തിരുവമ്പാടി: ഏഴുലക്ഷത്തോളം രൂപയുടെ ക്രമക്കേട് ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയ കൂടരഞ്ഞി ഗവ. കുടുംബാരോഗ്യ കേന്ദ്രം ഓഫിസ് ക്ലർക്ക് സുൽഫിക്കറലിക്കെതിരെ നടപടി.
അന്വേഷണ വിധേയമായാണ് ക്ലർക്ക് സുൽഫിക്കറലിയെ ജില്ല മെഡിക്കൽ ഓഫിസർ സസ്പെൻഡ് ചെയ്തത്. കുടുംബാരോഗ്യ കേന്ദ്രത്തിലെ ഓഫിസ് പ്രവർത്തനം സംബന്ധിച്ച് വിജിലൻസിനും പരാതി ലഭിച്ചിരുന്നു. കഴിഞ്ഞ അഞ്ചുവർഷമായി കൂടരഞ്ഞി ഗവ. കുടുംബാരോഗ്യ കേന്ദ്രത്തിൽ ഓഫിസ് ക്ലർക്കായിരുന്നു നടപടിക്ക് വിധേയനായ ക്ലർക്ക് സുൾഫിക്കറലി.
2019-24 കാലയളവിൽ ചുമതല വഹിച്ച മെഡിക്കൽ ഓഫിസർമാർക്ക് അന്വേഷണ ഭാഗമായി ജില്ല മെഡിക്കൽ ഓഫിസർ നോട്ടീസ് നൽകിയിരുന്നു. നവംബറിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരോഗ്യവകുപ്പ് സിനിയർ സൂപ്രണ്ടിന്റെ (ഓഡിറ്റ്) നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്.
2019 ജൂൺ മുതൽ 2024 ഒക്ടോബർ 31 വരെയുള്ള സാമ്പത്തിക ക്രിയ വിക്രയങ്ങളിലാണ് ആരോഗ്യ വകുപ്പ് ഓഡിറ്റ് പരിശോധന നടന്നത്. ഒ.പി, ലാബ് എന്നിവയിൽനിന്നുള്ള ദൈനം ദിന തുക ബാങ്ക് അക്കൗണ്ടിൽ അടച്ചില്ലെന്നും 2021 ജൂൺ എട്ട് മുതൽ 2024 സെപ്തംബർ 16 വരെ 1,71,055 രൂപയുടെ ക്രമക്കേട് നടന്നതായും പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ആശുപത്രി വികസന സമിതി ഫണ്ടിൽ നിന്ന് 3,56,934 ലക്ഷം രൂപ നഷ്ടമായതായും ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. കാഷ്ബുക്കിൽ തുകകൾ കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും ഉയർന്ന തുക ഓഫിസിൽ സൂക്ഷിച്ചെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കുടുംബാരോഗ്യ കേന്ദ്രം സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നതിൽ ചുമതല വഹിച്ചിരുന്ന മെഡിക്കൽ ഓഫിസർ ന്മാർക്ക് വീഴ്ച സംഭവിച്ചുവെന്നും കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.