കോഴിക്കോടിന്റെ മുഖമുദ്രയാണ് മിഠായിത്തെരുവ്. മറ്റ് ജില്ലകളിൽനിന്ന് എത്തുന്നവരുടെ ആകർഷണകേന്ദ്രം. ഗവർണറെപോലും ആകർഷിച്ച തെരുവിന് പുറമെനിന്ന് നോക്കുമ്പോൾ മോടി തോന്നുമെങ്കിലും അടിസ്ഥാനസൗകര്യങ്ങളില്ലാതെ ശ്വാസംമുട്ടുകയാണ് ഈ മധുരത്തെരുവ്.
ഹോൾസെയിൽ, റീട്ടെയിൽ മേഖലകളിലായി 1500ഓളം ഷോപ്പുകൾ. രാവിലെ പത്തുമണിയോടെ തന്നെ സജീവമാകുന്ന തെരുവിൽ ഉത്സവസീസണുകളിൽ നിന്നുതിരയാൻ പോലുമാകാത്ത വിധമാണ് തിരക്ക്.
മിഠായിത്തെരുവെന്നാണ് പേരെങ്കിലും തെരുവിന്റെ ഉപറോഡുകളായ കോർട്ട് റോഡ്, മൊയ്തീൻ പള്ളി റോഡ്, പി.എം താജ് റോഡ് എന്നീ റോഡുകളും ഇടറോഡുകളും എല്ലാം ചേർന്ന വ്യാപാരമേഖലയുടെ പല ഭാഗങ്ങളിലായി കോയൻകോ ബസാർ, ഓയാസിസ് കോമ്പൗണ്ട്, എം.എ ബസാർ, സി.പി ബസാർ എന്നിങ്ങനെ വ്യാപിച്ചുകിടക്കുകയാണ് വ്യാപാര സ്ഥാപനങ്ങൾ.
മിഠായിത്തെരുവിന്റെ പെരുമ കേട്ടെത്തുന്ന സഞ്ചാരികളെ വരവേൽക്കുന്നത് നിരത്തിവെച്ച പൊലീസ് ബാരിക്കേഡുകളാണ്. അതിലൂടെ നൂണ്ട് അകത്തുകടന്നാൽ വരവേൽക്കുന്നത് പൊലീസിന്റെ ജയിൽ ചപ്പാത്തി വണ്ടിയും വൃത്തിരഹിതമായ തെരുവുമാണ്.
ഇത്തരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ കുറയുമ്പോൾ കുടുംബങ്ങൾ കൂട്ടത്തോടെ മാളുകളിലേക്ക് പോകുന്നെന്നാണ് വ്യാപാരികളുടെ പരാതി. 2017ൽ മോടികൂട്ടി ജനങ്ങൾക്ക് സമർപ്പിച്ച തെരുവിന് ചില പോരായ്മകളുണ്ടെങ്കിലും ഫണ്ട് ലഭിക്കുന്നതിനനുസരിച്ച് അധികൃതർ അവ പരിഹരിക്കുമെന്ന് മിഠായിത്തെരുവ് വ്യാപാരി വ്യവസായി ഏകോപനസമിതി കൺവീനർ സി.പി. അബ്ദുറഹിമാൻ പറഞ്ഞു.
തെരുവ് തുടങ്ങുന്നയിടത്തുള്ള പൊലീസ് എയ്ഡ് പോസ്റ്റിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരാണ് രാവിലെ എട്ട് മുതൽ രാത്രിവരെ ഡ്യൂട്ടിയിലുണ്ടാകുക. തെരുവിന്റെ പല ഭാഗങ്ങളിലായി ഏകദേശം 12 കാമറകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഒരെണ്ണം മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്.
സാങ്കേതിക തകരാറുമൂലം മറ്റ് കാമറകൾ പ്രവർത്തിക്കാതായിട്ട് മാസങ്ങളായി. ഇടറോഡുകളിലൊന്നും കാമറകളില്ല. രണ്ട് പൊലീസുകാർക്ക് വലിയ ജനസഞ്ചയത്തെ നിയന്ത്രിക്കാൻ കഴിയില്ലെന്നതാണ് യാഥാർഥ്യം. ഇതിന് പരിഹാരമായി സ്റ്റുഡന്റ് കാഡറ്റുകളെ നിയമിക്കണമെന്നുള്ള ആവശ്യവും അധികൃതർ ഇതുവരെ ചെവിക്കൊണ്ടിട്ടില്ല. തെരുവിന്റെ പല ഭാഗത്തായി കുടിവെള്ള സൗകര്യം ഏർപ്പെടുത്തണമെന്ന ആവശ്യവും പരിഹരിക്കപ്പെട്ടിട്ടില്ല.
മാലിന്യം നിക്ഷേപിക്കാൻപോലും ഇടമില്ല. മാലിന്യം നിക്ഷേപിക്കാൻ സ്ഥാപിച്ച പച്ച സിമന്റ് തൊട്ടിയിൽനിന്ന് മാലിന്യം എടുക്കുന്നത് ബുദ്ധിമുട്ടിലായതോടെ കമഴ്ത്തിയിട്ടിരിക്കുകയാണ് അധികൃതർ. ഇത് ഇരിപ്പിടമെന്ന് തെറ്റിദ്ധരിച്ച് അതിനുമുകളിൽ വിശ്രമിക്കുന്നവരുമുണ്ട്.
ഉപ്പുമുതൽ കർപ്പൂരംവരെ വിലക്കുറവിൽ ലഭിക്കുന്ന മിഠായിത്തെരുവിനെ ആശ്രയിക്കുന്നവർ മിക്കവാറും സാധാരണക്കാരാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഇവിടെയെത്തുന്നവർ ആശ്രയിക്കുന്ന എൽ.ഐ.സി ബസ് സ്റ്റോപ്പിൽ മഴ പെയ്യാൻ തുടങ്ങുമ്പോഴേക്കും വെള്ളക്കെട്ടാണ്.
കുറേക്കൂടി സൗകര്യങ്ങളുള്ള ഒരു ബസ്ബേയാണ് ഇവിടെ ആവശ്യം. നിരവധി ഓട്ടോറിക്ഷകൾ കവാടത്തിൽ നിർത്തിയിടുന്നതും തിരക്ക് വർധിക്കാൻ കാരണമാകുന്നു. പാർക്കിങ്ങാണ് ഇവിടെ വരുന്നവർ നേരിടുന്ന പ്രധാന പ്രശ്നം. പാർക്കിങ് പ്ലാസ വരുന്നതോടെ ഇതിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
ആയിരക്കണക്കിന് പേർ വന്നുപോകുന്ന തെരുവിൽ ആകെയുള്ളത് പി.എം താജ് റോഡിലെ നാല് ശുചിമുറികളാണ്. ചില ഷോപ്പുകളിൽ ശുചിമുറികളുണ്ടെങ്കിലും ഭൂരിഭാഗം ഷോപ്പുകളും ചെറിയ മുറികളിലായതിനാൽ ശുചിമുറികൾ സ്ഥാപിക്കാൻ നിവൃത്തിയില്ല. വ്യാപാരസ്ഥാപനങ്ങളിലെ സ്ത്രീകൾപോലും പട്ടാളം പള്ളിയിലും മൊയ്തീൻ പള്ളിയിലും പോയാണ് പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നത്. സ്ത്രീകൾക്ക് പാഡ് നിക്ഷേപിക്കാനോ മുലയൂട്ടാനോ ഉള്ള സൗകര്യങ്ങളില്ലാത്തതും വലക്കുന്നു.
ആവശ്യത്തിന് ഇരിപ്പിടങ്ങളില്ലാതെ ബുദ്ധിമുട്ടുകയാണ് സഞ്ചാരികൾ. 2017ൽ ആറരക്കോടി രൂപ ചെലവിലാണ് തെരുവ് നവീകരിച്ചത്. നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ച ഇരിപ്പിടങ്ങളിൽ പകുതിയും പാർക്കിങ് പ്ലാസ നിർമാണത്തിന്റെ ഭാഗമായി അലങ്കോലപ്പെട്ടു.
മറ്റൊരുവശത്ത് വർഷങ്ങളായി തുരുമ്പിച്ച് കിടക്കുന്ന പൊലീസ് ബാരിക്കേഡും കമ്പിവേലിയും പൊട്ടിപ്പൊളിഞ്ഞ ചാരുബെഞ്ചുകളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.