എസ്റ്റേറ്റ് തൊഴിലാളികളുടെ ജീവിതം ഇത്രയും നരകതുല്യമാകാൻ കാരണം പ്ലാന്റേഷൻ കോർപറേഷന്റെ കെടുകാര്യസ്ഥത കൂടിയാണ്. ചെയ്യേണ്ട കാര്യങ്ങൾ കൃത്യമായി ചെയ്യാതെയാണ് നഷ്ടത്തിലാണെന്ന പല്ലവി ആവർത്തിക്കുന്നത്. പേരാമ്പ്ര എസ്റ്റേറ്റിൽ കെട്ടിക്കിടക്കുന്ന റബർ പാൽ മാത്രം മതി കോർപറേഷന്റെ കെടുകാര്യസ്ഥതയുടെ ആഴം മനസ്സിലാക്കാൻ.
ആറുമാസം മുമ്പുള്ള റബർ പാൽ വരെ ഇവിടെ വിറ്റഴിക്കാതെ കെട്ടിക്കിടക്കുന്നുണ്ട്. പേരാമ്പ്ര എസ്റ്റേറ്റിലെ പാൽ എറണാകുളത്തെ കല്ലാല എസ്റ്റേറ്റിലേക്കാണ് കൊണ്ടുപോകുന്നത്. ഇവിടെ നിന്ന് ടെൻഡർ കൊടുത്താണ് വിറ്റഴിക്കുന്നത്. ഒരു വർഷമായി ഇ-ടെൻഡറാണ് നടക്കുന്നത് എന്നതിനാൽ പഴയതുപോലെ ആളുകൾ ടെൻഡറിൽ പങ്കെടുക്കുന്നില്ലെന്നാണ് അധികൃതർ പറയുന്നത്.
പേരാമ്പ്ര എസ്റ്റേറ്റിൽനിന്ന് സീസണിൽ ശരാശരി 4000 ലിറ്റർ പാലാണ് ലഭിക്കുന്നത്. ആദ്യമെല്ലാം ആഴ്ചയിൽ രണ്ടും മൂന്നും തവണ പാൽ കല്ലാലക്ക് കൊണ്ടുപോകുമായിരുന്നു. പേരാമ്പ്ര എസ്റ്റേറ്റിനു മാത്രം ഒരു ടാങ്കർ ലോറിയും ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ അതില്ല. അതുകൊണ്ട് കല്ലാലയിൽനിന്നാണ് ലോറി എത്തുന്നത്.
ഇത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായി തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. പേരാമ്പ്ര എസ്റ്റേറ്റിൽ ഉൽപാദിപ്പിക്കുന്ന പാൽ ഇവിടെത്തന്നെ വിറ്റഴിക്കാൻ നടപടി സ്വീകരിച്ചാൽ ഈ വലിയ നഷ്ടം ഒഴിവാക്കാൻ കഴിയും. ഒരു ടാങ്കർ ലോറി എറണാകുളത്തുനിന്നും പേരാമ്പ്രയെത്തി സാധനം കൊണ്ടുപോകുമ്പോൾ ചുരുങ്ങിയത് 15000 രൂപയെങ്കിലും ചെലവുവരും.
കെട്ടിക്കിടക്കുന്ന പാൽ അമോണിയ ചേർത്ത് ബാരലിൽ സൂക്ഷിച്ചുവെക്കുകയാണ് ചെയ്യുന്നത്. കാലപ്പഴക്കം വന്നാൽ പാൽ കേടുവരാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയില്ലെന്ന് തൊഴിലാളികൾ പറയുന്നു. മൂന്നുവർഷത്തിലധികമായി, നിലവിലുള്ള റബർ മരങ്ങൾക്ക് ഒരു വളവും ചെയ്യാറില്ല.
സാധാരണ വർഷത്തിൽ രണ്ടുതവണ വളം ചെയ്യാറുണ്ടായിരുന്നു. യൂറിയ, പൊട്ടാഷ്, ഫോസ് ഫേറ്റ് വളങ്ങളുടെ മിശ്രിതമാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ, വളങ്ങൾ ലഭിക്കുന്നില്ലെന്നുപറഞ്ഞാണ് അധികൃതർ വളമിടൽ മുടക്കിയത്. വളം ചെയ്യൽ നിലച്ചതോടെ പാലുൽപാദനവും ഗണ്യമായി കുറഞ്ഞു.
പുതിയ തൈകൾ വെച്ചുപിടിപ്പിക്കാനും അധികൃതർ താൽപര്യം കാണിക്കുന്നില്ല. നിലവിലുള്ള മരങ്ങൾ പരമാവധി 12 വർഷം മാത്രമാണ് വെട്ടാൻ കഴിയുന്നത്. അതുകൊണ്ട് ഇപ്പോൾ തൈ വെച്ചില്ലെങ്കിൽ 10 വർഷം കഴിഞ്ഞാൽ പാലുൽപാദിപ്പിക്കുന്ന മരങ്ങൾ ഉണ്ടാകില്ല.
ആനശല്യം കാര്യമായി ഇല്ലാത്ത മുതുകാട് ഡിവിഷനിൽ പാലുൽപാദനം നിലച്ച മരങ്ങൾ വെട്ടിമാറ്റി പുതിയത് വെച്ചുപിടിപ്പിക്കാൻ കഴിയുമെങ്കിലും അധികൃതർ താൽപര്യം കാണിക്കുന്നില്ല. അവസാനംവെച്ച 13000 റബ്ബബർ തൈകളിൽ 6000 മരങ്ങൾ മാത്രമാണ് ബാക്കിയായത്. മറ്റുള്ളവ കാട്ടാനകൾ നശിപ്പിച്ചു.
കാട്ടാനകൾ എസ്റ്റേറ്റിലേക്ക് കടക്കാതിരിക്കാൻ വനം വകുപ്പുമായി സഹകരിച്ച് കോർപറേഷൻ നടപടി സ്വീകരിക്കണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്. മാനേജ്മെന്റ് മനസ്സുവെച്ചിരുന്നെങ്കിൽ എസ്റ്റേറ്റിലെ ആക്രിസാധനങ്ങൾ വിൽക്കാൻ സാധിക്കുമെന്ന് തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.
ഈ സാധനങ്ങൾ വിറ്റഴിച്ച് ലഭിക്കുന്ന പണം ഉപയോഗിച്ച് എസ്റ്റേറ്റിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സാധിക്കും. തുരുമ്പെടുത്ത പഴയ വാഹനങ്ങൾ, പഴയ കെട്ടിടങ്ങളുടെ കമ്പി ഉൾപ്പെടെയുള്ള സാധനങ്ങൾ, കേടുവന്ന ബാരലുകൾ തുടങ്ങിയ സാധനങ്ങളെല്ലാം വിറ്റാൽ ലക്ഷങ്ങൾ ലഭിക്കും.
എന്നാൽ, ഇത്തരം കാര്യങ്ങൾക്കൊന്നും കോർപറേഷൻ തയാറാവുന്നില്ല. കഴിഞ്ഞ വർഷം വരെ തൊഴിലാളികൾക്ക് മഴക്കാലത്ത് കോർപറേഷന്റെ വക കുട ലഭിച്ചിരുന്നു. എന്നാൽ, ഈ വർഷം കുടയും ലഭിച്ചില്ല. ടാപ്പിങ് കത്തി മൂർച്ച കൂട്ടാനുള്ള പണം നൽകുന്നത് നിലച്ചിട്ടും രണ്ടുവർഷം കഴിഞ്ഞു. തൊഴിലാളികൾക്ക് ലഭിച്ചുകൊണ്ടിരുന്ന ഓരോ ആനുകൂല്യങ്ങളും നിർത്തലാക്കിക്കൊണ്ടിരിക്കുകയാണ്.
റബറിന്റെ വിലത്തകർച്ചയാണ് എസ്റ്റേറ്റിന്റെ ദുർഗതിക്ക് കാരണമെന്ന് പറയുന്നുണ്ടെങ്കിലും അത് പൂർണമായും അംഗീകരിക്കാൻ പ്രയാസമാണെന്ന് തൊഴിലാളികൾ പറയുന്നു. കാലത്തിനൊത്ത മാറ്റം വരുത്തിയാൽ പേരാമ്പ്ര എസ്റ്റേറ്റുകൊണ്ട് നഷ്ടമുണ്ടാവില്ലെന്നുമാത്രമല്ല, നല്ല ലാഭവുമായിരിക്കും. എസ്റ്റേറ്റുകളിൽ ഫാം ടൂറിസം നടപ്പിലാക്കാൻ കോർപറേഷന് ആലോചനയുണ്ടെന്ന് നേരത്തെ പറഞ്ഞതാണ്.
ടൂറിസത്തിന് പറ്റിയ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് പേരാമ്പ്ര എസ്റ്റേറ്റ്. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പെരുവണ്ണാമൂഴിയെ ബന്ധിപ്പിച്ചുള്ള ടൂറിസം പദ്ധതി സഞ്ചാരികളെ ആകർഷിക്കും.
പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ സാധിക്കും. ഇതോടൊപ്പം വിളകളിൽ വൈവിധ്യവത്കരണം നടത്തി ഫാം ടൂറിസം തുടങ്ങിയാൽ എസ്റ്റേറ്റിന്റെ പരാധീനതകളെല്ലാം മാറുമെന്നാണ് തൊഴിലാളികൾ ചൂണ്ടിക്കാണിക്കുന്നത്.
എസ്റ്റേറ്റിനെ സ്വാഭാവിക മരണത്തിന് വിട്ടുകൊടുക്കാതെ ഇത്തരം പദ്ധതികൾ നടപ്പിലാക്കുമെന്ന പ്രതീക്ഷയാണ് തൊഴിലാളികൾ പങ്കുവെക്കുന്നത്.
എസ്റ്റേറ്റ് തൊഴിലാളികളും കുടുംബവും താമസിക്കുന്ന ലയങ്ങൾ കാലിത്തൊഴുത്തിനേക്കാൾ ജീർണിച്ചതാണ്. ആസ്ബസ്റ്റോസ് ഷീറ്റ് മേൽക്കൂരയുള്ള ലയങ്ങളെല്ലാം ചോർന്നൊലിക്കുന്നതാണ്. പ്ലാസ്റ്റിക് ഷീറ്റ് മേൽക്കൂരയിൽ സ്ഥാപിച്ചാണ് ചോർച്ച തടയുന്നത്. ചുമരുകൾക്ക് വിള്ളൽ വീണിട്ടുണ്ട്.
പ്ലാസ്റ്ററിങ്ങും തകർന്നു. പല ലയങ്ങളും എസ്റ്റേറ്റ് തുടങ്ങിയ കാലത്ത് നിർമിച്ചതാണ്. പിന്നീട് നവീകരണമൊന്നും കാര്യമായി നടത്തിയിട്ടില്ല. ലയങ്ങളോടുചേർന്ന് നിർമിച്ച കുളിമുറിയും ശുചിമുറിയുമെല്ലാം തകർന്നു.
ആദ്യ കാലത്ത് താമസിക്കുന്നതിന്റെ പകുതി കുടുംബങ്ങൾ പോലും ഇപ്പോൾ ലയങ്ങളിൽ താമസിക്കുന്നില്ല. 60 ഓളം കുടുംബങ്ങൾ മാത്രമാണ് ലയങ്ങളിൽ താമസിക്കുന്നത്. ചില ലയങ്ങൾ കാട്ടാനക്കൂട്ടം തകർത്തിട്ടുമുണ്ട്. ശക്തമായ കാറ്റും മഴയും വരുമ്പോൾ ജീവൻ പണയംവെച്ചാണ് തൊഴിലാളികളും കുടുംബങ്ങളും ലയങ്ങളിൽ കഴിയുന്നത്.
(അവസാനിച്ചു)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.