കോഴിക്കോട്: സൗത്ത് ബീച്ച് റോഡിൽ കച്ചവടത്തിനായി കെട്ടിയുണ്ടാക്കിയ അനധികൃത പന്തലുകൾ കോർപറേഷൻ പൊളിച്ചുനീക്കി. മണ്ണുമാന്തി യന്ത്രങ്ങളും മറ്റുമായി എത്തിയ സംഘമാണ് സൗത്ത് ബീച്ചിൽ കണ്ണംപറമ്പിലിലും തൊട്ടടുത്തുമുള്ള പന്തലുകൾ വെള്ളിയാഴ്ച രാവിലെ മുതൽ പൊളിച്ചുമാറ്റിയത്.
നേരത്തേ നടപടിയുണ്ടാവുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയ കടക്കാരെയാണ് ഒഴിപ്പിച്ചത്. അധികൃതർ പൊളിക്കുന്നതുകണ്ട് സ്വയം പൊളിച്ചുമാറ്റിയവരുമുണ്ട്. റോഡുകളിൽ തടസ്സങ്ങളും അപകടങ്ങളും ഒഴിവാക്കാൻ നഗരസഭയെടുത്ത തീരുമാന പ്രകാരമാണ് നടപടി. കൈയേറ്റങ്ങൾ തടയാൻ കർശന നടപടിയെടുക്കാൻ നഗരസഭ കൗൺസിലാണ് തീരുമാനിച്ചത്.
എൽ.ഐ.സിക്കുസമീപം ബൈക്കിൽ സഞ്ചരിച്ച കുടുംബം അപകടത്തിൽപെട്ടത് റോഡിലെ അസൗകര്യം കൊണ്ടാണെന്ന് പരാതിയുയർന്നിരുന്നു. ഈ സാഹചര്യത്തിൽ നഗരത്തിലെ റോഡരികിൽ തടസ്സമുണ്ടാക്കുന്ന കച്ചവടങ്ങളും മറ്റും ഒഴിപ്പിക്കാനും ആദ്യഘട്ടമായി കോതി പാലം മുതൽ സൗത്ത് ബീച്ച് വരെയുള്ള മുഴുവൻ റോഡ് കൈയേറ്റവും ഇല്ലാതാക്കാനുമായിരുന്നു മാർച്ച് രണ്ടിലെ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചത്.
ബീച്ച് റോഡിൽ അനധികൃത കച്ചവടക്കാരുടെ എണ്ണം ദിനേന കൂടുന്നതായി പരാതിയുയർന്നിരുന്നു. മുഹമ്മദലി കടപ്പുറം മുതൽ കോതി പാലം കഴിഞ്ഞും വിവിധയിനം കച്ചവടങ്ങളും മറ്റും കാരണം ഗതാഗതക്കുരുക്ക് സ്ഥിരമാണ്. ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന ഷെഡുകളാണ് ഈ ഭാഗത്ത് ഏറെയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.