ് ഇത് പ്രതിസന്ധിയിലാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.