അഗസ്ത്യൻമുഴി-കൈതപ്പൊയിൽ പാതയുടെ ഭാഗമായ തിരുവമ്പാടി കറ്റ്യാട് അപകടക്കെണിയായ ജലജീവൻ പൈപ്പിട്ട കുഴി

അപകടക്കെണിയൊരുക്കി പൈപ്പിടൽ

തിരുവമ്പാടി: റോഡ് നവീകരണ പ്രവൃത്തി പൂർത്തിയാകവെ ഒന്നാം ഘട്ട ടാറിങ് കഴിഞ്ഞ് പൊളിച്ച റോഡുകളാണ് അഗസ്ത്യൻമുഴി-കൈതപ്പൊയിൽ പാത. പൂർണമായി പ്രവൃത്തി പൂർത്തിയായ ശേഷമാണ് തിരുവമ്പാടി - പുന്നക്കൽ റോഡ് ജൽജീവൻ പദ്ധതിക്കായി പൊളിച്ചത്.

ഒരു വർഷം മുമ്പ് ജൽ ജീവൻ മിഷൻ പദ്ധതിയുടെ പൈപ്പിടാൻ കുഴിച്ച റോഡുകളിൽ ടാറിങ് പ്രവൃത്തി ഇതുവരെ നടത്തിയിട്ടില്ല. അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡിന്റെ ഭാഗമായ തിരുവമ്പാടി ടൗൺ റോഡിൽ കിടങ്ങുകൾ നികത്തിയെങ്കിലും ടാറിങ് കഴിഞ്ഞിട്ടില്ല. 2018 സെപ്റ്റംബറിൽ നവീകരണ പ്രവൃത്തി ഉദ്ഘാടനം നിർവഹിച്ച അഗസ്ത്യൻമുഴി - കൈതപ്പൊയിൽ റോഡ് നിർമാണ പ്രവൃത്തിയുടെ ആദ്യ എസ്റ്റിമേറ്റിൻ കേബ്ൾ ചാൽ സംവിധാനമുണ്ടായിരുന്നു. കേബ്ൾ ചാൽ നിർമിച്ചിരുന്നുവെങ്കിൽ റോഡ് പൊളിക്കേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നില്ല.

കുമ്പാറ - കക്കാടംപൊയിൽ പൊതുമരാമത്ത് റോഡിൽ പീടികപ്പാറയിൽ ജൽ ജീവൻ കിടങ്ങ് നികത്തിയ കോൺക്രീറ്റ് ഒലിച്ചുപോയ നിലയിൽ

13 കോടി രൂപ കേബ്ൾ ചാൽ പ്രവൃത്തിക്കായി വകയിരുത്തിയിരുന്നു. കുടിവെള്ള പൈപ്പുകൾ, ടെലിഫോൺ കേബ്ൾ ഉൾപ്പെടെയുള്ളവ റോഡ് പൊളിക്കാതെ കേബ്ൾ ചാൽ വഴി കൊണ്ടുപോകാമായിരുന്നു.എന്നാൽ, കേബ്ൾ ചാൽ സംവിധാനം ഒഴിവാക്കിയാണ് റോഡ് പ്രവൃത്തി നടത്തിയത്. കേബ്ൾ ചാൽ ഒഴിവാക്കിയതിന്റെ പേരിൽ മുൻ എം.എൽ.എ ജോർജ് എം. തോമസ് അഴിമതി ആരോപണ വിധേയനായിരുന്നു. അഗസ്ത്യൻമുഴി - കൈതപ്പൊയിൽ റോഡിൽ പൈപ്പിടാൻ കുഴിച്ചത് ചിലയിടങ്ങളിൽ ഇപ്പോഴും മണ്ണിട്ട് നികത്തിയിട്ടു പോലുമില്ല. തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് റോഡുകൾ ഭൂരിഭാഗവും ജൽജീവൻ പെപ്പിടൽ കാരണം തകർന്ന് കിടക്കുകയാണ്. പുല്ലൂരാംപാറ - ആനക്കാംപൊയിൽ സമാന്തര പാതയായ ജോയി റോഡ് പാടെ തകർന്ന് കിടക്കുകയാണ്.

ജൽജീവൻ തകർത്ത റോഡുകൾ നന്നാക്കുന്നതിൽ തങ്ങൾക്ക് റോളില്ലെന്നാണ് ഗ്രാമപഞ്ചായത്ത് അധികൃതരുടെ നിലപാട്. സംസ്ഥാന സർക്കാർ ഫണ്ട് അനുവദിക്കാത്തതാണ് ജൽ ജീവൻ തകർത്ത റോഡുകൾ പുനർ നിർമാണം നടത്താൻ തടസ്സമെന്ന് ചുണ്ടിക്കാണിക്കപ്പെടുന്നു.

കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ വിനോദ സഞ്ചാര കേന്ദ്രമായ കക്കാടംപൊയിലിലേക്കുള്ള കൂമ്പാറ-കക്കാടംപൊയിൽ പൊതുമരാമത്ത് റോഡിലെ പിടികപാറ കോട്ടയം വളവ് ഭാഗത്ത് ജൽജീവൻ തീർത്ത ദുരിതം ഇപ്പോഴും തുടരുകയാണ്. ഇവിടെ ജൽജീവൻ കിടങ്ങുകൾ നികത്തി കോൺക്രീറ്റ് ചെയ്തത് രണ്ടാഴ്ച മുമ്പ് കനത്ത മഴയത്തായിരുന്നു.

മഴയിൽ കോൺക്രീറ്റ് ഒലിച്ചുപോയതിനാൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കൂടരഞ്ഞിയിലെ പഞ്ചായത്ത് റോഡുകളും തകർന്നുകിടക്കുകയാണ്. ജൽജീവൻ മിഷൻ പദ്ധതി തകർത്ത റോഡ് പ്രവൃത്തി നടത്താൻ തടസ്സം സംസ്ഥാന സർക്കാറിന്റെ സാമ്പത്തിക പ്രതിസന്ധിയാണെന്ന് തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ ആരോപിച്ചു. റോഡ് പ്രവൃത്തിപുരോഗതി വിലയിരുത്താൻ എം.എൽ.എ അവലോകന യോഗം വിളിച്ചിട്ട് അഞ്ചുമാസം കഴിഞ്ഞു. ഗ്രാമപഞ്ചായത്ത് കരാറുകാരെ കൊണ്ട് സാധ്യമായ രീതിയിൽ പ്രവൃത്തി നടത്തിക്കാൻ ശ്രമിക്കുന്നുണ്ട് - പ്രസിഡന്റ് പറഞ്ഞു. കൂടരഞ്ഞി പഞ്ചായത്തിൽ ജൽജീവൻ തകർത്ത റോഡ് പ്രവൃത്തി നടക്കുന്നുണ്ടെന്ന് കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് പറഞ്ഞു.

Tags:    
News Summary - jal jeevan-pipe laying a danger trap

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.