വടകര: ചോമ്പാല ഹാർബർ റോഡ് പ്രവൃത്തി ഇഴയുന്നു. യാത്രാദുരിതത്തിനറുതിയില്ല. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡ് പ്രവൃത്തി തുടങ്ങി വർഷത്തോട് അടുത്തിട്ടും ഗതാഗത യോഗ്യമാക്കാൻ കഴിഞ്ഞിട്ടില്ല. റോഡ് നിർമാണത്തിന്റെ ഭാഗമായി പല ഭാഗങ്ങളും പൊളിച്ചുനീക്കിയതിനാൽ വാഹനങ്ങൾ ഒരു ഭാഗത്തുകൂടിയാണ് കടത്തിവിടുന്നത്. ഹാർബറിൽ മത്സ്യം കയറ്റാനും ഇറക്കാനും മത്സ്യം വാങ്ങാനും എത്തുന്ന വാഹനങ്ങളും യാത്രക്കാരും ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നുപോകുന്നത്.
മത്സ്യത്തൊഴിലാളികൾക്ക്, പാത നിർമാണം വൈകുന്നത് ബുദ്ധിമുട്ടിന് ഇടയാക്കുന്നുണ്ട്. 80 ലക്ഷം രൂപ ചെലവിൽ കോസ്റ്റൽ ഏരിയ ഡിപ്പാർട്മെൻറ് ഫണ്ട് ഉപയോഗിച്ച് കാസർകോട്ടെ കരാറുകാരനാണ് പണി ഏറ്റെടുത്തുനടത്തുന്നത്.
ദേശീയ പാതയിൽനിന്ന് തുടങ്ങുന്ന റോഡിൽ ഹാർബറിനോടുചേർന്ന ചെറിയ ഭാഗത്തിന്റെ പ്രവൃത്തിയാണ് നടക്കുന്നത്. കാലവർഷത്തിനുമുമ്പ് പ്രവൃത്തി പൂർത്തീകരിച്ചില്ലെങ്കിൽ ഹാർബറിലേക്കുള്ള യാത്ര നിലക്കുന്ന സ്ഥിതിയാണുള്ളത്. കഴിഞ്ഞ ദിവസം പെയ്ത മഴയിൽ റോഡിൽ ചളിനിറഞ്ഞത് യാത്ര ദുഷ്കരമാക്കിയിരുന്നു.
ദുരിതയാത്രയിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു മത്സ്യത്തൊഴിലാളി യൂനിയൻ, ഓട്ടോത്തൊഴിലാളി യൂനിയൻ, സി.പി.എം തുടങ്ങി ഭരണകക്ഷികൾതന്നെ പ്രത്യക്ഷസമരവുമായി രംഗത്തിറങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.