തിരുവമ്പാടി: കൂടരഞ്ഞി പൂവാറംതോടിൽനിന്ന് രണ്ടു നാടൻ തോക്കും 49 കിലോ ഉണക്കിയ കാട്ടുപോത്തിറച്ചിയും വനപാലകർ പിടികൂടി.പൂവാറംതോട് തമ്പുരാൻ കൊല്ലിയിലെ പന്നി ഫാമിന് സമീപത്തുനിന്നാണ് വേട്ട ഉപകരണങ്ങൾ ഉൾപ്പെടെ പിടികൂടിയത്.
പ്രദേശവാസിയായ ജയ്സൺ ആലക്കലിനെതിരെ വനപാലകർ കേസെടുത്തു. ഇയാളെ പിടികൂടാനായിട്ടില്ല. വടിവാൾ, വെട്ടുകത്തി, കത്തി, കൈമഴു എന്നിവയും പിടികൂടി.
തിരുവമ്പാടി നായരുകൊല്ലി സെക്ഷൻ ഫോറസ്റ്റ് ഓഫിസർ കെ.കെ. സജീവ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ വി.കെ. പ്രവീൺ കുമാർ, ബി. പ്രശാന്തൻ, ഒ. ശ്വേത പ്രസാദ്, എം.എസ്. സുധ എന്നിവരുടെ നേതൃത്വത്തിലാണ് വനപാലകർ റെയ്ഡ് നടത്തിയത്. റാപിഡ് റെസ്പോൺസ് ടീമും സ്ഥലത്ത് എത്തിയിരുന്നു.
വനപാലകർക്കുനേരെ വേട്ടക്കാർ നായ്ക്കളെ അഴിച്ചുവിട്ടു
തിരുവമ്പാടി: കൂടരഞ്ഞി പൂവാറംതോടിൽ മൃഗവേട്ടക്കാരെ പിടികൂടാനെത്തിയ വനപാലകർക്കുനേരെ നായ്ക്കളുടെ ആക്രമണം. പൂവാറംതോട് കല്ലംപുല്ല് തമ്പുരാൻ കൊല്ലിയിലെ പന്നിഫാമിൽ റെയ്ഡിനെത്തിയപ്പോഴാണ് 12 ഓളം നായ്ക്കളെ കൂട്ടത്തോടെ അഴിച്ചുവിട്ടത്.
സ്ഥലത്തുനിന്ന് ചിതറിയോടിയാണ് വനപാലകർ രക്ഷപ്പെട്ടത്. ഫാം ഉടമയും മൃഗവേട്ട കേസിലെ പ്രതിയുമായ ജയ്സൺ ആലക്കൽ നായ്ക്കളെ അഴിച്ചുവിട്ട് റെയ്ഡ് തടയാൻ ശ്രമിക്കുകയായിരുന്നുവെന്ന് തിരുവമ്പാടി നായർ കൊല്ലി സെക്ഷൻ ഫോറസ്റ്റ് അധികൃതർ പറഞ്ഞു. വനപാലകർ നായ്ക്കളെ നേരിടുന്നതിനിടെ വേട്ട കേസിലെ പ്രതി ജയ്സൺ ആലക്കൽ രക്ഷപ്പെട്ടെന്നും ഇവർ പറയുന്നു.
രണ്ടേക്കർ സ്ഥലത്തെ പന്നിഫാമിെൻറ മറവിൽ മൃഗവേട്ടയും കാട്ടിറച്ചി വിൽപനയും സജീവമായിരുന്നുവെന്ന് ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.