കോഴിക്കോട്: പണാധിപത്യത്തിന്റെ ലോകത്തെപ്പറ്റി മാർപാപ്പക്ക് പോലും പറയേണ്ടിവരുന്ന കാലത്ത് കമ്യൂണിസത്തിന്റെ ഭാവി ഒരു കാരണവശാലും തടഞ്ഞുനിർത്താനാവാത്തതാണെന്ന് എം.എ. ബേബി. സി.പി.എം ജില്ല സമ്മേളന ഭാഗമായി ടൗൺഹാളിൽ 'കമ്യൂണിസത്തിന്റെ ഭാവിയും വർത്തമാന ലോകവും' സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറ്റങ്ങൾ സൂക്ഷ്മമായി പഠിച്ച് ഉചിതമായ പ്രവർത്തനശൈലിയില്ലാതെപോയതാണ് റഷ്യയിലടക്കം സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ ശൈഥില്യത്തിന് കാരണം. പ്രമാണം മാത്രം വാദിച്ച് പ്രായോഗികത നോക്കാതെ സിദ്ധാന്തശാഠ്യം പിടികൂടുന്നതും വലതുപക്ഷ അപചയവും ഒരുപോലെ വ്യതിയാനമാണ്.
എങ്കിലും പുതിയ സമൂഹം സാധ്യമെന്ന് പരാജയപ്പെടുംമുമ്പ് സോവിയറ്റ് യൂനിയൻ തെളിയിച്ചിട്ടുണ്ട്. കോവിഡ് കാലത്ത് രണ്ടു വ്യവസ്ഥകൾ തമ്മിലുള്ള വ്യത്യാസം ലോകം കണ്ടതാണ്. കോവിഡിൽ പ്രാണവായുവിന് കേഴുമ്പോൾ പേറ്റന്റ് നിയമമുപയോഗിച്ച് ശതകോടി ലാഭമുണ്ടാക്കാനാണ് മുതലാളിത്തം ശ്രമിച്ചത്. എന്നാൽ, സാമ്പത്തിക ഉപരോധത്തിനിരയായ ക്യൂബ കോവിഡ് പ്രതിരോധിക്കാൻ 40 ലധികം രാജ്യങ്ങളിലേക്ക് ആളെയയച്ചു.
ലോകത്തെ അഞ്ചുപേരിൽ ഒരാൾ സമത്വപൂർണമായ ലോകം കെട്ടിപ്പടുക്കാനുള്ള പ്രയത്നത്തിൽ ഒരുവിധത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഏർപ്പെട്ടിരിക്കുന്നുവെന്നാണ് കണക്ക്. ലാറ്റിനമേരിക്കയിലും യൂറോപ്പിലുമെല്ലാം അത് തെളിഞ്ഞുവരുന്നു. ആദി ഗോത്രങ്ങളിൽ സോഷ്യലിസ്റ്റ് വ്യവസ്ഥയാണ് പുലർന്നിരുന്നതെന്നത് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, എ. പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു. കെ.ടി. കുഞ്ഞിക്കണ്ണൻ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.