താമരശ്ശേരി: കായിക താരങ്ങളായ വിദ്യാർഥിനികളെ പീഡിപ്പിച്ച കേസില്‍ റിമാൻഡിലായ കായികാധ്യാപകന് കോടഞ്ചേരി നെല്ലിപ്പൊയിൽ മീന്മുട്ടി വട്ടപ്പാറയില്‍ വി.ടി. മിനീഷിനെ (41) സ്കൂളിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
കോടഞ്ചേരി സ്വദേശിനിയായ വിദ്യാര്‍ഥിനിയെ പരിശീലനത്തിനിടെ കാൽ ചവിട്ടിയൊടിച്ച കേസിലാണ് തെളിവെടുപ്പ് നടത്തിയത്. മറ്റു രണ്ടു വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്നുള്ള പോക്സോ കേസില്‍ റിമാൻഡിലായ അധ്യാപകനെ താമരശ്ശേരി പൊലീസ് തിങ്കളാഴ്ച ഉച്ചയോടെ കസ്റ്റഡിയില്‍ വാങ്ങി സ്കൂളിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയായിരുന്നു.
സ്കൂളിലെ സ്പോർട്സ് മുറിയിൽവെച്ച് പെണ്‍കുട്ടിയെ മര്‍ദിച്ച് പരിക്കേല്പിച്ചെന്നും ഭക്ഷണവും ചികിത്സയും നല്‍കാതെ പീഡിപ്പിച്ചെന്നുമാണ് വിദ്യാര്‍ഥിനിയുടെ പരാതി. എന്നാല്‍, അധ്യാപകന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഭയപ്പെട്ട വിദ്യാര്‍ഥി മർദന വിവരം വീട്ടുകാരെ അറിയിച്ചിരുന്നില്ല.
കായികതാരത്തിനെ ലൈംഗികമായി പീഡിപ്പിച്ചതിന് അറസ്റ്റിലായതോടെയാണ് മറ്റൊരു വിദ്യാര്‍ഥിനിയുടെ രക്ഷിതാവ് ഈ പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ വിവരം അറിയിച്ചത്. തുടർന്ന് താമരശ്ശേരി പൊലീസിൽ പരാതി നൽകുകയായിരുന്നു. തെളിവെടുപ്പിനുശേഷം പ്രതിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി. വൈകീട്ട് നാലോടെ ജയിലിലേക്ക് മാറ്റി. അതിനിടെ കായികാധ്യാപകനെതിരെ ശക്തമായ നടപടികൾ ആവശ്യപ്പെട്ടും കൂടുതൽ വിദ്യാർഥിനികളെ ഇയാൾ പീഡനത്തിനിരയാക്കിയോ എന്നന്വേഷിക്കണമെന്നാവശ്യപ്പെട്ടും നാട്ടുകാർ കർമസമിതിക്ക് രൂപം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.