വടകര: ജില്ല ആശുപത്രിയിൽ കാരുണ്യ മെഡിക്കൽ ഷോപ്പിൽ അവശ്യമരുന്നുകൾ ലഭിക്കുന്നില്ല. കിഡ്നി രോഗികൾ ഉൾപ്പെടെ ഗുരുതര രോഗികൾക്കുള്ള മരുന്നുകളാണ് കാരുണ്യ ഷോപ്പിൽനിന്ന് ലഭിക്കാത്തത്.
മരുന്നുകൾ ലഭിക്കാതായതോടെ സ്വകാര്യ മെഡിക്കൽ ഷോപ്പുകളെയാണ് രോഗികൾ ആശ്രയിക്കുന്നത്. ജില്ല ആശുപത്രി ധന്വന്തരി ഡയാലിസിസ് സെന്ററിൽ ദിനംപ്രതി നിരവധി പേരാണ് ഡയാലിസിസിന് വിധേയമാകുന്നത്. കാരുണ്യയിൽനിന്ന് മരുന്ന് ലഭിക്കാത്തത് വൻ സാമ്പത്തികബാധ്യതയാണ് രോഗികൾക്ക് വരുത്തുന്നത്.
കാരുണ്യ മെഡിക്കൽ ഷോപ്പുകൾക്ക് ആശുപത്രിയുമായി ബന്ധമില്ലെങ്കിലും അടിസ്ഥാന സൗകര്യമൊരുക്കി നൽകിയത് പാവപ്പെട്ട രോഗികൾക്ക് ആശ്രയമാവാനാണ്. എന്നാൽ,
പല മരുന്നുകളും ലഭിക്കുന്നില്ലെങ്കിൽ കാരുണ്യ ഷോപ് എന്തിന് എന്ന ചോദ്യമുയരുന്നുണ്ട്. ജില്ല കേന്ദ്രങ്ങളിലുള്ള കാരുണ്യ മെഡിക്കൽ ഷോപ്പുകളിൽ ആവശ്യത്തിന് മരുന്ന് ലഭിക്കുമ്പോൾ താഴേക്കിടയിൽ പ്രവർത്തിക്കുന്ന ഷോപ്പുകളെ അവഗണിക്കുന്നതാണ് പല മരുന്നുകളുടെയും ക്ഷാമത്തിനിടയാക്കുന്നതെന്ന് സൂചനയുണ്ട്. ആശുപത്രിയിൽനിന്ന് ഡോക്ടർമാർ കുറിക്കുന്ന മരുന്നുകൾ കാരുണ്യവഴി ലഭ്യമാക്കിയാൽ രോഗികൾക്ക്
ഏറെ ആശ്രയമാവുമെങ്കിലും മരുന്നുകൾ ലഭിക്കാത്തത് സ്വകാര്യ ഷോപ്പുകൾക്ക് ചാകരയാണ്. കാരുണ്യയുടെ തുടക്കത്തിൽ ആശുപത്രി ഫാർമസിയിൽനിന്ന് ലഭിക്കാത്ത മരുന്നുകൾ ലഭ്യമായിരുന്നു. പിന്നീട് പല മരുന്നുകളും അപ്രത്യക്ഷമാവുകയും ചിലപ്പോൾ ലഭിക്കുന്ന അവസ്ഥയിലേക്ക് ചുരുങ്ങുകയുമുണ്ടായി.
ജീവിതശൈലീരോഗങ്ങൾക്കുൾപ്പെടെയുള്ള മരുന്നുകൾക്കും കാരുണ്യ മരുന്ന് ഷോപ്പുകളെയാണ് ആശ്രയിച്ചിരുന്നത്. രോഗികൾക്ക് തണലാവാൻ തുടങ്ങിയ പദ്ധതി സ്വകാര്യ ഷോപ്പുകൾക്ക് അനുകൂലനടപടി സ്വീകരിക്കുന്നതാണ് മരുന്നുകളുടെ ദൗർലഭ്യതക്ക് ഇടയാക്കുന്നതെന്ന് ആക്ഷേപമുണ്ട്. കാര്യക്ഷമമായി കാരുണ്യ മെഡിക്കൽ ഷോപ്പുകൾ പ്രവർത്തിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.