തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ മിൽമുക്ക്, തമ്പലമണ്ണ, പുല്ലൂരാംപാറ ലക്ഷംവീട് കോളനികൾ, ചേപ്പിലംകോട് നാല് സെന്റ് കോളനികളിലായി 42 കുടുംബങ്ങൾക്ക് പട്ടയമില്ല. മിൽമുക്കിൽ 20, തമ്പലമണ്ണ 14 പുല്ലൂരാംപാറ മൂന്ന്, ചേപ്പിലംകോട് നാല് സെന്റ് കോളനി - അഞ്ച് എന്നിങ്ങനെയാണ് കോളനികളിലെ പട്ടയമില്ലാത്ത കുടുംബങ്ങൾ.
1995ൽ സർക്കാർ പദ്ധതിയിൽ നാല് സെന്റ് ഭൂമി ലഭിച്ച കുടുംബങ്ങളാണ് നാല് സെന്റ് കോളനിയിലുള്ളവർ. ഭൂരേഖയില്ലാത്തതിനാൽ സർക്കാറിന്റെ ഒരാനുകൂല്യവും ഇവർക്ക് ലഭിക്കുന്നില്ല. ലക്ഷംവീട് അനുവദിച്ചപ്പോൾ ഗ്രാമപഞ്ചായത്ത് അധികൃതർ നൽകിയ അനുവാദ പത്രികയാണ് വീട്ടുകാരുടെ കൈവശമുള്ള ഏകരേഖ.
ബാങ്ക് വായ്പ ഉൾപ്പെടെയുള്ളവ പട്ടയമില്ലാത്തതിനാൽ ലഭിക്കുന്നില്ല. 2000ൽ റവന്യൂവകുപ്പിന്റെ പ്രത്യേക നിർദേശത്തിൽ പട്ടയവിതരണം നടന്നപ്പോൾ കോളനിയിലെ ചില കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചു.എന്നാൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അവസരോചിതമായ ഇടപെടൽ നടക്കാത്തതിനാൽ ഭൂരിഭാഗം പേർക്കും പട്ടയം ലഭിച്ചില്ല. വിഷയം 26ന് മുക്കത്ത് നടക്കുന്ന നവകേരള സദസ്സിൽ ഉന്നയിക്കുമെന്ന് കോളനി ഐക്യവേദി രക്ഷാധികാരി എ.കെ. മുഹമ്മദ് പറഞ്ഞു. സാങ്കേതിക തടസ്സങ്ങൾ നീക്കാൻ നവകേരള സദസ്സിന് കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.