താമരശ്ശേരി: വ്യാപാര സ്ഥാപനങ്ങള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ രണ്ടംഗ കവര്‍ച്ച സംഘത്തെ താമരശ്ശേരി ഡിവൈ.എസ്പി ടി. അഷറഫിെൻറ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തു.
കൊടുവള്ളി വാവാട് മൊട്ടമ്മല്‍ ഫസലുദ്ദീന്‍ തങ്ങള്‍ (26), ബാലുശ്ശേരി കിനാലൂര്‍ എച്ചിങ്ങാപൊയില്‍ ഹര്‍ഷാദ് (27)എന്നിവരെയാണ് താമരശ്ശേരിയിൽ പിടികൂടിയത്.
ഈ സംഘത്തിലെ താമരശ്ശേരി ചുടലമുക്ക് പൂമംഗലത്തു ചാലില്‍ ഇജാസിനെ നാലുദിവസം മുമ്പ്, വാവാടുനിന്ന് മോഷ്ടിച്ച ബുള്ളറ്റുമായി കൊടുവള്ളിയിലും താമരശ്ശേരി വാടിക്കല്‍ തൂവ്വക്കുന്നുമ്മല്‍ ഫായിസിനെ(22) താമരശ്ശേരിയിലും െപാലീസ് പിടികൂടിയിരുന്നു. ഇവര്‍ റിമാൻഡിലാണ്.
താമരശ്ശേരി കോരങ്ങാടുനിന്നും ജൂലൈ മാസത്തില്‍ 1,65,000 രൂപയുടെ അടക്കയും ബാലുശ്ശേരി പറമ്പിന്‍മുകള്‍ എസ്.ബി ട്രേഡേഴ്സില്‍ നിന്നും 30,000 രൂപ വിലവരുന്ന 100 കിലോ കുരുമുളകും കാരാടിയിലെ ചിക്കൻ സ്റ്റാളുമുള്പ്പെടെ നിരവധി കടകള്‍ കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയിട്ടുണ്ട്.
അന്തർ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സുകളില്‍ നിന്ന് മൊബൈല്‍ ഫോണും പണവും കൂടാതെ മോട്ടോര്‍ സൈക്കിളുകളും വീടുകളില്‍ നിന്നും കടകളില്‍ നിന്നും വിൽപനക്കുള്ള വിലകൂടിയ മത്സ്യങ്ങളും പൂച്ചകളെയും ദേശീയപാതകളില്‍ നിര്‍ത്തിയിടുന്ന ലോറികളില്‍നിന്നും പണവും മൊബൈല്‍ഫോണുകളും ഇവര്‍ മോഷ്ടിച്ചിട്ടുണ്ടെന്ന് െപാലീസ് പറഞ്ഞു.
പകല്‍സമയങ്ങളില്‍ ഓട്ടോറിക്ഷയിലും കാറിലും സഞ്ചരിച്ച് കടകള്‍ കണ്ടുവെച്ച് രാത്രി കളവ് നടത്തുകയാണ് ഇവരുടെ രീതി. ലഹരിക്കടിമയായ പ്രതികള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നതിന് വേണ്ടിയാണ് കളവ് നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു.
ഫസലുദ്ദീെൻറ പേരില്‍ കൊടുവള്ളിയിലും കാസർകോട്ടും കഞ്ചാവ് കടത്തിയതിന് കേസുണ്ട്. മറ്റ് പ്രതികളും ഇതിനുമുമ്പ് കളവ് കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചവരാണ്.
താമരശ്ശേരി ഇന്‍സ്പെക്ടര്‍ എം.പി. രാജേഷ്, എസ്.ഐമാരായ സനല്‍രാജ്, മുരളീധരന്, ക്രൈം സ്ക്വാഡ് എസ്.ഐമാരായ വി.കെ.സുരേഷ്, രാജീവ് ബാബു, എ.എസ്.ഐ ഷിബില്‍ ജോസഫ്, എസ്.സി.പി.ഒ സുരേഷ് ബാബു, സി.പി.ഒമാരായ ജിലു, വിജേഷ്, ഷിജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.