വടകര: മണിയൂർ പഞ്ചായത്ത് ചൊവ്വാപ്പുഴയിലെ അനധികൃത കൈയേറ്റഭൂമി ഒഴിപ്പിച്ച് ബുധനാഴ്ച പ്രഖ്യാപനം നടത്തും. ചൊവ്വാപ്പുഴയോരത്ത് 10 ഏക്കറോളം ഭൂമിയാണ് അനധികൃത കൈയേറ്റത്തിലൂടെ കരഭൂമിയായി മാറിയത്.
1968ലെ സർക്കാർ ഉത്തരവ് പ്രകാരം പഞ്ചായത്ത് പുറമ്പോക്കുഭൂമി താലൂക്ക് അധികാരികൾ ഹ്രസ്വകാല വിളകൾ കൃഷി ചെയ്യുന്നതിന് സ്വകാര്യ വ്യക്തികൾക്ക് വാർഷികപാട്ടത്തിന് നൽകിയിരുന്നു. പാട്ടത്തിനെടുത്തവർ ഹ്രസ്വകാല വിളകൾക്കൊപ്പം ദീർഘകാല വിളകളും കൃഷിചെയ്തു. കാലക്രമേണ ഇവ കരഭൂമിയായി മാറി. കൈയേറ്റം ഒഴിപ്പിക്കുന്നതിന് സംഘടനകളും വ്യക്തികളും ഹൈകോടതിയിൽ പൊതുതാൽപര്യ ഹരജി നൽകി.
തുടർന്ന് കോടതി ഹരജി പരിഗണിച്ച് റവന്യൂവകുപ്പ് സർവേ ടീമിനെ നിയോഗിക്കുകയും കൈയേറ്റം അളന്ന് തിട്ടപ്പെടുത്തി 2017ൽ റിപ്പോർട്ട് സമർപ്പിക്കുകയുമുണ്ടായി. 2020ൽ പഞ്ചായത്തും റവന്യൂവകുപ്പും ചേർന്ന് റിപ്പോർട്ട് പ്രകാരമുള്ള കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു. 8.27 ഏക്കർ ഭൂമി ഒഴിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്തു. പഞ്ചായത്ത് ഏറ്റെടുക്കുന്ന ഭൂമിയിൽ ബാംബൂ കോർപറേഷനുമായി സഹകരണത്തോടെ ടൂറിസം വില്ലേജ് യാഥാർഥ്യമാക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. അഷറഫ് പറഞ്ഞു.
കണ്ടൽക്കാട് നട്ടുവളർത്തി പ്രകൃതി സൗഹൃദമാക്കാനും പദ്ധതിയുണ്ടാവും. ബുധനാഴ്ച വൈകീട്ട് നാലു മണിക്ക് പാലയാട് വില്ലേജ് ഓഫിസ് പരിസരത്ത് നടക്കുന്ന ചടങ്ങിൽ ഏറ്റെടുത്ത ഭൂമിയുടെ പ്രഖ്യാപനം നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. പഞ്ചായത്തംഗങ്ങളായ പ്രമോദ് കോണിച്ചേരി, ജിഷ കൂടത്തിൽ, കെ. ചിത്ര, പി.പി. ഷൈജു, വി.എം. ഷൈനി, സെക്രട്ടറി എം.കെ. സജിത്ത് കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.