ഉത്തരമേഖല ഇൻഷുറൻസ് മെഡിക്കൽ സർവിസ് നോർത്ത് സോൺ ഓഫിസിൽനിന്ന് ചക്കോരത്തുകുളം ഇ.എസ്.ഐ ഡിസ്പെൻസറിയിലേക്ക് സ്വകാര്യ വാഹനത്തിൽ മരുന്ന് കൊണ്ടുപോകുന്നു
കോഴിക്കോട്: ജില്ലയിലെ 12 ഇ.എസ്.ഐ ഡിസ്പെൻസറികൾ ഉൾപ്പെടെ ആറു ജില്ലകളിലേക്ക് മരുന്നെത്തിക്കേണ്ട വാഹനമില്ലാത്തതിനാൽ മരുന്നുക്ഷാമം രൂക്ഷമാകുന്നു. ഉത്തരമേഖല ഇൻഷുറൻസ് മെഡിക്കൽ സർവിസ് നോർത്ത് സോൺ ഉപയോഗിച്ചിരുന്ന ഡീസൽ വാഹനത്തിന്റെ രജിസ്ട്രേഷൻ കാലാവധി അവസാനിച്ചിരുന്നു. മറ്റു വാഹനമില്ലാത്തതിനെത്തുടർന്നാണ് അടിയന്തര ആവശ്യമുള്ള മരുന്നുകൾ ഉൾപ്പെടെ എത്താതെ പല ഡിസ്പെൻസറികളിലും മരുന്നുക്ഷാമം രൂക്ഷമായത്.
ഒരു മാസത്തിലേറെയായി വാഹനം മുടങ്ങിയിട്ട്. വാഹന രജിസ്ട്രേഷൻ പുതുക്കുന്നതിന് തക്കസമയത്തുതന്നെ ബന്ധപ്പെട്ടവർ സംസ്ഥാന ഇൻഷുറൻസ് മെഡിക്കൽ സർവിസ് ഡയറക്ടർക്ക് അറിയിപ്പ് നൽകിയെങ്കിലും അടിയന്തര പ്രാധാന്യത്തോടെ കാലാവധി കഴിയുന്ന വാഹനത്തിനു പകരം പുതിയത് വാങ്ങാനോ മരുന്ന് വിതരണത്തിന് പകരം സംവിധാനം ഏർപ്പെടുത്തുകയോ ചെയ്തില്ലെന്നാണ് പരാതി. ഇതുമൂലം നോർത്ത് സോണിന്റെ കീഴിലുള്ള ഡിസ്പെൻസറികളിലേക്ക് മരുന്ന് വിതരണം നിലച്ചു. ദിവസം നൂറുകണക്കിന് രോഗികളാണ് ദുരിതമനുഭവിക്കുന്നത്.
മരുന്നില്ലാത്തതിനാൽ ഡിസ്പെൻസറികളിലെ ജീവനക്കാർ സ്വന്തം നിലക്ക് പണം സ്വരൂപിച്ച് സ്വകാര്യ വാഹനങ്ങളിൽ മരുന്നെത്തിച്ചാണ് രോഗികളുടെ പരാതിക്ക് അൽപമെങ്കിലും പരിഹാരം കാണുന്നത്. മരുന്നെത്തിക്കുന്നതിനുള്ള വാഹനചെലവ് നൽകാമെന്ന് ഡയറക്ടറേറ്റിൽനിന്ന് അറിയിപ്പുണ്ടെങ്കിലും പലർക്കും ഈ പണം ലഭിച്ചിട്ടില്ലെന്നും പരാതിയുണ്ട്. മരുന്ന് വിതരണത്തിന് വാഹനം ഏർപ്പെടുത്തി പ്രശ്നം പരിഹരിക്കണമെന്നു കാണിച്ച് പൗരാവകാശ സംരക്ഷണ സമിതി ചെയർമാർ സതീഷ് പാറന്നൂർ വകുപ്പ് മന്ത്രിക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.