കടലുണ്ടിയിലെ തീരമേഖലയിൽ പ്രളയജലം എത്തിച്ച മരത്തടികൾ പ്രദേശവാസികൾ ശേഖരിക്കുന്നു

കടൽ അടിച്ചുകയറ്റിയത് ടൺകണക്കിന് വിറകും തടിയും

ചാലിയം: ദിവസങ്ങളായി ഒഴുകിയെത്തുന്ന പ്രളയജലം തീരവാസികൾക്ക് ദുരിതത്തോടൊപ്പം സമ്മാനിച്ചത് ടൺ കണക്കിന് വിറകിൻെറയും തടിയുടെയും ശേഖരം. നിലമ്പൂർ കാടുകൾ താണ്ടി കുത്തിയൊഴുകിയെത്തിയ ചാലിയാറാണ് ത​െൻറ രൗദ്രഭാവത്തിൽ കഷ്​ടത്തിലായവർക്ക് കൊല്ലം മുഴുവൻ കത്തിക്കാനുള്ള വിറകും പണിത്തരങ്ങളാക്കാൻപോലും പാകത്തിലുള്ള തടിമരങ്ങളും സമ്മാനിച്ചത്.

ശക്തമായ ഒഴുക്കായതിനാൽ പുഴ വഴിയെത്തുന്ന മരങ്ങൾ നദീതീരത്തുള്ളവർക്ക് പിടിച്ചെടുക്കാൻ പ്രയാസമാണ്. എന്നാൽ, ചാലിയം-ബേപ്പൂർ അഴിമുഖത്തെത്തുന്നതോടെ ഇവ കടലിലേക്കെത്തപ്പെടുന്നു. കടൽക്ഷോഭത്തെ തുടർന്ന് രൂപംകൊള്ളുന്ന കൂറ്റൻ തിരമാലകൾ ഇവയാകെ തീരത്തേക്കടിച്ചുകയറ്റുന്നു.

ഈട്ടി, തേക്ക്, പ്ലാവ്, ഇരൂൾ തുടങ്ങിയ വിലയേറിയ മരത്തടികളും പാഴ്മരങ്ങളുടെ വൻശേഖരവും ചാലിയം പുലിമുട്ട്​ മുതൽ കടലുണ്ടിക്കടവ് വരെ തീരവാസികൾക്ക് ലഭിച്ചിട്ടുണ്ട്. ശരിക്കും ചാകരക്കോളായത് വിറകാണ്. പലർക്കും ഒരു വർഷം കത്തിച്ചാൽപോലും തീരാത്ത വിറക് ശേഖരിക്കാനായി. കടൽഭിത്തി കവിഞ്ഞ് വരുന്ന തിരമാലകൾ വെള്ളത്തോടൊപ്പം എത്തിച്ചുകൊടുക്കുന്ന മരങ്ങൾ ശേഖരിക്കാൻ സ്ത്രീകളും കുട്ടികളുമൊക്കെ ഗൃഹനാഥന്മാർക്കൊപ്പം സഹായത്തിനുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.