കോഴിക്കോട്: രണ്ടാഴ്ചയായി തകർത്തുപെയ്തിട്ടും ഈ സീസണിലെ കണക്കിൽ പതിവ് 'ഫോമിലെത്താതെ' കാലവർഷം. നിലവിൽ ഈ സമയത്ത് കിട്ടേണ്ടിയിരുന്ന മഴയുടെ പത്ത് ശതമാനം കുറവ് മഴ മാത്രമാണ് ഞായറാഴ്ച വരെ പെയ്തത്. 19 ശതമാനം കുറവോ 19 ശതമാനം വരെ അധികമോ മഴ കിട്ടിയാൽ സാധാരണ അവസ്ഥയായാണ് പരിഗണിക്കുന്നത്. ജൂൺ ഒന്ന് മുതൽ ജൂലൈ 18 വരെ സാധാരണ ലഭിക്കേണ്ടിയിരുന്നത് 141 സെന്‍റി മീറ്റർ മഴയായിരുന്നു. പെയ്തത് 127 സെന്‍റീമീറ്ററാണ്. ഇതിലേറെയും കഴിഞ്ഞ ആഴ്ചത്തെ കനത്ത മഴയുടെ ഫലമാണ്. ഈ മാസം 13 വരെ മഴയുടെ അളവിൽ 30 ശതമാനം കുറവുണ്ടായിരുന്നു. ഞായറാഴ്ചയായതോടെ പത്തുശതമാനമായി സ്ഥിതി മെച്ചപ്പെടുത്താൻ കാരണം കഴിഞ്ഞ ആഴ്ചയിലെ കനത്ത മഴയാണ്. ശനിയാഴ്ചയാണ് ഏറ്റവും കൂടുതൽ പെയ്തത്.
ജൂണിൽ പെയ്യാൻ മടിച്ചതോടെയാണ് മഴ ദൗർലഭ്യത്തിലേക്ക് ജില്ലയെത്തിയത്. ജൂൺ ഒന്ന് മുതൽ 29 വരെയുള്ള മാസക്കണക്കിൽ സാധാരണ പെയ്യുന്നതിലും പകുതി മഴയാണ് ജില്ലയിൽ ലഭിച്ചത്. 84 സെന്‍റീമീറ്ററാണ് കിട്ടേണ്ടത്. പെയ്തത് 42 സെന്‍റീ മീറ്റർ മാത്രം. ജൂൺ 23 മുതൽ 29 വരെയുള്ള ആഴ്ചയിൽ മഴയുടെ അളവ് കൂടിക്കൊണ്ടിരുന്നു. 34 ശതമാനം കുറച്ചായിരുന്നു ഈ സമയത്തെ മഴ. അതേസമയം, ജൂലൈയിൽ വേനൽമഴ കണക്കിലധികം കിട്ടിയിരുന്നു. പ്രതീക്ഷിച്ചത് 158.5 മില്ലിമീറ്ററായിരുന്നെങ്കിൽ പെയ്തത് 277.4 മില്ലിമീറ്ററാണ്.
മേയ് അഞ്ചു മുതൽ 11 വരെയുള്ള ആഴ്ചയിൽ മാത്രം 119 ശതമാനം അധികം വേനൽ മഴ പെയ്തിരുന്നു. മഴ വരും ദിവസങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ അഭിപ്രായം.
ന്യൂനമർദം പൂർണമായും വിട്ടുപോയിട്ടില്ല. ഇടവിട്ടുള്ള മഴ പ്രതീക്ഷിക്കാം. കനത്ത മഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശവുമുണ്ടായി. ഏഴു കോടിയിലേറെ രൂപയുടെ നഷ്ടമുണ്ട്. നൂറിലേറെ വീടുകൾ തകർന്നിട്ടുണ്ട്.
മഴക്കോട്ടിന്റെ കോട്ട തകർത്ത് പോഞ്ചോ
കോഴിക്കോട്: മഴ തിമിർത്ത് പെയ്യുമ്പോൾ വിപണിയിൽ തരംഗമാകുകയാണ് റെയിൻ 'പോഞ്ചോ'കൾ. വിലകൂടിയതും കാണാൻ ഭംഗിയുള്ളതുമായ മഴക്കോട്ടുകൾക്കുപകരം ഈ മഴക്കാലം മുതലാണ് സാധാരണ പ്ലാസ്റ്റിക് കൊണ്ടുള്ള പോഞ്ചോ ഹിറ്റായി തുടങ്ങിയത്. മുമ്പും വിപണിയിലുണ്ടായിരുന്നെങ്കിലും ഇത്രയും ഡിമാൻഡുണ്ടായിരുന്നില്ലെന്ന് കച്ചവടക്കാർ പറയുന്നു. ജൂൺ മുതലാണ് ചില കടകളിൽ പോഞ്ചോ എത്തിയത്. ജൂലൈ മുതൽ മഴ കനത്തതോടെയാണ് ഇവ വ്യാപകമായത്.
തൊഴിലാളികളും സർക്കാർ ഉദ്യോഗസ്ഥരും മുതൽ മെഡിക്കൽ റപ്രസൻററ്റിവ്മാരും ബിസിനസ് എക്സിക്യൂട്ടിവുകളും വരെ പോഞ്ചോ ധരിച്ചാണ് മഴയത്ത് യാത്ര ചെയ്യുന്നത്. ഇരുചക്രവാഹനയാത്രികരും കുടയില്ലാതെ 'ഫ്രീയായി' നടന്ന് പോകാൻ ഇഷ്ടമുള്ളവരും പോഞ്ചോയുടെ ആരാധകരായി മാറി. ഏത് ശരീരപ്രകൃതമുള്ളവർക്കും ഉപയോഗിക്കാവുന്നതരം മഴക്കോട്ടാണിത്. എളുപ്പത്തിൽ ഉപയോഗിക്കാമെന്നതും വില കുറവാണെന്നതുമാണ് ഇരുചക്രവാഹന യാത്രികരെ പോഞ്ചോ വാങ്ങാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. എൺപതു രൂപ മുതൽ നൂറു രൂപ വരെയാണ് വില. ഓൺലൈനിൽ വില കുറവുണ്ട്. കൊണ്ടുനടക്കാനും എളുപ്പമാണ്. സാധാരണ മഴക്കോട്ടുകൾക്ക് ആയിരം രൂപയെങ്കിലും വേണം. രണ്ടു വർഷത്തിനപ്പുറം ഇവ ഈട് നിൽക്കാറില്ലാത്തതിനാലും പോഞ്ചോയെ തേടി ആളുകളെത്താൻ കാരണമാകുന്നു. മുംബൈയിൽനിന്നാണ് ഇത്തരം പ്ലാസ്റ്റിക് വസ്ത്രങ്ങളെത്തുന്നത്. പോഞ്ചോകൾ വ്യാപകമായതോടെ പ്രമുഖ റെയിൻ കോട്ട് നിർമാണ കമ്പനിയും ഇവ വിപണിയിലിറക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.