മേപ്പയൂർ: കനത്ത മഴയിലും കാറ്റിലും മരം വീണ് അരിക്കുളത്തും കായണ്ണയിലും വീടുകൾക്ക് കേടുപാട് സംഭവിച്ചു. അരിക്കുളം പഞ്ചായത്ത് ഒന്നാം വാർഡിലെ ചിറ്റാരിക്കുഴി സതീശന്റെ വീടിനു മുകളിൽ തെങ്ങ് കടപുഴകി. വീടിന്റെ പാരപ്പെറ്റ് തകർന്നു. വീടിനോടനുബന്ധിച്ച് കമ്പിയും ഷീറ്റുംകൊണ്ട് നിർമിച്ച പോർച്ച് പൂർണമായും തകർന്നു. തെങ്ങ് വീഴുമ്പോൾ സതീശന്റെ ഭാര്യയും രണ്ടു മക്കളും വീടിനകത്തായിരുന്നു. വലിയ ശബ്ദം കേട്ട് അവർ ഓടി പുറത്തിറങ്ങുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ തെങ്ങ് മുറിച്ചുമാറ്റി അപകടം ഒഴിവാക്കി. 50,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. വില്ലേജ് ഓഫിസ്, പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിൽ വിവരമറിയിച്ചു.
കായണ്ണ ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിലെ പുതിയോട്ടുംകുഴി അനൂപിന്റെ വീടിനു മുകളിൽ പുളിമരം വീണ് വീട് തകർന്നു. വീടിന്റെ മേൽക്കൂരയും ചുമരും തകർന്നു. ശനിയാഴ്ച പുലർച്ച ഉണ്ടായ ചുഴലിക്കാറ്റിലാണ് അപകടം. പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.
നിരവധി വീടുകൾ വെള്ളത്തിൽ
നന്മണ്ട: കനത്ത മഴയിൽ നന്മണ്ട പഞ്ചായത്തിലെ ഏഴ്, എട്ട് വാർഡുകളിൽ നിരവധി വീടുകൾ വെള്ളത്തിൽ. എട്ടാം വാർഡിലെ ചാലിൽ പടി വയലിൽ ബഷീർ, ഏഴാം വാർഡിലെ മരുതമണ്ണ് നിലം ദേവി, വെങ്ങലശ്ശേരി ഷൈജു, വെങ്ങലശ്ശേരി ഉഷ, വെങ്ങലശ്ശേരി ശാരദ, വെങ്ങലശ്ശേരി അഷ്റഫ്, ശ്രീശാസ്ത ഷനത്ത്, തോട്ടായി താഴെ ലീല, അനിൽ, തോട്ടാക്കണ്ടി ദാമോദരൻ തുടങ്ങിയവരുടെ വീടുകളിലാണ് വെള്ളം കയറിയത്.
ഇതിൽ ബഷീർ, ശാരദ, ഉഷ, ഷൈജു, അഷ്റഫ് എന്നിവരുടെ വീടുകളിൽ കൂടുതലായി വെള്ളം കയറിയിട്ടുണ്ട്. രാത്രിയോടെ മഴ ശക്തമായാൽ അപകട സാധ്യത കൂടുതലാണ്. തോട്ടായി താഴെ ലീലയുടെ വീടും വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്. പട്ടികജാതി വിഭാഗത്തിൽപെട്ട ഇവരുടെ കുടുംബം മാറിത്താമസിക്കുകയാണ്.
ബാലുശ്ശേരി: കനത്ത മഴയിൽ ബാലുശ്ശേരി പഞ്ചായത്ത് ഏഴാം വാർഡിൽപെട്ട ഒച്ചത്തുകുനി ഭാഗത്ത് വീടുകളിൽ വെള്ളം കയറി. തെക്കേടത്ത് താഴെ നാരായണൻ, ഓച്ചത്ത് ആരിഫ, ഓച്ചത്ത് കുനി സജീവൻ, റിയാസ്, ഓച്ചത്ത് കുനി സുനിൽകുമാർ, ഇല്ലത്ത് താഴെ ബാലൻ, ഇല്ലത്ത് താഴെ സുജല, കൈതോളി വയൽ അബ്ദുള്ള എന്നിവരുടെ വീടുകളിലാണ് വെള്ളം കയറിയത്. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.
വെള്ളം കയറി വഴിമുട്ടി ജനം
കൊയിലാണ്ടി: കഴിഞ്ഞ രാവും പകലും പെയ്ത കനത്ത മഴയിൽ പല പ്രദേശങ്ങളിലും വെള്ളം കയറി. ഗ്രാമീണ റോഡുകളിലൂടെയുള്ള യാത്ര ദുഷ്കരമായി. ദേശീയ-സംസ്ഥാന പാതകളിലും ഇടറോഡുകളിലും വെള്ളം കെട്ടിക്കിടക്കുന്നത് യാത്ര ദുഷ്കരമാക്കി. കാൽനടക്കാർക്കും ഇരുചക്രവാഹനക്കാർക്കുമാണ് ഏറെ പ്രയാസം. റോഡിനു സമീപം തോടുകളുള്ള ഉൾപ്രദേശങ്ങളിൽ ഇവ തിരിച്ചറിയാൻ പറ്റാത്ത വിധമായി. വീടുകളുടെ മുറ്റങ്ങളിൽ വെള്ളം കയറിയതിനാൽ പുറത്തിറങ്ങാൻ ബുദ്ധിമുട്ടുന്നവരുമുണ്ട്.
വീടിനു മുകളിൽ തെങ്ങു വീണു
കൊയിലാണ്ടി: ശക്തമായ കാറ്റിൽ തെങ്ങ് വീണ് വീട് തകർന്നു. മൂടാടി പാലക്കുളം ഒതയോത്ത് താഴെ കുനി ഒ.ടി. വിനോദിന്റെ നിർമാണത്തിലുള്ള വീടിന്റെ മുകളിലാണ് തെങ്ങ് വീണത്.
സൺഷേഡ് പൂർണമായും തകർന്നു. അടുത്ത പറമ്പിലെ തെങ്ങാണ് വീണത്.
കോൺക്രീറ്റിനും കേടുപാട് പറ്റിയിട്ടുണ്ട്. വീട് നിർമാണം പൂർത്തിയായിരുന്നില്ല.
വഞ്ചികളുടെ മേൽക്കൂര തകർന്നു
കൊയിലാണ്ടി: ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിനുപോയ രണ്ടു വഞ്ചികളുടെ മേൽക്കൂര ശക്തമായ കാറ്റിൽ തകർന്നു. വൃന്ദാവൻ, കർണൻ എന്നീ വഞ്ചികളുടെ മേൽക്കൂരയാണ് തകർന്നത്. കാറ്റിൽ വഞ്ചി ആടിയുലഞ്ഞെങ്കിലും തൊഴിലാളികൾ അപകടത്തിൽപെടാതെ രക്ഷപ്പെട്ടു.
മഴ: വെള്ളക്കെട്ടും നാശനഷ്ടവും
നടുവണ്ണൂർ: തിരുവോട് എളമ്പിലാശ്ശേരി ഉണ്ണികൃഷ്ണന്റെ വീട് കനത്ത മഴയിലും കാറ്റിലും തകർന്നു. കോട്ടൂർ വില്ലേജ് ഓഫിസർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.