കോഴിക്കോട്: അരനൂറ്റാണ്ടുകാലം നഗരത്തിൽ ഓട്ടോ ഓടിച്ച ബേപ്പൂർ നടുവട്ടം സ്വദേശി കയ്യടിതോട് ബാബു (ജിതേന്ദ്രൻ -67) ഡ്രൈവർ ജോലിയിൽനിന്ന് സ്വയം വിരമിച്ചു. ഇനി മറ്റെന്തെങ്കിലും ജോലി ചെയ്യണമെന്നാണാഗ്രഹം. 1972ൽ ഓട്ടോയും കാറും കഴുകാൻ പോകുമായിരുന്നു. അങ്ങനെയാണ് ഡ്രൈവിങ് പഠിച്ചെടുത്തത്. തുടർന്ന് 1975 ലാണ് വെള്ളയിൽ സ്വദേശിയുടെ ലാബ്രട്ട ഓട്ടോയുമായി നഗരത്തിൽ സർവിസ് തുടങ്ങുന്നത്.
താൻ ഡ്രൈവർ ജോലി തുടങ്ങുമ്പോൾ ഒരു രൂപയായിരുന്നു ഓട്ടോ കൂലി. ദിവസം മുതലാളിക്ക് നൽകേണ്ട കലക്ഷൻ തുക 20 രൂപ. അന്ന് കേവലം അമ്പതിൽ താഴെ ഓട്ടോകൾ മാത്രമേ നഗരത്തിലുള്ളൂ എന്നും ബാബു ഓർമിക്കുന്നു. ഇന്നത്തേതുപോലെ എല്ലാഭാഗത്തും റോഡും പാലവും ഒന്നുമില്ല.
പല ചെറുറോഡുകളും ടാർ ചെയ്തിട്ടുപോലുമില്ല. ഇന്നിപ്പോൾ ഓട്ടോയുടെ മിനിമം ചാർജ് 30 രൂപയും കലക്ഷൻ തുക 400 രൂപയുമാണ് -അദ്ദേഹം പറയുന്നു. അമ്പതു വർഷത്തിനിടെ മുപ്പതോളം പേരുടെ ഓട്ടോകളിലാണ് ഇദ്ദേഹം ഡ്രൈവറായി ജോലി ചെയ്തത്.
പ്രധാനമായും കുണ്ടുങ്ങൽ, കുറ്റിച്ചിറ, പള്ളിക്കണ്ടി മേഖലകളിലായിരുന്നു സർവിസ്. ഇക്കാലയളവിൽ റോഡിൽ അപകടം പറ്റിയും മറ്റും കിടന്ന അമ്പതോളം പേരെ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞു.
മാത്രമല്ല എഴുത്തുകാരായ എം.ടി. വാസുദേവൻ നായർ, എൻ. ഗോപാലകൃഷ്ണൻ എന്നിവരുടെ കാറുകളിലും കുറച്ചുകാലം ഡ്രൈവറായി ജോലി ചെയ്തു. വൈക്കം മുഹമ്മദ് ബഷീർ, കുതിരവട്ടം പപ്പു, എസ്.കെ. പൊറ്റക്കാട്, നെല്ലിക്കോട് ഭാസ്കരൻ അടക്കമുള്ള പ്രമുഖർ ഇദ്ദേഹത്തിന്റെ ഓട്ടോയിൽ നിരവധി തവണ യാത്ര ചെയ്യുകയും സൗഹൃദം പങ്കിടുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.