കോഴിക്കോട്: വഞ്ചനക്കേസ് പ്രതിയിൽ നിന്ന് അരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായെന്ന കേസിൽ എസ്.ഐക്കും ഇടനിലക്കാരനും ഉപാധികളോടെ ജാമ്യം. മലപ്പുറം ജില്ല ക്രൈംബ്രാഞ്ച് എസ്.ഐ അരീക്കോട് ഊർങ്ങാട്ടിരി സുഹൈലിനും ഇടനിലക്കാരനായ മൂന്നാം പ്രതി മഞ്ചേരി സ്വദേശി മുഹമ്മദ് ബഷീറിനുമാണ് വിജിലൻസ് പ്രത്യേക ജഡ്ജ് ടി. മധുസൂദനൻ 50,000 രൂപയുടെ രണ്ട് ആൾ ജാമ്യം അനുവദിച്ചത്.
മൂന്നു മാസത്തേക്ക് മലപ്പുറം ജില്ലയിൽ പ്രവേശിക്കരുതെന്നും എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി ഒപ്പിടണമെന്നുമുള്ള ഉപാധികളാണ് കോടതി നിർദേശിച്ചത്. പ്രതിക്ക് കൈക്കൂലിപ്പണം നൽകിയത് കവറിലായത് വിജിലൻസ് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന പ്രതി ഭാഗം അഭിഭാഷകരായ വി.പി.എ. റഹ്മാൻ, രാജു അഗസ്റ്റ്യൻ എന്നിവരുടെ വാദം കൂടി അംഗീകരിച്ചു കൊണ്ടാണ് ഉത്തരവ്.
കൈക്കൂലിയായി നൽകിയ ഫോണുകൾ കണ്ടെടുക്കാനായില്ലെന്നും ഉത്തരവിലുണ്ട്. കേസിന്റെ ഇതുവരെയുള്ള അന്വേഷണ വിവരങ്ങൾ വെച്ചു കൊണ്ടുള്ള റിപ്പോർട്ട് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഹാജരാക്കിയിരുന്നു. 2017ൽ മലപ്പുറം പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനക്കേസിലെ പ്രതിയായ പരാതിക്കാരന് 2019ൽ ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു.
മറ്റൊരു കേസന്വേഷണത്തിന് ബംഗളൂരുവിൽ പോയ എസ്.ഐ സുഹൈൽ പരാതിക്കാരനെ അറസ്റ്റ് ചെയ്ത് മലപ്പുറം കോടതിയിൽ ഹാജരാക്കുകയും കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. എന്നാൽ, പരാതിക്കാരനെതിരെ വേറെയും വാറന്റുകൾ ഉണ്ടെന്നും കാണേണ്ടതുപോലെ കണ്ടാൽ സഹായിക്കാമെന്നും കൈക്കൂലിയായി ഐഫോൺ14 നൽകണമെന്നും ആവശ്യപ്പെട്ടെന്നാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.