കോഴിക്കോട്: നഗരത്തിൽ വിവിധ ഭാഗങ്ങളിൽ കോടികൾ മുടക്കി കോർപറേഷൻ പണിത ടേക് എ ബ്രേക് കൗണ്ടറുകൾ ഉപയോഗിക്കാനാവാതെ കിടക്കുന്നു.
സാങ്കേതിക പ്രശ്നങ്ങൾ കാരണം വെള്ളവും വെളിച്ചവും ലഭ്യമാക്കാനാവാത്തതാണ് കാരണം. രണ്ട് കോടിയിലധികം മുടക്കി അഞ്ച് കെട്ടിടങ്ങൾ പണിതതായി കൗൺസിലർ എൻ.സി. മോയിൻകുട്ടി കഴിഞ്ഞ ദിവസം കോർപറേഷൻ കൗൺസിലിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
വൈദ്യുതി ലഭിക്കാനുള്ള എസ്റ്റിമേറ്റ് തയാറാക്കി നൽകാനാവാത്തതാണ് പ്രശ്നം. ശൗചാലയങ്ങൾക്കൊപ്പം മുലയൂട്ടൽ കേന്ദ്രവും തൊട്ടടുത്ത് കോഫി ഷോപ്പുമടങ്ങിയതാണ് ടേക് എ ബ്രേക് കൗണ്ടർ. മലാപ്പറമ്പ്, കാളൂർ റോഡ് തുടങ്ങി വിവിധയിടങ്ങളിലുള്ള കെട്ടിടങ്ങൾ സാമൂഹികവിരുദ്ധരുടെയടക്കം താവളമായി മാറുന്നതായാണ് പരാതി.
പണിതീർന്ന് മാസങ്ങൾ കഴിഞ്ഞിട്ടും കെട്ടിടങ്ങൾ തുറന്നുകൊടുക്കാനായില്ല. ജില്ലയിൽ മുഴുവൻ പുതിയ കെട്ടിടങ്ങൾക്കുമുള്ള വൈദ്യുതി എസ്റ്റിമേറ്റ് തയാറാക്കാൻ റിട്ട. വൈദ്യുതി ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ പ്രത്യേക സമിതിയുണ്ടെങ്കിലും ഇവർക്ക് എസ്റ്റിമേറ്റ് തയാറാക്കാനാവുന്നില്ലെന്നാണ് പരാതി. വൈദ്യുതിയും വെള്ളവുമെത്തിക്കാൻ ഫണ്ടുണ്ടെങ്കിലും സാങ്കേതിക പ്രശ്നം കാരണം തുറക്കാനാവുന്നില്ല. വെറുതെകിടക്കുന്ന കെട്ടിടത്തിന് സമീപം മയക്കുമരുന്ന് വിൽപനയും തെരുവുനായ്ക്കളുടെ പ്രസവവുമൊക്കെ നടക്കുകയാണെന്നാണ് പരിസരവാസികളുടെ പരാതി. സമയബന്ധിതമായി പണിതീർക്കാനാവാത്തതാണ് പ്രശ്നം.
കോർപറേഷൻ അഴകുറ്റതാക്കാനുള്ള സ്വപ്നപദ്ധതിയായ ‘അഴകി’ൽ പെട്ടെന്ന് നടപ്പാക്കാവുന്ന ലക്ഷ്യങ്ങളിലൊന്നായി ടേക് എ ബ്രേക് കേന്ദ്രങ്ങൾ കണക്കാക്കിയിരുന്നു.
കെട്ടിടങ്ങൾക്ക് വൈദ്യുതി കിട്ടാനുള്ള എസ്റ്റിമേറ്റ് തയാറാക്കാൻ കലക്ടർ നിയമിച്ച സമിതിക്ക് മാത്രമേ അധികാരമുള്ളൂ. ജില്ലയിലെ മുഴുവൻ പൊതുകെട്ടിടങ്ങളുടെ ഇലക്ട്രിക്കൽ എസ്റ്റിമേറ്റ് തയാറാക്കുന്നത് റിട്ട. എക്സിക്യൂട്ടിവ് എൻജിനീയറടങ്ങിയ നാലംഗ കമ്മിറ്റിയാണ്.
ഇതിനുപകരം കോർപറേഷന് സ്വന്തമായി ഇലക്ട്രിക്കൽ വിഭാഗമുണ്ടായാലേ പ്രശ്നം ശാശ്വതമായി പരിഹരിക്കാനാവൂ. എന്നാൽ, വർഷങ്ങളായി കോർപറേഷൻ ഈ ആവശ്യമുന്നയിക്കുന്നെങ്കിലും ഒന്നും നടന്നിട്ടില്ല.
നിലവിലുള്ള ഇലക്ട്രിക്കൽ കമ്മിറ്റിയുടെ പുനഃസംഘടനയോ സർക്കാറിൽനിന്ന് പ്രത്യേക ഉത്തരവ് വാങ്ങിയോ പ്രശ്നപരിഹാരമുണ്ടാക്കാനാവുമെന്ന് ഡെപ്യൂട്ടി മേയർ സി.പി. മുസഫർ അഹമ്മദ് പറഞ്ഞു. നിലവിലുള്ള ചട്ടങ്ങൾ മാറ്റാൻ ഇടപെടൽ നടത്താനുള്ള ശ്രമത്തിലാണ് കോർപറേഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.