വടകര: നഗരസഭ ആരോഗ്യവകുപ്പ് ടൗണിലെ വിവിധ കച്ചവടസ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷ്യവസ്തുക്കളും നിരോധിത പ്ലാസ്റ്റിക് സഞ്ചികളും ഡിസ്പോസിബിൾ ഗ്ലാസുകളും കണ്ടെത്തി.
നഗരസഭ ആരോഗ്യവിഭാഗത്തിന്റെ രാത്രികാല പരിശോധനയിലാണ് പഴകിയ ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടെ കണ്ടെത്തിയത്. സ്ട്രോബറി കൂൾബാർ, സുപ്രീം ബേക്സ്, കരിമ്പന ഹോട്ടൽ, സ്പൈസി ചിപ്സ്, ടിപ് ടോപ് സ്റ്റേഷനറി, വടകര ഫൂട് വേർ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് സാധനങ്ങൾ പിടിച്ചെടുത്തത്.
അൽഫാം, ബർഗർ എന്നിവ ഉണ്ടാക്കാനുള്ള പഴകിയ ഭക്ഷ്യവസ്തുക്കൾ, ജിലേബി, പഴകിയ മാവ്, കേക്ക്, റഫ്രിജറേറ്ററിൽ തുറന്നിട്ടനിലയിൽ പഴകിയ ജ്യൂസ്, വേവിച്ച ചിക്കൻ, കറികൾ, പഴകിയ പഴവർഗങ്ങൾ എന്നിവയാണ് പിടിച്ചെടുത്തത്. ഭക്ഷ്യസാധനങ്ങൾ വൃത്തിഹീനമായ ചുറ്റുപാടിലാണ് കണ്ടെത്തിയത്. ന്യൂനതകൾ പരിഹരിച്ചില്ലെങ്കിൽ കട പൂട്ടാൻ നടപടി സ്വീകരിക്കുമെന്ന് മുനിസിപ്പൽ സെക്രട്ടറി ആർ.വി. ഹരീഷ് അറിയിച്ചു.
സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പ് അധികൃതർ നോട്ടീസ് നൽകി. ഹെൽത്ത് ഇൻസ്പെക്ടർ പി.എം. രാജൻ, ജെ.എച്ച്.ഐ രാജേഷ് കുമാർ, ജീവനക്കാരായ മുരളി, സന്തോഷ് തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.
തിരുവള്ളൂർ: തിരുവള്ളൂർ, കോട്ടപ്പള്ളി എന്നീ ടൗണുകളിലെ ഹോട്ടലുകൾ, തട്ടുകടകൾ, മറ്റു വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പഞ്ചായത്ത് ആരോഗ്യ വിഭാഗം വ്യാപക പരിശോധന നടത്തി. വൃത്തിഹീനമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു.
അംഗീകൃത ലാബിൽ കുടിവെള്ളം പരിശോധന നടത്തി ഗുണമേന്മ ഉറപ്പുവരുത്താത്ത, ആരോഗ്യ വകുപ്പിന്റെ സാനിറ്ററി ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകളും ഇല്ലാത്ത, മലിനജലവും മറ്റു മാലിന്യങ്ങളും ശാസ്ത്രീയമായി സംസ്കരിക്കാത്തതുമായ സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു.
പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ റീത്ത, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജയപ്രകാശ്, വി. നൗഫൽ, സുബി ജോസഫ്, രജിഷ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.