വടകര: സ്വകാര്യ ബസ് തൊഴിലാളികൾ സമയക്രമത്തെച്ചൊല്ലി ബസ് സ്റ്റാൻഡിൽ ഏറ്റുമുട്ടുന്നത് പതിവാകുന്നു. ഇവിടെ ബസുകളുടെ വേഗം നിയന്ത്രിക്കുന്നത് മാനേജർമാരാണ്. കോഴിക്കോട്-കണ്ണൂർ റൂട്ടിൽ സർവിസ് നടത്തുന്ന സ്വകാര്യ ബസുകളിലെ തൊഴിലാളികളും ഇവരെ നിയന്ത്രിക്കുന്ന മാനേജർമാരുമാണ് വടകര പുതിയ സ്റ്റാൻഡിൽ പതിവായി വാക്കേറ്റവും പോർവിളിയും നടത്തുന്നത്.
മറ്റ് സ്റ്റാൻഡുകളിലെ സ്ഥിതിയും ഭിന്നമല്ല. സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റ് ഉണ്ടെങ്കിലും പലപ്പോഴും പൊലീസിനുപോലും ഇവരെ നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയാണ്. 10 മുതൽ 20 വരെ ബസുകൾ നിയന്ത്രിക്കാൻ സ്റ്റാൻഡുകളിൽ മാനേജർമാരുണ്ട്. ഇവർ മൊബൈൽ ഫോൺ വഴി കൈമാറുന്ന വിവരങ്ങൾക്കനുസരിച്ചാണ് ബസ് ഡ്രൈവർമാർ വേഗം നിയന്ത്രിക്കുന്നത്.
മുന്നിലും പിന്നിലുമായി സഞ്ചരിക്കുന്ന ബസുകളുടെ വിവരങ്ങൾ യഥാസമയം കൈമാറുമ്പോൾ ഇതിനനുസരിച്ചാണ് ഡ്രൈവർമാരുടെ ഓട്ടം. ഇത് പലപ്പോഴും മത്സര ഓട്ടമാവുകയും സമയക്രമം പാലിക്കപ്പെടാതെ പോകുകയും ബസ് സ്റ്റാൻഡിലെത്തുമ്പോൾ കൈയാങ്കളിയിലും സംഘർഷത്തിലേക്ക് നീങ്ങുകയുമാണ് പതിവ്.
ദേശീയപാത നിർമാണ പ്രവൃത്തി നടക്കുന്നതിനാൽ ഗതാഗതക്കുരുക്ക് സ്വകാര്യ ബസുകളെ വലക്കുന്നുണ്ട്. ഇതിനിടെയാണ് കൈയാങ്കളിയും സംഘട്ടനവും നടക്കുന്നത്. മത്സരയോട്ടം പലപ്പോഴും അപകടത്തിനും ഇടയാക്കുന്നുണ്ട്.
വടകര-തൊട്ടിൽപാലം റൂട്ടിലെ സ്ഥിതിയും ഭിന്നമല്ല. സ്റ്റാൻഡുകളിലെത്തുമ്പോൾ തൊഴിലാളികൾ നേർക്കുനേർ വരുന്നത് യാത്രക്കാർ തടയേണ്ട അവസ്ഥയാണ്. വടകര പഴയ സ്റ്റാൻഡിലും സമയക്രമത്തെ ചൊല്ലിയുള്ള ഏറ്റുമുട്ടൽ അടുത്തിടെ വർധിച്ചിട്ടുണ്ട്. പൊലീസിന്റെയും ഗതാഗത വകുപ്പിന്റെയും ഇടപെടൽ ആവശ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.