മുട്ടക്കോഴി വളർത്തൽ പദ്ധതിയിലെ ക്രമക്കേട്: ഉദ്യോഗസ്ഥർക്ക് വീഴ്ചയെന്ന് റിപ്പോർട്ട്

കോഴിക്കോട്: നഗരസഭ 2020-21 കാലത്ത് നടപ്പാക്കിയ മട്ടുപ്പാവിൽ മുട്ടക്കോഴി വളർത്തൽ പദ്ധതിക്ക് കൂട് വിതരണം ചെയ്ത കമ്പനിക്ക് ലഭിക്കാനുള്ള 6.32 ലക്ഷം രൂപകിട്ടിയില്ലെന്നും ഉപഭോക്താക്കളിൽനിന്ന് പണം വാങ്ങി കോർപറേഷന് തിരിച്ചടക്കാതെ ഉദ്യോഗസ്ഥർ തിരിമറി നടത്തിയെന്നുമുള്ള ആരോപണത്തെതുടർന്നുള്ള കോര്‍പറേഷന്‍ തല സമിതിയുടെ അന്വേഷണ റിപ്പോർട്ട് മേയർക്ക് സമർപ്പിച്ചു. മൃഗസംരക്ഷണവകുപ്പിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയാണെന്ന് കാണിക്കുന്ന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം സമര്‍പ്പിച്ചത്. നഗരസഭ സ്ഥിരംസമിതി അധ്യക്ഷ, വെറ്ററിനറി ഓഫിസര്‍, അഡീ.സെക്രട്ടറി എന്നിവരുള്‍പ്പെട്ട സമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

ആരോപണത്തിനിടയായ ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ മൃഗസംരക്ഷണ മേധാവിക്ക് ശിപാര്‍ശ നൽകാനാണ് തീരുമാനം. നഗരസഭക്ക് മൊത്തം നഷ്ടമായ 3,95,825 രൂപ പലിശ സഹിതം തിരിച്ചുപിടിക്കണമെന്നും അന്വേഷണസമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

കോഴിക്കൂട് നല്‍കിയ മലപ്പുറം കോട്ടക്കുന്ന് അഗ്രോ ആന്‍ഡ് പൗള്‍ട്രി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിക്ക് പദ്ധതിപ്രകാരമുള്ള തുക നല്‍കിയില്ലെന്നായിരുന്നു പരാതി.

2020-21 ജനകീയാസൂത്രണപദ്ധതി പ്രകാരം അന്ന് ബേപ്പൂര്‍ മൃഗാശുപത്രിയിലെ സീനിയര്‍ വെറ്ററിനറി സര്‍ജനാണ് ഇ-ടെന്‍ഡര്‍ ക്ഷണിച്ചത് നടപടികളെടുത്തത്. ഗുണഭോക്താക്കളില്‍നിന്ന് 6000 രൂപ വീതം കൂടിന് ഈടാക്കിയതായാണ് കണ്ടെത്തൽ. ഇങ്ങനെ 90 കൂടുകള്‍ക്ക് 5.4 ലക്ഷം രൂപ സമാഹരിച്ചു. 96 പേരിൽനിന്ന് ഗുണഭോക്തൃ വിഹിതവും പിരിച്ചു.

എന്നാൽ, 90 പേര്‍ക്ക് മാത്രമേ കൂട് കിട്ടിയുള്ളൂ. കമ്പനി 8900 രൂപ നിരക്കില്‍ 90 കൂടുകളാണ് നല്‍കിയതെന്നാണ് പറയുന്നത്.

എന്നാല്‍, 19 പേരുടെ ഗുണഭോക്തൃവിഹിതം ഉള്‍പ്പെടെ 1,69,100 രൂപമാത്രമാണ് കമ്പനിക്ക് ലഭിച്ചതെന്നും പരാതിപ്പെടുന്നു. മാങ്കാവ്, എലത്തൂർ, ചെറുവണ്ണൂർ-നല്ലളം, ബേപ്പൂർ എന്നീ മൃഗാശുപത്രികൾ വഴി നൽകിയ 90 ഹൈടെക് കൂടുകൾക്ക് മൊത്തം 8.01 ലക്ഷം രൂപയിൽ 1.69 ലക്ഷം മാത്രമാണ് കമ്പനിക്ക് ലഭിച്ചത്. സംഭവത്തിൽ ടൗൺ പൊലീസ് എടുത്ത കേസ് നിലവിലുണ്ട്. നഗരസഭ സെക്രട്ടറി, സിറ്റി പൊലീസ് കമീഷണർക്ക് നൽകിയ പരാതിയും കോഴിക്കൂട് വിതരണം ചെയ്ത മലപ്പുറത്തെ കമ്പനി നൽകിയ പരാതിയും പരിഗണിച്ചാണ് കേസ്. 

Tags:    
News Summary - scam in poultry scheme: Report against officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.