കോഴിക്കോട്: കടകൾ തുറക്കാമെന്ന തീരുമാനം വന്നെങ്കിലും വ്യാപാരമേഖലയിൽ ആശങ്കയും അവ്യക്തതയും ബാക്കി. കടതുറന്നുവെച്ചാലും ആളുകൾക്ക് അവിടെ പ്രവേശിക്കാൻ കടുത്ത നിബന്ധനകൾ ഏർപ്പെടുത്തിയതാണ് ആശങ്കയുണ്ടാക്കുന്നത്. ആദ്യഘട്ട വാക്സിനെടുത്ത് രണ്ടാഴ്ച പിന്നിട്ടവർ, 72 മണിക്കൂറിന് മുമ്പ് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തി നെഗറ്റിവായവർ, കോവിഡ് ഭേദമായി 30 ദിവസം കഴിഞ്ഞവർ എന്നിവർക്കാണ് കടകളിൽ വരാൻ അനുമതി. പൊലീസ് ഇതു പരിശോധിക്കാൻ തുടങ്ങിയാൽ വരുംദിവസങ്ങളിലും വലിയ പ്രതിസന്ധിയാണ് വ്യാപാരസ്ഥാപനങ്ങളിലുണ്ടാവുക. ഫലത്തിൽ നിയമം കർശനമായിരിക്കയാണ്.
ഇതുവരെ നാട്ടുകാർക്ക് മാസ്കുണ്ടോ യാത്ര അനാവശ്യമാണോ എന്നെല്ലാമാണ് പൊലീസ് പരിശോധിച്ചിരുന്നത്.പുതിയ നിബന്ധനകൾ പ്രാബല്യത്തിൽ വരുന്നതോടെ വാക്സിൻ, ആർ.ടി.പി.സി.ആർ രേഖകൾ തുടങ്ങിയവ പൊലീസിനെ കാണിച്ചുവേണം കടയിൽ കയറാൻ. ഇതെല്ലാം പ്രശ്നം സങ്കീർണമാക്കും. പ്രത്യേകിച്ച് ഓണസീസണിൽ വ്യാപാരമേഖല സജീവമാകുേമ്പാൾ ഈ നിബന്ധനകളെല്ലാം എത്രത്തോളം പ്രായോഗികമാവുമെന്നത് കണ്ടറിയണമെന്നാണ് സാധാരണകച്ചവടക്കാർ പറയുന്നത്.
ആറു ദിവസം കടകൾ തുറക്കാനുള്ള അനുമതിയെ സ്വാഗതം ചെയ്യുന്നതായി വ്യാപാരിവ്യവസായി ഏകോപനസമിതി അറിയിച്ചു. കടകൾ തുറക്കണമെന്ന തങ്ങളുടെ ആവശ്യം സർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ നേരത്തേ പ്രഖ്യാപിച്ച സമരതീരുമാനം പിൻവലിക്കുകയാണെന്ന് സംസ്ഥാന പ്രസിഡൻറ് ടി. നസിറുദ്ദീൻ പറഞ്ഞു. ആർ.ടി.പി.സി.ആർ അടിസ്ഥാനത്തിലുള്ള നിയന്ത്രണം ഒഴിവാക്കണമെന്നത് വ്യാപാരികളുടെ ആവശ്യമായിരുന്നു. എല്ലാ സമരവും പിൻവലിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
ടി.പി.ആറിന് പകരം ജനസംഖ്യാടിസ്ഥാനത്തിലുള്ള കോവിഡ് നിയന്ത്രണമാണ് പകരംവരുന്നത്. ഇത് എത്രത്തോളം പ്രായോഗികമാവുമെന്ന് കണ്ടറിയേണ്ടി വരുമെന്നാണ് സാധാരണ കച്ചവടക്കാർ പറയുന്നത്. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുമതിവേണമെന്ന് മലബാർ ചേംബർ ഓഫ് കോമേഴ്സ് ആവശ്യപ്പെട്ടു.
അശാസ്ത്രീയ നിയന്ത്രണം: കണ്ണുതുറപ്പിച്ചത് മിഠായിത്തെരുവ് പ്രക്ഷോഭം
കോഴിക്കോട്: കോവിഡ്് നിയന്ത്രണത്തിെൻറ പേരിൽ വ്യാപാരമേഖല തകരും വിധം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി മുന്നോട്ടുപോയ സർക്കാറിെൻറ കണ്ണുതുറപ്പിച്ച പ്രത്യക്ഷസമരം പൊട്ടിപ്പുറപ്പെട്ടത് കോഴിക്കോട് മിഠായിത്തെരുവിൽ നിന്ന്. ഞങ്ങൾക്കും ജീവിക്കണമെന്ന മുദ്രാവാക്യമുയർത്തി ജൂലൈ 12 ന് വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ് മിഠായിത്തെരുവിൽ നടത്തിയ പ്രക്ഷോഭമാണ് കച്ചവടക്കാർ നേരിടുന്ന പ്രശ്നത്തിെൻറ തീവ്രത പ്രകടമാക്കിയത്. അശാസ്ത്രീയ നിയന്ത്രണങ്ങൾക്കെതിരെ സംസ്ഥാനത്തു തന്നെ ആദ്യത്തെ 'പൊട്ടിത്തെറി സമര'മായിരുന്നു അത്.
അന്നു തുടങ്ങിയ പ്രക്ഷോഭവും അനുരഞ്ജനചർച്ചകളും തുടരുകയായിരുന്നു. പ്രത്യക്ഷസമരത്തോട് വ്യാപാരികൾ 'മനസ്സിലാക്കിക്കളിച്ചാൽ മതി' എന്ന മുഖ്യമന്ത്രിയുടെ പ്രതികരണം കൂടി വന്നതോടെ രോഷം ശക്തമായി. ബുഹുജനപിന്തുണയും വ്യാപാരികൾക്ക് ലഭിച്ചു. ബലിപെരുന്നാളിനു നാലു ദിവസം കച്ചവടക്കാർക്ക് ലോക്ഡൗൺ ഇളവ് നൽകിയത് ഈ സമരത്തെത്തുടർന്നായിരുന്നു.
ഇനി ഓണം വരാനിരിക്കയാണ്. കഴിഞ്ഞ വർഷങ്ങളിൽ ഓണവും വിഷുവും പെരുന്നാളുകളും ക്രിസ്മസുമെല്ലാം ലോക്ഡൗൺ എടുത്തുപോയ അനുഭവം ഇനിയുമുണ്ടായാൽ വ്യാപാരമേഖല തകർന്നുതരിപ്പണമാവുമെന്ന ആശങ്കയിലായിരുന്നു കച്ചവടക്കാർ.700 ദിവസമായി ശരിയായ രീതിയിൽ കച്ചവടം നടത്താനാവാതെ കൊടും പ്രതിസന്ധിയിലാണ് വ്യാപാരികൾ. ജി.എസ്.ടി രജിസ്ട്രേഷനുള്ള 20,000 കച്ചവടക്കാരാണ് അടുത്ത കാലത്തായി വ്യാപാരമേഖലയിൽ നിന്ന് പിന്മാറിയത്. ജി.എസ്.ടിയിൽപെടാത്ത ആയിരക്കണക്കിന് കച്ചവടങ്ങൾ വേറെയും പൂട്ടിപ്പോയി.
പൊലീസിെൻറ ഇടപെടൽ മൂലമുണ്ടായ നഷ്ടം വ്യാപാരികൾക്ക് സഹിക്കാവുന്നതിലുമേറെയാണ്. സ്വാഭാവിക നിയമലംഘനങ്ങൾക്ക് വലിയ പിഴയിട്ട് വ്യാപാരികളെയും പൊതുജനങ്ങളെയും ദ്രോഹിക്കുന്ന പൊലീസ് നടപടിക്കെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്.
അശാസ്ത്രീയ നിയന്ത്രണങ്ങളിൽ പൊറുതിമുട്ടി സർക്കാറിനെ അനുകൂലിക്കുന്ന വ്യാപാരി വ്യവസായി സമിതിക്ക് പോലും പ്രത്യക്ഷ സമരവുമായി രംഗത്തിറേങ്ങണ്ടിവന്നു. ഇതിനിടയിൽ ഓൺലൈൻ വ്യാപാരകേന്ദ്രങ്ങൾക്ക് ഒരു നിയന്ത്രണവും ഏർപ്പെടുത്താത്ത പൊലീസ്നയവും വിമർശിക്കപ്പെട്ടു.24 മണിക്കൂറും ഓൺലൈൻ ഡെലിവറി നടത്താനും കുത്തകക്കമ്പനികളുടെ ചരക്കുഗതാഗതത്തിനും അനുമതി നൽകി പ്രത്യേക ഉത്തരവിറക്കിയ സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവ് ഇപ്പോഴും നിലനിൽക്കുകയാണ്. ഇക്കാലയളവിൽ ഏറ്റവും മെച്ചമുണ്ടാക്കിയത് കുത്തകക്കമ്പനികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.