വടകര: പെൺകരുത്തിന്റ വിജയഗാഥ തീർത്ത് മുന്നേറുകയാണ് ഇവിടെ ഒരു കൂട്ടം വനിതകൾ. മാലിന്യ നിർമാർജനത്തിൽ മാതൃക തീർത്ത് കുതിക്കുമ്പോൾ തൊട്ടതെല്ലാം വിജയത്തിലെത്തിച്ച ചരിത്രമാണ് വടകര നഗരസഭക്ക് കീഴിലുള്ള ഹരിയാലിക്ക് പറയാനുള്ളത്. ഹരിയാലി ഹരിതകർമ സേന എന്നും വേറിട്ട കാഴ്ചയാണ്.
ഗ്രീൻ ടെക്നോളജി സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹരിയാലി മാലിന്യങ്ങൾ സംസ്കരിക്കുക എന്നതിലുപരി മാലിന്യങ്ങളുടെ പുനരുപയോഗ സാധ്യതകള്‍ കൂടിപരിശോധിച്ചാണ് ഇവരുടെ പ്രവർത്തനങ്ങൾ. 2017 ഒക്ടോബറിലാണ് കുടുംബശ്രീയുടെ നേതൃത്വത്തിൽ ഹരിയാലിക്ക് തുടക്കമിട്ടത്. സൊസൈറ്റി ആക്ടനുസരിച്ച് രജിസ്റ്റര്‍ ചെയ്താണ് പ്രവർത്തിക്കുന്നത്.
തുടക്കത്തിൽ 60 പേരടങ്ങുന്ന ടീം ഇപ്പോൾ 90 അംഗങ്ങളുള്ള പ്രസ്ഥാനമായി വളർന്നു. നഗരസഭയിലെ വാർഡുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട കുടുംബശ്രീ അംഗങ്ങളാണിവർ. ബോണസ്, ഇൻഷുറൻസ്, പെൻഷൻ തുടങ്ങി തൊഴിലാളി സൗഹൃദ ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നുണ്ട്. ഹരിയാലി എന്നാൽ പച്ചപ്പ് എന്നർഥം. ഇവരുടെ പ്രവർത്തനങ്ങൾ അറിയാനും പഠിക്കാനുമായി സഞ്ചാരികളും വിദേശ സർവകലാശാലകളിൽ നിന്നുള്ള ഗവേഷകരും എത്തുന്നുണ്ട്.
160 തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും 20 സംസ്ഥാനങ്ങളിൽ നിന്നും ഹരിയാലിയിൽ നിന്ന് പഠിച്ച് പകർത്താൻ എത്തുകയുണ്ടായി. രാവിലെ എട്ടിന് തുടങ്ങും ഇവരുടെ ജോലി. മാലിന്യ ശേഖരണവും വേർതിരിക്കലും മൂന്നരയാവുമ്പോഴേക്കും കഴിയും. മാലിന്യങ്ങൾ ഇവിടെയെത്തിക്കാൻ ഇവർക്ക് സ്വന്തമായി ഒരു വാഹനവുമുണ്ട്.
നഗരസഭയിലെ 47 വാര്‍ഡുകളിലുമുള്ള എണ്ണായിരത്തോളം വീടുകളില്‍നിന്നാണ് ഹരിയാലി പ്രവര്‍ത്തകരുടെ അജൈവ മാലിന്യ ശേഖരണം. കടകളില്‍ നിന്നും ഇവർ മാലിന്യങ്ങള്‍ ശേഖരിക്കുന്നുണ്ട്. മാലിന്യം എടുക്കുന്ന വീടുകളിലും കടകളിലും ഓരോ കാർഡും നല്‍കും. എല്ലാ മാസവും കൃത്യമായി അതില്‍ വിവരങ്ങള്‍ രേഖപ്പെടുത്തും.
മാസത്തില്‍ ഒരു തവണയാണ് ഓരോ വാർഡുകളിലും എത്തുക. വീടുകളിൽ നിന്ന് 50 രൂപയും കടകളില്‍ നിന്ന് 100 രൂപയുമാണ് ഫീ ആയി വാങ്ങുന്നത്. മൂന്നു ചാക്കുകളാണ് പരമാവധി 50 രൂപക്ക് എടുക്കുക. അതില്‍ക്കൂടുതല്‍ വന്നാല്‍ അതിനനുസരിച്ച് തുക ഈടാക്കും. ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റി സെന്ററില്‍ എത്തിക്കും. തുടർന്ന് മാലിന്യങ്ങള്‍ വേർതിരിച്ച് വിവിധ ഏജൻസികൾക്ക് കൈമാറുകയാണ് പതിവ്.
നഗരസഭ ഹരിയാലി ഗ്രീൻ ടെക്നോളജി സെന്ററിൽ എൽ.ഇ.ഡി ബൾബ് നിർമാണവും റിപ്പയറിങ്ങും ഹരിത സേനയുടെ മറ്റൊരു സംരംഭമാണ്.
ജല പരിശോധന, മണ്ണ് പരിശോധന, ടയറുകളിൽനിന്നും പഴയ ഫ്രിഡ്ജിൽനിന്നും ഫർണിച്ചർ, പൊട്ടിയ ടൈലുകളിൽ നിന്ന് പൂച്ചട്ടി തുടങ്ങി പൊതു പരിപാടികളിൽ ഹരിത ചട്ടം പാലിക്കാൻ ഭക്ഷണം കഴിക്കാനും ഉപയോഗിക്കാനുമുള്ള സാധനങ്ങൾ ഇവർ വിതരണം ചെയ്യുന്നുണ്ട്. സാധാരണക്കാർക്ക് തികച്ചും സൗജന്യ സേവനമാണ് ഇവർ ഒരുക്കുന്നത്. സംസ്ഥാനത്തിന് തന്നെ മാതൃകയായ ഹരിയാലിയെ തേടി നിരവധി പുരസ്കാരങ്ങളാണ് എത്തിയത്.
(തുടരും)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.