വടകര: വടകര പാലോളിപ്പാലം 31ാം വാർഡിലെ നാലോളം പട്ടികജാതി കുടുംബങ്ങൾ താമസിക്കുന്ന വീടുകളിലേക്ക് വഴിയൊരുക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നിയമസഭയിൽ കെ.കെ. രമ എം.എൽ.എ ആവശ്യപ്പെട്ടു. ചോദ്യോത്തര വേളയിലാണ് വിഷയം സഭയിൽ ഉന്നയിച്ചത്. തുടർന്ന് വകുപ്പുമന്ത്രിയെ നേരിൽ കണ്ടു കാര്യങ്ങൾ ബോധ്യപ്പെടുത്തി കത്ത് നൽകിയതായി എം.എൽ.എ പറഞ്ഞു.
ഈ സ്ഥലത്തെ എറങ്കയിൽ വീട്ടിൽ താമസിക്കുന്ന ബിന്ദു നൽകിയ പരാതിയും മാധ്യമ വാർത്തയിലൂടെയുമാണ് വിഷയം ശ്രദ്ധയിൽപെടുന്നത്. പരാതി ലഭിച്ചതിനെ തുടർന്ന് സ്ഥലം സന്ദർശിച്ച് പ്രശ്നത്തിന്റെ ഗൗരവം ബോധ്യപ്പെട്ടിരുന്നതായും എം.എൽ.എ പറഞ്ഞു.
വർഷങ്ങളായി തുറന്നിട്ട അഴുക്കുചാലിനോടു ചേർന്നുള്ള വീടുകളിലാണ് പ്രദേശവാസികൾ താമസിക്കുന്നത്. ദുർഗന്ധവും മാലിന്യവും പേറുകയാണിവർ. വീട്ടിലിരുന്ന് സ്വസ്ഥമായി ഭക്ഷണം കഴിക്കാനോ കുട്ടികൾക്ക് പഠിക്കാനോ കഴിയാത്ത സാഹചര്യമാണ്. ദേശീയപാത വികസനത്തിന്റെ പണി നടക്കുന്നതിനാൽ അഴുക്കുചാലിൽ വെള്ളം കെട്ടിക്കിടന്ന് കൊതുകു പെരുകുന്നതായും നാട്ടുകാർ പറയുന്നു. ചാലിന് മുകളിലൂടെ കോൺക്രീറ്റ് സ്ലാബ് ഇട്ട് ഡ്രെയ്നേജ് കം ഫുട്പാത്ത് നിർമിച്ചാൽ വഴിപ്രശ്നത്തിനും മാലിന്യ പ്രശ്നത്തിനും ഒരേസമയം പരിഹാരമാകും.
പലതവണയായി ഇത് അധികാരികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടും ശാശ്വത പരിഹാരം കണ്ടില്ലെന്നാണ് പരാതി. ഒരു പ്രദേശത്ത് കുറഞ്ഞത് അഞ്ചു പട്ടികജാതി ഗുണഭോക്താക്കൾ ഉണ്ടെങ്കിൽ മാത്രമേ പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് പ്രവൃത്തി നടത്താൻ പറ്റൂ എന്നതാണ് സാങ്കേതിക തടസ്സമായി നിലനിൽക്കുന്നത്. അഞ്ചു വീടുകൾ ഇല്ലെന്ന പേരിൽ ശേഷിക്കുന്ന നാല് കുടുംബങ്ങളെ ദുരിതാവസ്ഥയിലേക്ക് തള്ളിവിടരുതെന്നും ഇതൊരു പ്രത്യേക പ്രശ്നമായി പരിഗണിച്ച് അനുകൂല നിലപാട് സ്വീകരിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടതായി എം.എൽ.എ പറഞ്ഞു.
പട്ടികജാതി വിഭാഗങ്ങൾക്കായുള്ള ഫണ്ട് വിനിയോഗം കുറേക്കൂടി കാര്യക്ഷമമായി നടത്താനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായും പ്രശ്നം അനുഭാവപൂർവം പരിഗണിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായും കെ.കെ. രമ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.