കോഴിക്കോട്: വിധിനിർണയത്തിന്റെ 40 വർഷം തികയുന്ന ദിവസം അതേ സ്കൂളിൽതന്നെ സബ്ജില്ല സ്കൂൾ കലോത്സവത്തിന് വിധികർത്താക്കളാകാൻ അപൂർവ ഭാഗ്യം ലഭിച്ച് കുന്ദമംഗലം സി.കെ. ആലിക്കുട്ടിയും അബ്ദുറഹിമാൻ എളേറ്റിലും. മാപ്പിളകലയിൽ തുടർച്ചയായി 40 വർഷം വിധികർത്താക്കളായതിന്റെ ചാരിതാർഥ്യത്തിലാണ് ഇരുവരും. 1984ലാണ് ആദ്യമായി ഇരുവരും കലോത്സവവേദിയിൽ ഒരുമിച്ചിരിക്കുന്നത്. ആ ബന്ധം നീണ്ടത് 40 വർഷമാണ്.
ഫോക് ലോർ അവാർഡ് ജേതാവ് കൂടിയായ കുന്ദമംഗലം സി.കെ. ആലിക്കുട്ടിക്കൊപ്പം സ്കൂൾ കലോത്സവം മുതൽ സംസ്ഥാന തലംവരെ വിവിധ വർഷങ്ങളിൽ വിധികർത്താവായി അബ്ദുറഹിമാൻ എളേറ്റിലുമെത്തി. പാട്ടെഴുതിയും പഠിപ്പിച്ചും പാടിയും മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയതിന് ആലിക്കുട്ടിയെ തേടി ഫോക് ലോർ അവാർഡ് എത്തുകയായിരുന്നു.
ആദ്യകാലത്ത് സ്കൂൾ കലോത്സവത്തിൽ മാപ്പിളകല എന്നത് ഒപ്പനയും മാപ്പിളപ്പാട്ടും മാത്രമായിരുന്നു. പിന്നീട് വട്ടപ്പാട്ട്, ദഫ്മുട്ട്, അറബനമുട്ട്, കോൽക്കളി എന്നിവ സ്കൂൾ കലോത്സവങ്ങളിൽ എത്തിയതോടെ ഇരുവരും മാപ്പിളകലകളുടെ അവസാന വാക്കുകളായി. ഇതിനിടെ നിരവധി ശിഷ്യഗണങ്ങളെയാണ് ഇവർ വാർത്തെടുത്തത്. മാപ്പിളകലകളുടെ മാന്വൽ പരിഷ്കരണത്തിൽ തങ്ങളുടെ പങ്കാളിത്തവും ഉണ്ടാകുന്നുവെന്ന ചാരിതാർഥ്യവും ഈ വിധികർത്താക്കൾക്കുണ്ട്.
കാസർകോട് ജില്ലയിലെ തെക്കിൽ പറമ്പ് ഗവൺമെന്റ് യു.പി സ്കൂളിൽ മാപ്പിളപ്പാട്ടിന് വിധി നിർണയിക്കാൻ ആലിക്കുട്ടിയെ അബ്ദുറഹിമാൻ ക്ഷണിച്ചു. 1984 ഒക്ടോബർ 30നായിരുന്നു ഇരുവരുടെയും ആദ്യ വിധിനിർണയം. പക്കർ പന്നൂരും അന്ന് ഇരുവർക്കുമൊപ്പമുണ്ടായിരുന്നു. 60 ഓളം മത്സരാർഥികളുടെ വിധികർത്താക്കളായി അന്ന് മാർക്കിടുകയും ചെയ്തു. 40 വർഷം തികയുന്ന ദിവസം അതേ സ്കൂളിൽതന്നെ സബ്ജില്ല സ്കൂൾ കലോത്സവത്തിന് മാപ്പിളപ്പാട്ട്, ഒപ്പന, വട്ടപ്പാട്ട്, ദഫ്മുട്ട്, അറബനമുട്ട്, കോൽക്കളി എന്നിവക്ക് യുവ രചയിതാവും വിധികർത്താവുമായ ഫസൽ കൊടുവള്ളിക്കുമൊപ്പം ഇരുവരും വിധികർത്താക്കളായി. കേരളത്തിലങ്ങോളമിങ്ങോളം ആയിരത്തിലധികം മാപ്പിള കലാവേദികളിൽ വിധിനിർണയം നടത്തിയ ഓർമകളാണ് ഇന്ന് ഇവരുടെ മനസ്സിൽ നിറഞ്ഞാടുന്നത്. ഒരു സ്ഥലത്തും കലക്കുവേണ്ടിയല്ലാതെ പണത്തിനുവേണ്ടി ചെന്നിട്ടില്ലെന്ന് ഇരുവരും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.