കോഴിക്കോട്: പതിവില്ലാത്തവിധം ശക്തമായ വേനൽമഴയിൽ ജില്ലയിൽ വ്യാപക കൃഷിനാശം. കനത്ത കാറ്റിലുണ്ടായ കൃഷിനാശം കർഷകർക്ക് തിരിച്ചടിയായി. പച്ചക്കറി മുതൽ തെങ്ങ് വരെയുള്ള കൃഷികൾക്കാണ് നാശമുണ്ടായത്. വേനലിൽ ഇത്രയും കാറ്റും മഴയും അടുത്തകാലത്തുണ്ടായിട്ടില്ല.
ഏപ്രിൽ ഒന്ന് മുതൽ 19 വരെയുള്ള ദിവസങ്ങളിൽ 7.97 കോടി രൂപയുടെ നഷ്ടമാണുണ്ടായത്. 6103 കർഷകരുടെ 210 ഹെക്ടറിലെ കൃഷിയെ വേനൽമഴയും കാറ്റും ബാധിച്ചു. കൃഷിവകുപ്പിന്‍റെ കൊടുവള്ളി ബ്ലോക്കിന് കീഴിലാണ് ഏറ്റവും കൂടുതൽ നഷ്ടം, 1.54 കോടി രൂപ. പേരാമ്പ്രയിൽ 90ഉം കുന്നുമ്മലിൽ 87ഉം തൂണേരിയിൽ 85ഉം ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വകുപ്പിന്‍റെ പ്രഥമ വിവര റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുന്നുമ്മൽ ബ്ലോക്കിൽ 47.14ഉം കൊടുവള്ളിയിൽ 44.46ഉം ഹെക്ടർ സ്ഥലത്താണ് കൃഷിനാശം. ഉള്ള്യേരിയിൽ ഈ മാസം 19 വരെ 1158 കർഷകരെ ബാധിച്ചു. കോഴിക്കോട് ബ്ലോക്കിൽ 0.04 ഹെക്ടറിൽ മാത്രമാണ് നഷ്ടം. അരലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു.
വേനൽമഴയും കാറ്റും വാഴക്കർഷകർക്കാണ് വൻ തിരിച്ചടിയുണ്ടാക്കിയത്. കുലച്ച 69789 വാഴകൾ നിലംപൊത്തി.1737 കർഷകർക്ക് ഇതുവഴി 4.18 കോടി നഷ്ടമുണ്ടായി. കുലക്കാത്ത 30615 വാഴകൾ മറിഞ്ഞുവീണപ്പോൾ 1275 കർഷകർക്ക് 1.22 കോടി നഷ്ടമുണ്ടായി. കായ്ഫലമുള്ള 2059 തെങ്ങുകൾ കടപുഴകിയപ്പോൾ 1086 പേർക്ക് 1.02 കോടി നഷ്ടമുണ്ടായി. 59 ഹെക്ടറിലെ നെല്ലിനെയും ബാധിച്ചു. 89.85 ലക്ഷം രൂപയാണ് നെൽകർഷകർക്കുണ്ടായ നഷ്ടം. ചക്കയും കൊക്കോയും റബറുമെല്ലാം നശിച്ചവയിൽപെടും. നാശം സംഭവിച്ചവർക്ക് കൃഷിവകുപ്പ് നഷ്ടപരിഹാരം നൽകും. ഓൺലൈൻ വഴിയാണ് കർഷകർ അപേക്ഷിക്കേണ്ടത്. 10000 രൂപ വരെയുള്ള നഷ്ടപരിഹാരം അതത് ജില്ല ഓഫിസർമാർക്കുതന്നെ നൽകാം. വലിയ തുകകൾ ഉന്നത ഉദ്യോഗസ്ഥർ അനുവദിക്കുന്നതാണ് പതിവ്. കായ്ഫലമുള്ള തെങ്ങിന് 700 രൂപയാണ് നഷ്ടപരിഹാരം. ഇതിൽ 597.14 രൂപ സംസ്ഥാന വിഹിതവും 102.86 രൂപ കേന്ദ്രവിഹിതവുമാണ്. വിള ഇൻഷുറൻസെടുത്തവർക്ക് കൂടുതൽ തുക കിട്ടും. ഉദാഹരണമായി, കുലച്ച വാഴക്ക് 100 രൂപയാണ് കൃഷിവകുപ്പിന്‍റെ നഷ്ടപരിഹാരം. എന്നാൽ, വിള ഇൻഷുറൻസുള്ളവർക്ക് വാഴ ഒന്നിന് 500 രൂപ വീതം കിട്ടും. ഇൻഷുർ ചെയ്ത കായ്ഫലമുള്ള തെങ്ങിന് 2000 രൂപ ലഭിക്കും.
വേനൽമഴയുടെ വമ്പൻ പെയ്ത്ത്
കോഴിക്കോട്: ഏപ്രിൽ ഏഴുമുതൽ 14 വരെയുള്ള ആഴ്ചയിൽ സാധാരണയിലും 67 ശതമാനം മഴയാണ് ലഭിച്ചത്. അതേസമയം, മാർച്ച് ഒന്നുമുതലുള്ള കണക്കനുസരിച്ച് ശരാശരിയിലും 48 ശതമാനം അധിക മഴ കിട്ടി. ഏപ്രിൽ ഏഴുമുതൽ 14 വരെയുള്ള ആഴ്ചയിൽ 21.2 മില്ലി മീറ്ററാണ് ലഭിക്കേണ്ട മഴ. എന്നാൽ, പെയ്തത് 35.3 മില്ലി മീറ്ററും. മാർച്ച് ഒന്ന് മുതൽ ഏപ്രിൽ 14 വരെ ജില്ലയിൽ 51.2 മില്ലി മീറ്ററാണ് സാധാരണ മഴയുടെ പ്രതീക്ഷിച്ച അളവ്. എന്നാൽ, 76 മില്ലി മീറ്റർ പെയ്തു. വിഷുദിനത്തിനുശേഷം മഴയിൽ അൽപം കുറവുണ്ടായിട്ടുണ്ട്. ഏപ്രിലിലാണ് ഏറ്റവും കൂടുതൽ പെയ്തത്. തിങ്കളാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിലെ കണക്കനുസരിച്ച് നേരിയ മഴ മാത്രമാണ് ലഭിച്ചത്. കോഴിക്കോട് 0.8 മില്ലി മീറ്ററും കൊയിലാണ്ടിയിൽ രണ്ട് മില്ലി മീറ്ററുമാണ് മഴയുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.